ഒറ്റപ്പാലം ∙ അസുഖമില്ലെന്നറിയിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നു തിരിച്ചയയ്ക്കപ്പെട്ട വയോധികന്റെ കണ്ണിൽ നിന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തു.
10 സെന്റീമീറ്റർ നീളമുള്ള വിരയെയാണ് എറണാകുളം സ്വദേശിയുടെ കണ്ണിൽ നിന്നു നീക്കം ചെയ്തത്. താലൂക്ക് ആശുപത്രിയിൽ ഇതിനു മുൻപു നടന്ന സമാനമായ ശസ്ത്രക്രിയയുടെ വാർത്തയറിഞ്ഞാണ് എഴുപതുകാരൻ ദൂരയാത്ര ചെയ്ത് ഒറ്റപ്പാലത്തെത്തിയത്.
കണ്ണിൽ തടിപ്പ് അനുഭവപ്പെട്ടതിനെ തുടർന്നാണ് വയോധികൻ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയെ സമീപിച്ചത്. അവിടെ പരിശോധിച്ച ഡോക്ടർ അസ്വാഭാവികതകളൊന്നുമില്ലെന്നും അസ്വസ്ഥത വെറുതേ തോന്നുന്നതാകുമെന്നും പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. തടിപ്പു പോലെ അനുഭവപ്പെട്ട
ഭാഗത്തു പിന്നീട് അസ്വസ്ഥതകൾ വർധിച്ചു. ഇതിനിടെയാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മുൻപു സമാനമായ അസ്വസ്ഥതകളുമായെത്തിയ മൂന്നരവയസ്സുകാരിയുടെ കണ്ണിൽ നിന്നു വിരയെ നീക്കിയ വാർത്തകൾ ഇവരുടെ ശ്രദ്ധയിൽപെട്ടത്.
പിന്നാലെ ഇവർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ നേത്രചികിത്സാ വിഭാഗത്തിൽ ചികിത്സ തേടുകയായിരുന്നുവെന്നു സൂപ്രണ്ട് ഡോ.
ഷിജിൻ ജോൺ ആളൂർ അറിയിച്ചു. ഡോ.
എം.അണിമയും ഡോ. ടി.വി.സിത്താരയും ചേർന്നു നടത്തിയ വിശദമായ പരിശോധനയിലാണു കൺപോളയുടെ അകത്തു ഡൈറോഫിലേറിയ എന്ന വിരയുടെ സാന്നിധ്യം കണ്ടെത്തിയത്.
കഴിഞ്ഞ ജൂൺ അഞ്ചിന് ഇതേ ഡോക്ടർമാർ ഉൾപ്പെട്ട സംഘമാണു മൂന്നര വയസ്സുകാരിയുടെ കണ്ണിൽ നിന്നു മൂന്നര സെന്റീമീറ്ററോളം നീളമുള്ള വിരയെ നീക്കം ചെയ്തിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]