
10 കോടിയുടെ ബംപർ മാത്രമല്ല, ലോട്ടറി ടിക്കറ്റ് വിൽപനയിലും പാലക്കാട് ഒന്നാമത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ സമ്മർ ബംപർ ടിക്കറ്റ് വിൽപനയിലും ഒന്നാം സ്ഥാനം പാലക്കാടിനു തന്നെ. പാലക്കാട് ജില്ലാ ഓഫിസിലും ചിറ്റൂർ, പട്ടാമ്പി എന്നീ 2 സബ് ഓഫിസുകളിലുമായി ഇക്കുറി 7,94,410 ടിക്കറ്റാണ് വിറ്റത്. ടിക്കറ്റ് വിൽപനയിൽ രണ്ടാം സ്ഥാനത്തെത്തിയ തിരുവനന്തപുരത്തെക്കാൾ ഇരട്ടിയോളം ടിക്കറ്റാണ് ഇക്കുറി പാലക്കാട് വിറ്റഴിച്ചത്. ജില്ലാ ഓഫിസിൽ 5,52,900, ചിറ്റൂരിൽ 1,47,010, പട്ടാമ്പി 94,500 എന്നിങ്ങനെയാണ് കണക്ക്. സംസ്ഥാനത്തൊട്ടാകെ ആകെ 36 ലക്ഷം ടിക്കറ്റ് വിൽപനയ്ക്കെത്തിച്ചപ്പോൾ അതിൽ 8 ലക്ഷത്തോളം ടിക്കറ്റ് വിറ്റഴിച്ചതു പാലക്കാട്ടാണ്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് സമ്മർ ബംപറിൽ ഇക്കുറി റെക്കോർഡ് വിൽപനയും പാലക്കാട് നേടിയെടുത്തു. വാളയാർ, മീനാക്ഷിപുരം, ഗോപാലപുരം, വേലന്താവളം, ഗോവിന്ദാപുരം ഉൾപ്പെടെയുള്ള അതിർത്തി മേഖലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചിട്ടുള്ളത്. രണ്ടര ലക്ഷം ടിക്കറ്റോളം അതിർത്തി മേഖലകളിലൂടെ വിറ്റഴിച്ചെന്നാണ് വിവരം. കഴിഞ്ഞ വർഷത്തെ ഓണം ബംപർ വാളയാറിൽ വിറ്റ ടിക്കറ്റിലൂടെ തമിഴ്നാട് സ്വദേശികൾക്കായിരുന്നു.
∙ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു പിന്നിലെ കിങ് സ്റ്റാർ ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് പത്തുകോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ഇവിടെ നിന്ന് മൂന്നാഴ്ച മുൻപ് ധനലക്ഷ്മി ഏജൻസിക്ക് ഹോൾ സെയിലായി 150 ലോട്ടറി ടിക്കറ്റുകൾ കിങ് സ്റ്റാർ ഉടമ എസ്.സുരേഷ് വിൽപന നടത്തിയിരുന്നു. ബംപറിന്റെ മൂന്നാം സമ്മാനം 5 ലക്ഷം രൂപയും ഇവിടെ നിന്ന് വിറ്റ ടിക്കറ്റിനാണ്. വേലന്താവളം എസ്എൻആർ ലോട്ടറി ഏജൻസിക്കാണ് മൂന്നാം സമ്മാനം.
ഭാഗ്യക്കുറി നറുക്കെടുപ്പിൽ മുൻപും ഒട്ടേറെ തവണ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് കടയുടമ കൊടുന്തരപ്പുള്ളി സ്വദേശിയായ എസ്.സുരേഷ് പറഞ്ഞു. ഇത്തവണ 1.2 ലക്ഷം ബംപർ ടിക്കറ്റുകളാണ് കിങ് സ്റ്റാറിൽ മാത്രം വിൽപന നടന്നത്. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ വണ്ടിത്താവളം ഏന്തൽപാലത്തെ ആറുച്ചാമ്മിയുടെ ഉടമസ്ഥതയിൽ ഉള്ള അർച്ചന ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിനാണ്. ചില്ലറ ലോട്ടറി വിൽപനക്കാരനായ വണ്ടിത്താവളം സ്വദേശി ചന്ദ്രൻ ആണ് ഈ ലോട്ടറി വിറ്റത്. ചന്ദ്രൻ ഇതിനു മുൻപ് ഏന്തൽപാലം അർച്ചന ലോട്ടറി ഏജൻസിയിൽ നിന്ന് എടുത്തു വിറ്റ 2023–24 വർഷത്തെ ക്രിസ്മസ് ന്യൂഇയർ ബംപർ ടിക്കറ്റിനും രണ്ടാം സമ്മാനം ലഭിച്ചിട്ടുണ്ട്.
കൈനിറയെ സമ്മാനം
∙ സമ്മർ ബംപറിലൂടെ മാത്രം 10 കോടി ലഭിച്ച കോടിപതിക്കൊപ്പം 7 ലക്ഷപ്രഭുക്കളും പാലക്കാട് വിറ്റ ടിക്കറ്റിലൂടെയാണ്. രണ്ടാം സമ്മാനത്തിനു പുറമേ മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ വീതം 6 പേർക്ക് ലഭിച്ചതും പാലക്കാട് വിറ്റ ടിക്കറ്റിലൂടെ. 5ാം സമ്മാനമായ 50,000 രൂപയിലെ ഒരു ഭാഗ്യ ശാലിയും പാലക്കാട്ട് നിന്നാണ്. ഇതിനു പുറമേ ചെറുതും വലുതുമായ ഒട്ടേറെ സമ്മാനങ്ങളും പാലക്കാട്ട് വിറ്റ ടിക്കറ്റിനു ലഭിച്ചു.