
സ്കൂൾമുറ്റവും ക്ലാസ്മുറികളുമില്ല, എങ്കിലും പ്രവേശനം ‘ഉത്സവം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മരുതറോഡ് ∙ ചായം തേച്ചുമിനുക്കിയ ചുമരുകളില്ല. ഓടിച്ചാടി നടക്കാൻ സ്കൂൾ മുറ്റവും ക്ലാസ് മുറികളും ഇല്ലെങ്കിലും ചിരിച്ചും കളിച്ചും കൂട്ടുകൂടിയും ആ കുരുന്നുകൾ പ്രവേശനോത്സവം ആഘോഷമാക്കി. പടലിക്കാട് ഗവ.എൽപി സ്കൂളിലെ വിദ്യാർഥികളാണ് പടലിക്കാട് കമ്യൂണിറ്റി ഹാളിൽ ഒരുക്കിയ താൽക്കാലിക സ്കൂളിൽ പ്രവേശനോത്സവം വർണാഭമാക്കിയത്. ഒരു കിലോമീറ്ററോളം ദൂരെയുള്ള ഇവരുടെ സ്കൂൾ മുറ്റത്ത് ഖോഖൊ സ്റ്റേഡിയവും അക്കാദമിയും നിർമിക്കുന്നതിന്റെ ഭാഗമായി പില്ലർ സ്ഥാപിക്കാൻ എടുത്ത കുഴികൾ അപകടഭീഷണി ഒരുക്കിയിരുന്നു.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തിനൊടുവിൽ എ.പ്രഭാകരൻ എംഎൽഎ ഇടപെട്ടാണ് സ്കൂളിന്റെ പ്രവർത്തനം താൽക്കാലികമായി ചീനിക്കാട് പ്രവർത്തിക്കുന്ന പടലിക്കാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേക്ക് മാറ്റിയത്. ഇന്നലെ ക്ലാസ് മുറികൾ തിരിച്ചിരുന്നില്ല. ശുചിമുറി സൗകര്യവും പരിമിതമായിരുന്നു.ഇതെല്ലാം പരിഹരിച്ച് കൂടുതൽ സൗകര്യം ഇന്നു മുതൽ ഒരുക്കാനാണ് പഞ്ചായത്തിന്റെ തീരുമാനമെന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത എ.പ്രഭാകരൻ എംഎൽഎ പറഞ്ഞു. പടലിക്കാട് സ്കൂൾ മുറ്റത്തെ നിർമാണം വേഗത്തിലാക്കി കുട്ടികളെ അങ്ങോട്ട് ഉടൻ മാറ്റുമെന്നു പഞ്ചായത്ത് അധ്യക്ഷൻ പി.ഉണ്ണിക്കൃഷ്ണനും അറിയിച്ചു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോൾ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഗോപിനാഥൻ ഉണ്ണിത്താൻ, മെംബർ സി.കൃഷ്ണകുമാരി, ഡിഡിഇ എ.ഷാബിറ, എഇഒ രമേശ് പാറപ്പുറത്ത് എന്നിവരും പങ്കെടുത്തു.