
പരിസരം ഉണർന്നു, കൂടുതൽ യാത്രക്കാർ എത്തിത്തുടങ്ങി; മുനിസിപ്പൽ സ്റ്റാൻഡിൽ നിന്ന് കൂടുതൽ ബസ് സർവീസുകൾ ആരംഭിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ 5 വർഷത്തിനു ശേഷം കൂടുതൽ ബസ് സർവീസുകളുമായി മുനിസിപ്പൽ സ്റ്റാൻഡ് ടോപ് ഗിയറിലേക്ക് കുതിച്ചു തുടങ്ങി. ഇതോടെ മുനിസിപ്പൽ സ്റ്റാൻഡ് പരിസരവും ഉണർന്നു. യാത്രക്കാരും എത്തിത്തുടങ്ങി. അധികം താമസിയാതെ സ്റ്റാൻഡ്, മുൻപുണ്ടായിരുന്ന മുനിസിപ്പൽ സ്റ്റാൻഡിന്റെ പ്രതാപം വീണ്ടെടുത്തേക്കും.
ഇന്നലെ മുതൽ മുനിസിപ്പൽ സ്റ്റാൻഡിലേക്കു കൂടുതൽ ബസുകൾ എത്തിത്തുടങ്ങി. കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, കോങ്ങാട്, മുണ്ടൂർ ഭാഗത്തു നിന്നുള്ള ബസുകൾ മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി യാത്രക്കാരെ ഇറക്കിയ ശേഷമാണു സ്റ്റേഡിയം സ്റ്റാൻഡിലേക്കു പോകുന്നത്. കെഎസ്ആർടിസിയും വരുന്നുണ്ട്.
സ്റ്റേഡിയം സ്റ്റാൻഡിൽ നിന്നു യാത്ര ആരംഭിക്കുമ്പോൾ താരേക്കാട് വഴി വീണ്ടും മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി വേണം പോകാൻ. ഇത് ഉറപ്പാക്കാൻ ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗം താരേക്കാട് ജംക്ഷനിലും മുനിസിപ്പൽ സ്റ്റാൻഡിലും പൊലീസിന്റെ സേവനമുണ്ട്. സ്റ്റാൻഡിൽ വന്നു പോകാത്ത ബസുകളുടെ വിവരവും ശേഖരിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ മുനിസിപ്പൽ സ്റ്റാൻഡ് വഴിയുള്ള ബസ് സർവീസ് പൂർണതോതിലാകും.
സ്റ്റാൻഡിൽ ബസുകൾ നിർത്താൻ 8 ട്രാക്കുകളാണ് ഒരുക്കിയിട്ടുള്ളത്. വി.കെ.ശ്രീകണ്ഠൻ എംപി ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 2.26 കോടി രൂപ ഉപയോഗിച്ചാണു മുനിസിപ്പൽ സ്റ്റാൻഡിൽ ബസ് ടെർമിനൽ നിർമിച്ചിട്ടുള്ളത്. യാഡ് നഗരസഭയാണു നവീകരിച്ചിട്ടുള്ളത്. സ്റ്റാൻഡ് പ്രവർത്തനം തുടങ്ങിയെങ്കിലും ശുചിമുറി പ്രവർത്തിപ്പിച്ചു തുടങ്ങിയിട്ടില്ല. ശുചിമുറി ഉടൻ തുറക്കുമെന്നു നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ പറഞ്ഞു. സ്റ്റാൻഡ് ഉദ്ഘാടനവും വൈകാതെ നടത്തും.