ലക്കിടി ∙ വീട്ടിൽ ആളില്ലാതിരുന്ന സമയം വീടിന്റെ വാതിൽ തകർത്തു മോഷണം. ലക്കിടിപേരൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിനു സമീപം ‘രഞ്ജുകൃഷ്ണ’യിൽ രാധാകൃഷ്ണന്റെ വീട്ടിലാണ് കവർച്ച നടന്നത്.
രാധാകൃഷ്ണനും ഭാര്യ രമണിയും ബെംഗളൂരുവിലെ സുഹൃത്തിന്റെ അടുത്തേക്കു യാത്ര പോയ സമയത്താണ് മോഷണം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവരും വീടു പൂട്ടി പോയത്.
ഇന്നലെ രാവിലെ പത്തരയ്ക്ക് ജോലിക്കാരി വീട് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ച നിലയിൽ കണ്ടത്.
തുടർന്ന് അയൽക്കാരെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. ഒറ്റപ്പാലം പൊലീസിൽ അറിയിച്ചതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഉച്ചകഴിഞ്ഞ് വീട്ടുടമ തിരിച്ചെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്.
മുകൾനിലയിലെ മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നര പവന്റെ സ്വർണാഭരണങ്ങളും 1500 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി. രണ്ടേകാൽ പവന്റെ മാലയും ഒന്നേകാൽ പവന്റെ വളയുമാണ് നഷ്ടമായത്.
വീടിന്റെ നാലു ഭാഗത്തും സ്ഥാപിച്ച സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിലാണ്.
വീടിനകത്തെ സിസിടിവിയുടെ ഹാർഡ് ഡിസ്കും നഷ്ടപ്പെട്ടിട്ടുണ്ട്. ക്യാമറകൾ നശിപ്പിച്ച നിലയിൽ സമീപത്തു നിന്നു കണ്ടെടുത്തു.
മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് അകത്തു കടന്നിരിക്കുന്നത്.മോഷണം എന്നാണു നടന്നതെന്നു വ്യക്തമല്ല. വീടിന്റെ പിൻവശത്ത് സൂക്ഷിച്ചിരുന്ന കൊടുവാൾ മുറിയിൽ ഉപേക്ഷിച്ച നിലയിലാണ്.
ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]