പാലക്കാട് ∙ വൈദ്യുതി ബിൽ ആര് അടയ്ക്കുമെന്ന തർക്കത്തിനിടെ കെഎസ്ഇബി ഫ്യൂസ് ഊരിയതോടെ ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഒരു മാസത്തോളമായി വെള്ളവും വെളിച്ചവും ഇല്ല. കണ്ണാടി കുടുംബാരോഗ്യകേന്ദ്രത്തിനു കീഴിൽ, ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും കുത്തിവയ്പുകളും പരിശോധനകളും നടത്തേണ്ട
ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററാണ് ഇരുട്ടിലായത്.
മെഴുകുതിരിയുടെയും മൊബൈൽ ഫോണിന്റെയും വെളിച്ചത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. വരാന്തയിൽ വച്ചാണു കുട്ടികൾക്കു കുത്തിവയ്പെടുക്കുന്നത്.
കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾക്കായി കുഞ്ഞുങ്ങൾ, കൗമാരക്കാർ, ഗർഭിണികൾ തുടങ്ങിയവരുടെ കുത്തിവയ്പുകൾ, ജീവിതശൈലി രോഗ നിർണയം, വിവിധ ആരോഗ്യവിവരങ്ങളുടെ ശേഖരണം തുടങ്ങിയവയാണ് സബ് സെന്ററിന്റെ ചുമതല. മരുന്നും വാക്സീനും സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനവും ഇവിടെയാണ്.
സബ് സെന്ററിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സും (ജെപിഎച്ച്എൻ) ഔദ്യോഗിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി സബ് സെന്ററിലാണു താമസിക്കുന്നത്.
കണ്ണാടി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ് വൈദ്യുതി ബില്ലെങ്കിലും ചെറിയ തുകയായിരുന്നതിനാൽ ജെപിഎച്ച്എൻ ആണു പണമടച്ചിരുന്നത്. എന്നാൽ, സെന്ററിൽ കൂടുതൽ വൈദ്യുതി ഉപകരണങ്ങൾ വന്നതോടെ ബിൽ കൂടി.
നവംബറിൽ ചുമതലയേറ്റ ഇപ്പോഴത്തെ ജെപിഎച്ച്എൻ 11,000 രൂപ വരെ വൈദ്യുതി നിരക്കായി അടച്ചു. ഇതു ഭാരമായതോടെ അവർ പണമടയ്ക്കാൻ വിസമ്മതിച്ചു.
തുടർന്നു രണ്ടു മാസം അടച്ച പഞ്ചായത്തും ഇനി അടയ്ക്കാൻ തയാറല്ല.
തങ്ങൾക്കു കീഴിലുള്ള സ്ഥാപനമായ കുടുംബാരോഗ്യകേന്ദ്രത്തിന് ഇത്തരം ചെലവുകൾ നടത്താൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് പറയുന്നത്. എന്നാൽ, ജെപിഎച്ച്എൻ താമസിച്ചു ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ബിൽ തങ്ങൾക്ക് അടയ്ക്കാൻ കഴിയില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
പണം അടച്ചാൽ ഓഡിറ്റ് ഒബ്ജക്ഷൻ വരുമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. താൻ താമസിക്കുന്ന ഭാഗത്തിനും ഓഫിസിന്റെ ഭാഗത്തിനും പ്രത്യേകം മീറ്റർ വയ്ക്കണമെന്നും തന്റെ ഭാഗത്തെ ബിൽ മാത്രം അടയ്ക്കാമെന്നും ജെപിഎച്ച്എൻ പറഞ്ഞെങ്കിലും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]