
മാസത്തിൽ കോടികളുടെ വിൽപന, അതിർത്തികൾ കടന്ന് വാളയാർ തേക്കുപെരുമ; എങ്ങനെ വാങ്ങാം?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വീടു വയ്ക്കാൻ നല്ല മരത്തടി എവിടെ കിട്ടും? നല്ല മരം വേണമെങ്കിൽ കാട്ടിൽനിന്നു തന്നെ വേണം. എന്നിട്ടു വേണം കേസും ശിക്ഷയുമായി ജയിലിലാകാൻ എന്നു ചിന്തിക്കേണ്ട. കൃത്യമായ നടപടിക്രമങ്ങളിലൂടെ ഗുണമേന്മയേറിയ മരം വനംവകുപ്പിന്റെ ഡിപ്പോ വഴി കിട്ടും. പാലക്കാട് ജില്ലയിലെ വാളയാറിലെ മരം ഡിപ്പോ ഇപ്പോൾ ഇത്തരത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മരം വിൽപന നടക്കുന്ന കേന്ദ്രമാണ്. തേക്കാണ് ഏറ്റവും കൂടുതലായി വിൽക്കപ്പെടുന്നത്. ഒപ്പം വേങ്ങ, വാക, ചടച്ചി, വെൺതേക്ക്, ഇരൂൾ, കരിമരുത്, ആഞ്ഞിലി എന്നിവയുമുണ്ട്. ചന്ദനമരത്തിന്റെ ചില്ലറ വിൽപനയും വാളയാർ ഡിപ്പോയിലുണ്ട്. 1998 ലാണ് വാളയാർ തടി ഡിപ്പോ ആരംഭിച്ചത്. വാളയാർ ഡാം റോഡിലുള്ളതും മാൻ പാർക്കിനു സമീപമുള്ള അനക്സ് ഡിപ്പോയും ചേർത്ത് 25 ഏക്കറിലാണ് തടി ഡിപ്പോ പ്രവർത്തിക്കുന്നത്.
30 കോടി രൂപയുടെ തടി വിൽപനയ്ക്കായി സൂക്ഷിച്ചിട്ടുണ്ട്. തടിവിൽപന കേന്ദ്രം ഡിഎഫ്ഒയും റേഞ്ച് ഓഫിസർ ചാർജുള്ള ഡിപ്പോ ഓഫിസറും ഫോറസ്റ്റർമാരും ക്ലാർക്കുമാരും താൽക്കാലിക ജീവനക്കാരും അടങ്ങുന്ന ടീമാണു വിൽപനയ്ക്കു നേതൃത്വം നൽകുന്നത്. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലേക്കും വാളയാറിലെ മരങ്ങളുടെ പെരുമ കടക്കുന്നതായി ഡിപ്പോ ഓഫിസർ എം.രവികുമാർ പറയുന്നു.
എങ്ങനെ മരം വാങ്ങാം
ഓൺലൈനായി വിൽപന നടത്തുന്ന സമയത്തും, വീടുപണി പോലെയുള്ള ചില്ലറ ആവശ്യങ്ങൾക്കു ഡിപ്പോയിൽ നേരിട്ടെത്തിയും മരം വാങ്ങാം. 20,000 രൂപയിൽ തുടങ്ങി ലക്ഷങ്ങൾ വരെ മൂല്യമുള്ള തടികൾ വാളയാർ ഡിപ്പോയിലുണ്ട്. തരംതിരിച്ചു സൂക്ഷിക്കുന്നതിനാൽ വേഗത്തിൽ തിരഞ്ഞെടുക്കാനാവും. തേക്കിന്റെ പ്രത്യേകത വ്യക്തമാക്കിയുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ഓൺലൈൻ വിൽപന. ലേലത്തിൽ എല്ലാ തടികളും വിൽപനയ്ക്കുണ്ടാവും.
ഓൺലൈൻ ലേല വിൽപന
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ‘മെറ്റൽ സ്ക്രാപ് ആൻഡ് ട്രേഡിങ് കമ്പനി’ എന്ന വെബ്സൈറ്റിൽ ലേലം സംബന്ധിച്ച വിവരങ്ങൾ ഉണ്ടാകും. വാങ്ങാൻ ആഗ്രഹിക്കുന്നവർ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. 595 രൂപയാണ് റജിസ്ട്രേഷൻ ഫീസ്. ലേല തീയതി വനംവകുപ്പിന്റെ സൈറ്റിലും ഗസറ്റഡ് നോട്ടിഫിക്കേഷനുമായി അറിയിക്കും. 4 ക്യുബിക് മീറ്റർ, 3 ക്യുബിക് മീറ്റർ തുടങ്ങി ഓരോ ലോട്ടായി പ്രത്യേകം തരംതിരിച്ചിട്ടുണ്ടാകും. ലേല തീയതിയിൽ തടി തിരഞ്ഞെടുത്ത് ഓൺലൈനായി പണം അടച്ച് ബുക്ക് ചെയ്യണം. ഇതിനു ശേഷം വാളയാർ ഡിപ്പോയിലെത്തി തടി വാങ്ങാം. ലേലത്തിൽ തേക്കിൻതടികൾ 200 സെന്റിമീറ്ററിനു മുകളിൽ വണ്ണമുള്ളതുവരെയുണ്ട്.
