
ലക്കിടി ∙ മഹാകവി കുഞ്ചൻ നമ്പ്യാരുടെ സ്മരണകൾ നിറഞ്ഞ കിള്ളിക്കുറുശ്ശിമംഗലത്തെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ സർക്കാരിന്റെ അനാസ്ഥ തുടരുന്നു. കെട്ടിടത്തിന്റെ ശോച്യാവസ്ഥയെ തുടർന്നു സ്മാരകത്തിൽ സന്ദർശകർക്കു വിലക്കേർപ്പെടുത്തി.
കലക്കത്ത് ഭവനത്തിന്റെ അറ്റകുറ്റപ്പണിയുടെ പേരിലാണ് ആഴ്ചകളായി സന്ദർശകരുടെ പ്രവേശനം തടഞ്ഞിരിക്കുന്നത്. ചോർന്നൊലിക്കുന്ന മേൽക്കൂരയും അടർന്നു നിൽക്കുന്ന ചുമരുകളും സ്മാരകത്തിന്റെ ദുരിതക്കാഴ്ചയാണ്.
അറ്റകുറ്റപ്പണിക്കായി സർക്കാർ തുക ഇതുവരെയും അനുവദിച്ചിട്ടില്ല.
2024ലെ ബജറ്റിൽ അനുവദിച്ച 1.96 കോടി രൂപയുടെ സഹായം കാത്തിരിക്കുകയാണു ഭരണസമിതിയും നാട്ടുകാരും. ആദ്യ ഗഡു ഉടൻ ലഭിക്കുമെന്നും അതു ലഭ്യമാകുന്ന മുറയ്ക്കു കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ആരംഭിക്കുമെന്നും സെക്രട്ടറി എൻ.എം.
നാരായണൻ നമ്പൂതിരി പറഞ്ഞു. സ്മാരകത്തിൽ പ്രവർത്തിക്കുന്ന കലാപീഠത്തിൽ തുള്ളൽ, മോഹിനിയാട്ടം, മൃദംഗം, ശാസ്ത്രീയ സംഗീതം എന്നീ കലാവിഭാഗങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്.
കെട്ടിടം ബലപ്പെടുത്തുന്നതിനു നടപടി വൈകുകയാണെന്നു നാട്ടുകാർ ആരോപിക്കുന്നു. ഭരണസമിതിയുടെ മേൽനോട്ടത്തിൽ നടത്തിയ അറ്റകുറ്റപ്പണികളാണു കെട്ടിടത്തെ ഇതുവരെ പിടിച്ചുനിർത്തിയത്.
മേൽക്കൂരയിൽ പല സ്ഥലത്തും പ്ലാസ്റ്റിക് കെട്ടിയാണു ചോർച്ച തടയുന്നത്. സ്മാരകത്തിലെ ജീവനക്കാർക്കും ശമ്പളം നൽകാനുണ്ട്.
സാംസ്കാരിക വകുപ്പ് അനുവദിക്കുന്ന 5 ലക്ഷം രൂപയുടെ ഗ്രാൻഡ് ഉപയോഗിച്ചാണു സ്മാരകത്തിന്റെ പ്രവർത്തനം. .
5 മാസത്തിലധികമായി ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളം മുടങ്ങിയിരിക്കുകയാണ്.
സ്മാരകം സന്ദർശിക്കാനെത്തുന്നവരിൽ നിന്നു പിരിച്ചെടുക്കുന്ന സന്ദർശക ഫീസാണ് അടിസ്ഥാന കാര്യങ്ങൾക്കു ചെലവഴിക്കുന്നത്. അറ്റകുറ്റപ്പണിയുടെ പേരിൽ സന്ദർശകർക്കു വിലക്ക് ഏർപ്പെടുത്തിയതോടെ ദൂര പ്രദേശങ്ങളിൽ നിന്നെത്തുന്നവർ മടങ്ങിപ്പോകുന്നതും പതിവായി. കെട്ടിടത്തിന്റെ ദുരവസ്ഥ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]