പാലക്കാട് ∙ എപ്പോഴും ചിരിച്ചുകൊണ്ടു മാത്രം കണ്ടിരുന്ന പ്രിയപ്പെട്ട അധ്യാപികയുടെ മുഖത്തേക്ക് നോക്കാനാവാതെ വിതുമ്പുകയായിരുന്നു ഇന്നലെ ചക്കാന്തറയിലെ വീടിനുമുൻപിൽ കാത്തുനിന്ന വിദ്യാർഥികൾ.
കഴിഞ്ഞദിവസം സ്കൂട്ടർ നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ മരിച്ച കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ അധ്യാപിക ഡോ.എൻ.എ.ആൻസിയുടെ (36) മൃതദേഹം വീട്ടിലെത്തിക്കുമ്പോൾ കണ്ടുനിന്നവരുടെയാകെ ഉള്ളുലഞ്ഞു.
നാലാംക്ലാസിലും യുകെജിയിലുമായി പഠിക്കുന്ന മക്കളെയും ഭർത്താവിനെയും തനിച്ചാക്കിയാണ് ആൻസിയുടെ വിടവാങ്ങൽ. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് പാലക്കാട് ചക്കാന്തറയിലെ വീട്ടിലെത്തിച്ചത്.
പ്രിയപ്പെട്ട ആൻസി മിസ്സിനെ കാണാൻ നേരത്തേ തന്നെ വിദ്യാർഥികൾ വീട്ടിലേക്കെത്തിയിരുന്നു.
പൂർവ വിദ്യാർഥികളും സഹപ്രവർത്തകരും അയൽവാസികളുമെല്ലാം വിതുമ്പലടക്കാൻ പാടുപെട്ടു. കോളജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം.
ഇതോടെ രണ്ടുദിവസങ്ങളിലായി നടത്താനുദ്ദേശിച്ചിരുന്ന കോളജിലെ ഓണാഘോഷങ്ങളെല്ലാം ഉടൻ റദ്ദാക്കി.
തിങ്കളാഴ്ച രാവിലെ 10.50ന് കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്ഷനു സമീപത്തായിരുന്നു അപകടം. ആൻസിയുടെ സ്കൂട്ടർ നിയന്ത്രണം തെറ്റി ഡിവൈഡറിലും സുരക്ഷാകവചമായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പു കമ്പികളിലും ഇടിച്ചുകയറി സർവീസ് റോഡിലേക്ക് തെറിച്ചുവീണെന്നാണ് പ്രാഥമിക നിഗമനം.
പാലക്കാട് സ്റ്റേഡിയം റോഡ് മാങ്കാവ് വീട്ടിൽ ആന്റണി നീലങ്കാവിന്റെയും പരേതയായ ബേബിയുടെയും മകളാണ്. ഭർത്താവ്: ചക്കാന്തറ കൈക്കുത്തുപറമ്പ് ആലുക്കാപറമ്പിൽ വിപിൻ.
ഓസ്റ്റിൻ, ആൽസ്റ്റിൻ എന്നിവരാണു മക്കൾ. ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കാരം നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]