ചില്ലറവിൽപന
ചില്ലറവിൽപനയിൽ തടിയുടെ വില മുൻകൂറായി തീരുമാനിക്കും. വീടുനിർമാണ ആവശ്യത്തിനാണെങ്കിൽ വീടിന്റെ പ്ലാൻ, ബിൽഡിങ് പെർമിറ്റ്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായി വാളയാർ ഡിപ്പോയിലെത്തണം. മരം നോക്കി വില നിശ്ചയിച്ച ശേഷം ഓൺലൈനായി പണം അടയ്ക്കണം. 5 മീറ്റർ ക്യൂബ് വരെ തടി വാങ്ങാം. ഡിഎഫ്ഒ, സിസിഎഫ്, തടിവിൽപന കേന്ദ്രം ഡിഎഫ്ഒ എന്നിവരടങ്ങുന്ന സമിതിയാണു ചില്ലറവിൽപന നിയന്ത്രിക്കുക.
എങ്ങനെയാണ് മരം ഡിപ്പോയിലെത്തുന്നത്
വനംവകുപ്പിന്റെ വിവിധ പ്ലാന്റേഷനുകളിലുള്ള 60 വർഷമായ തേക്കുമരങ്ങൾ മുറിച്ചെടുത്താണ് ഡിപ്പോയിൽ എത്തിക്കുക. അട്ടപ്പാടിയിലെ പൊട്ടിക്കൽ മലനിരകളിൽ വളർന്ന തേക്കുകൾക്കാണ് കൂടുതൽ തലയെടുപ്പ്. നല്ല കാതലാണ് ഇതിന്റെ പ്രത്യേകത. നെല്ലിയാമ്പതി, മംഗലംഡാം, പോത്തുണ്ടി, മലമ്പുഴ എലിവാൽ, നെന്മാറ എന്നീ പ്ലാന്റേഷനുകളിൽ നിന്നും വാളയാറിലേക്കു തടികളെത്തും. ഇതിനു പുറമേ വാളയാറിലെ നല്ല തേക്കും ഉണ്ട്. നേരത്തെ ആനയെ ഉപയോഗിച്ചായിരുന്നു തടിപിടിത്തം. ഇപ്പോൾ ട്രാക്ടറും മറ്റും യന്ത്രസാമഗ്രികളുമാണ് ഉപയോഗിക്കുന്നത്.
മാസത്തിൽ കോടികളുടെ വിൽപന
തടിയുടെ വലുപ്പവും മേന്മയും കൂടുമ്പോൾ വിൽപന പൊടിപൊടിക്കും. ഓരോ മാസവും 2 മുതൽ 3.5 കോടി രൂപയുടെ വരെ വിൽപന നടക്കും. ഒരു ലേലത്തിൽ തന്നെ ഒരു കോടി രൂപയുടെ തടി വരെ വിറ്റുപോയിട്ടുണ്ട്. 2022 – 23 വർഷത്തിൽ 25 കോടി രൂപയുടെ വിൽപന നടന്നു. എല്ലാ വർഷവും 3000 – 4200 ഘനമീറ്റർ തേക്കുതടി വിറ്റുപോകുന്നുണ്ട്. 2023 – 24 വർഷത്തിൽ 28 കോടി രൂപയും 2024 – 25 വർഷത്തിൽ 25 കോടി രൂപയുടെയും വിറ്റുവരവുണ്ടായി. ജില്ലയിലെ തടി മുഴുവൻ വിറ്റുപോകുമ്പോൾ നിലമ്പൂരിൽ നിന്നു തേക്ക് ഉൾപ്പെടെയുള്ള തടിയെത്തിക്കും.
അതിർത്തികൾ കടന്ന് വാളയാർ തേക്കുപെരുമ
സംസ്ഥാനാതിർത്തികൾ കടന്നു പോകുന്നുണ്ട് വാളയാറിലെ തേക്കുതടിയുടെ പെരുമ. തടിവ്യാപാരത്തിനു പ്രസിദ്ധമായ കർണാടകയിലെ ഹൊസൂരിലേക്കും തമിഴ്നാട്ടിലേക്കും ആന്ധ്രപ്രദേശിലേക്കും വൻതോതിലാണ് ഇവിടെ നിന്നു തേക്കു കൊണ്ടുപോകുന്നത്. ഈ സംസ്ഥാനങ്ങളിൽ തേക്കിൻതോട്ടങ്ങളില്ലാത്തതാണ് കാരണം. വാളയാറിൽ വനംവകുപ്പിന്റെ തടി ഡിപ്പോയിലെ തേക്കു വിൽപനയിൽ 10 ശതമാനം മാത്രമാണ് കേരളത്തിനുള്ളിൽ നടക്കുന്നത്. ബാക്കി 90 ശതമാനവും ഇതര സംസ്ഥാനങ്ങളിലേക്കാണ്. മറ്റു സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയിൽ നിന്നാണ് നേരത്തെ തേക്കുതടി എത്തിയിരുന്നത്. ഇവിടെ നിന്നുള്ള തടിയേക്കാൾ ഗുണം വാളയാർ തേക്കിനു കണ്ടതോടെയാണ് വാളയാർ തേക്കിനു പ്രിയമേറിയത്. ദേശീയപാതയും റെയിൽവേ സ്റ്റേഷനും അടുത്തായതും വാളയാർ ഡിപ്പോയ്ക്കു ഗുണകരമായി.