വാളയാർ ∙ കണ്ണിനേറ്റ പരുക്കിൽ കാഴ്ച കുറഞ്ഞതിനെത്തുടർന്നു വനംവകുപ്പു മയക്കുവെടിവച്ചു പിടികൂടി ചികിത്സ നൽകി വിട്ടയച്ച പി.ടി അഞ്ചാമൻ (ചുരുളിക്കൊമ്പൻ) കാട്ടാന വീണ്ടും ജനവാസ മേഖലയിൽ. ജനവാസ മേഖലയോടു ചേർന്ന റെയിൽവേ ട്രാക്കിലേക്കു കയറിയ ആന രക്ഷപ്പെട്ടതു ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിൽ.
ഇന്നലെ രാവിലെ ചെല്ലങ്കാവിനു സമീപമാണു സംഭവം. പാലക്കാട്– കോയമ്പത്തൂർ മെമു ട്രെയിനാണ് 10 മിനിറ്റിലേറെ നിർത്തിയിട്ടത്.
ട്രെയിനിനു മുന്നിലേക്ക് ആന നടന്നെത്തുന്നതു കണ്ട് ലോക്കോപൈലറ്റ് ശ്രമകരമായി ട്രെയിൻ നിർത്തുകയായിരുന്നു.
ആന റെയിൽവേ ട്രാക്ക് കുറുകെക്കടന്ന് പോയ ശേഷമാണു ട്രെയിൻ സർവീസ് ആരംഭിച്ചത്. തുടർന്നാണ് ആന ജനവാസ മേഖലയിലേക്കും കടന്നെത്തിയത്.
ചെല്ലങ്കാവ്, പയറ്റുക്കാട്, കൊട്ടാമുട്ടി തുടങ്ങിയ മേഖലകളിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം ജി.പ്രത്യുഷ്കുമാറിന്റെ വീട്ടുവളപ്പിലെത്തിയ ആന ഇവിടെയും കൃഷി നശിപ്പിച്ചിട്ടുണ്ട്.
വനംവകുപ്പിന്റെ തുടർച്ചയായ നിരീക്ഷണമുള്ളതിനാൽ ആനയെ കൂടുതൽ വാച്ചർമാരെത്തി പടക്കംപൊട്ടിച്ച് ഉൾക്കാട്ടിലേക്കു തുരത്തി.
കഴിഞ്ഞ ഒരു മാസമായി മലമ്പുഴയിലും കോങ്ങാട്ട് പാടത്തുമായി നിലയുറപ്പിച്ചിരുന്ന ഒറ്റയാൻ രണ്ടുദിവസമായി കഞ്ചിക്കോട് ജനവാസ മേഖലയിലെത്തിയിട്ട്. രണ്ടാഴ്ച മുൻപു പി.ടി– 14 എന്ന ഒറ്റയാനും പ്രത്യുഷ്കുമാറിന്റെയും, ബന്ധുവും മുൻ ബ്ലോക്ക് മെംബറുമായ ജി.പ്രഭാകരന്റെയും വീട്ടിലും പറമ്പിലുമെത്തി വ്യാപക കൃഷിനാശമുണ്ടാക്കിയിരുന്നു.
തുടർച്ചയായി ആനകളുടെ ആക്രമണത്തിൽ പൊറുതിമുട്ടിയിരിക്കുകയാണു കഞ്ചിക്കോട് ജനവാസ മേഖല. മാസങ്ങൾക്കു മുൻപാണ് ഇവിടെ നിന്നു തമിഴ്നാട് കൊമ്പനെന്ന കാട്ടാനയെ വനത്തിലേക്കു തുരത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]