
പറമ്പിക്കുളം അണക്കെട്ട് കനത്ത മഴ പെയ്തിട്ടും നിറയുന്നില്ല; പരമാവധി വെള്ളം കോണ്ടൂരിലൂടെ കൊണ്ടുപോയി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുതലമട ∙ ശക്തമായ മഴ പെയ്യുന്ന കാലത്തും പറമ്പിക്കുളം അണക്കെട്ടിലെ ജലനിരപ്പ് പൂർണ സംഭരണ ശേഷിക്കു 16 അടിയോളം താഴെ. നാലുദിവസം മുൻപു വരെ പറമ്പിക്കുളം അണക്കെട്ടിൽ നിന്നു കോണ്ടൂർ കനാൽ വഴി തിരുമൂർത്തി അണക്കെട്ടിലേക്കു തമിഴ്നാട് വെള്ളം കൊണ്ടുപോയിരുന്നു. ഇതാണു ശക്തമായ മഴയുടെ പ്രയോജനം പറമ്പിക്കുളം അണക്കെട്ടിന്റെ ജലനിരപ്പിൽ കാണാത്തത്. 1825 അടി സംഭരണ ശേഷിയുള്ള അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 1809 അടിയാണ്. 1770 അടി സംഭരണ ശേഷിയുള്ള പറമ്പിക്കുളത്തെ തൂണക്കടവ് അണക്കെട്ടിൽ ഇന്നലെ 1765.50 അടി വെള്ളമുണ്ട്. തൂണക്കടവിൽ നിന്നു സർക്കാർപതി ടണൽ വഴി വെള്ളമെത്തുന്ന ആളിയാർ അണക്കെട്ടിൽ ഇന്നലത്തെ ജലനിരപ്പ് 1044.50 അടിയാണ്. 1050 അടിയാണ് പൂർണ സംഭരണ ശേഷി.
ആളിയാർ നിന്നുള്ള വെള്ളമാണു മണക്കടവ് വിയർ വഴി സംസ്ഥാനത്തിനു ലഭിക്കുന്നത്. തമിഴ്നാട് ഷോളയാറിലെ രണ്ടാം പവർ ഹൗസിൽ നിന്നുള്ള വെള്ളം കേരള ഷോളയാറിലേക്കാണ് ഒഴുകുന്നത്. കേരള ഷോളയാർ അണക്കെട്ടിൽ ഇന്നലെ 2633.50 അടി വെള്ളമുണ്ട്. 2663 അടിയാണു പരമാവധി സംഭരണ ശേഷി. 3295 അടി പൂർണ സംഭരണ ശേഷിയുള്ള തമിഴ്നാട് ഷോളയാറിൽ ഇന്നലെ 3290.87 അടി വെള്ളമുണ്ട്. ഇൗ അണക്കെട്ടിലെ ജലനിരപ്പ് 3290 അടി പിന്നിട്ടാൽ പറമ്പിക്കുളത്തേക്കു ജലം ഒഴുകും. വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഒന്നാം പവർ ഹൗസിൽ നിന്നുള്ള വെള്ളവും പറമ്പിക്കുളത്തേക്കാണ് ഒഴുകുക.
പുതുക്കണം മുതുക്കൻ കരാർ
കാലഹരണപ്പെട്ട പറമ്പിക്കുളം – ആളിയാർ കരാർ പുതുക്കുന്നതിൽ നടപടിയില്ലാത്തതു തിരിച്ചടിയാകുന്നു. കരാർ പുതുക്കാൻ തയാറാകാത്തതിനു കാരണം മുഖ്യമന്ത്രിതല ചർച്ച യഥാസമയം നടക്കാത്തതാണെന്നാണു കർഷകരുടെ ആരോപണം. സംസ്ഥാനാന്തര നദീജല കരാർ വിഷയം മുഖ്യമന്ത്രിയാണു നോക്കേണ്ടത്. എന്നാൽ കരാർ പുതുക്കാൻ വിമുഖത കാണിക്കുന്ന തമിഴ്നാട് പറമ്പിക്കുളം അണക്കെട്ടിലെ വെള്ളം കോണ്ടൂർ കനാൽ വഴി തിരുമൂർത്തി ഡാമിലെത്തിച്ചു കാവേരി നദീതടം വരെ വെള്ളം നൽകുന്നുണ്ടെന്നു കർഷക സംഘടനകൾ പറയുന്നു.
12.5 ടിഎംസി എങ്കിലും വെള്ളം ലഭിക്കണമെന്നാണു ആവശ്യം. ഇങ്ങനെ വെള്ളം ലഭിച്ചാൽ ചിറ്റൂർപ്പുഴ പദ്ധതിയുടെ വലതുകര കനാലിലെ 8210 ഹെക്ടർ, ആർബിസിയിലെ 4740 ഹെക്ടർ, കുന്നങ്കാട്ടുപതിയുമായി ബന്ധപ്പെട്ട 1970 ഹെക്ടർ, തേമ്പാർമടക്കിലെ ആശ്രയിക്കുന്ന 3321 ഹെക്ടർ, നറണിയിലെ 431 ഹെക്ടർ, നറണി– ആലാംകടവുമായി ബന്ധപ്പെട്ട 74 ഹെക്ടർ കൃഷി ഉണങ്ങാതെ വിളവെടുക്കാൻ കഴിയും. തമിഴ്നാട് കോണ്ടൂർ കനാലിലൂടെ വെള്ളം കൊണ്ടുപോകുമ്പോഴും സംസ്ഥാനത്തിന് അർഹമായതു നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ട്. ഇതിനു പരിഹാരമാണു കാലഹരണപ്പെട്ട കരാർ പുതുക്കേണ്ടത്.
പറമ്പിക്കുളം അണക്കെട്ടുകളിലെ വെള്ളം ഉപയോഗിച്ച് ആളിയാർഡാം നിറച്ച ശേഷമാണ് കേരളത്തിന് അവകാശപ്പെട്ട 7.25 ടിഎംസി വെള്ളം തമിഴ്നാട് തരുന്നത്. ഈ ജലവർഷം അവസാനിക്കുമ്പോൾ 7.37 ടിഎംസി വെള്ളം സംസ്ഥാനത്തിനു ലഭിച്ചിട്ടുണ്ടെന്നാണു കണക്ക്. മഴയത്ത് ചിറ്റൂർ പുഴയിലൂടെ ഒഴുകിവരുന്ന വെള്ളത്തിന്റെ അളവ് കണക്കിൽ വരില്ല. പക്ഷേ, അതും കണക്കിൽ വരവുവച്ചാണ് തമിഴ്നാട് കേരളത്തിന് വെള്ളം തരുന്നതെന്ന ആരോപണം ശക്തമാണ്.