
മൂത്താന്തറ വാട്ടർ ടാങ്ക്–വടക്കന്തറ റോഡ് കുഴിയടച്ചപ്പോൾ വഴിയുമടച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ വീട്ടിലെ ആഘോഷ ചടങ്ങിന്, റോഡ് പൊളിച്ചു വീടിനു മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന സിമന്റ് കട്ടകളും മറ്റും നീക്കിത്തരണമെന്ന വീട്ടുകാരുടെ അഭ്യർഥനപോലും ജല അതോറിറ്റി ഉൾപ്പെടെ കേട്ടില്ല. അവസാനം വീട്ടുകാർ കയ്യിൽ നിന്നു തുക നൽകി വീടിനു മുന്നിലെ സിമന്റ് കട്ടകൾ മാറ്റിയിടേണ്ടി വന്നതായി നാട്ടുകാർ പറഞ്ഞു.ഇതേ റോഡിൽ ഒരു വീടിനു മുന്നിൽ പൈപ്പിടാനായി വലിയ കുഴി കുഴിച്ചിട്ടതു നികത്തണമെന്നാവശ്യപ്പെട്ടു വീട്ടുകാർക്കു ജില്ലാ ഭരണകൂടത്തെ സമീപിക്കേണ്ടിവന്നു. ശുദ്ധജല വിതരണ പൈപ്പിടാനായി ജല അതോറിറ്റി വെട്ടിപ്പൊളിച്ച് ‘ഉപേക്ഷിച്ചിട്ടിരിക്കുന്ന’ മൂത്താന്തറ വാട്ടർ ടാങ്ക്–വടക്കന്തറ റോഡ് യാത്രക്കാരെയും വീട്ടുകാരെയും ദുരിതത്തിലാക്കി വെള്ളം കുടിപ്പിക്കുകയാണ്.ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജല അതോറിറ്റി റോഡ് ഗതാഗതയോഗ്യമാക്കുന്നില്ലെന്നു നഗരസഭ പറയുന്നു.
ജല അതോറിറ്റിയോടും ജനപ്രതിനിധികളോടും പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നു നാട്ടുകാർ പറയുന്നു. വീടിന്റെ അരികുവശം വരെ പൊളിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞു. ഗേറ്റിന്റെ മുൻവശത്തും പൊളിച്ചിട്ടിരിക്കുകയാണ്. ശുദ്ധജല വിതരണ പൈപ്പിടാനാണ് സിമന്റ് കട്ടകൾ പാകിയ റോഡ് വെട്ടിപ്പൊളിച്ചത്. പൈപ്പിട്ട് ഏറെ നാൾ കഴിഞ്ഞിട്ടും റോഡ് നേരെയാക്കുന്നില്ല. ഒരുവശം മുഴുവൻ തകർത്തിട്ടിരിക്കുകയാണ്. മഴ പെയ്തതോടെ ദുരിതം കൂടി.
വീട്ടുകാരുടെ കൺമുന്നിലാണ് വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്നത്.അടുത്ത 25 കൊല്ലത്തേക്കു ജല വിതരണത്തിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന ഉറപ്പോടെയാണ് പൈപ്പിടാനായി ആദ്യം റോഡ് വെട്ടിപ്പൊളിച്ചത്. പിന്നീട് പലതവണ പല കാരണങ്ങൾ പറഞ്ഞ് റോഡ് പൊളിച്ചിട്ടു. നഗരസഭ റോഡ് ജല അതോറിറ്റി ഈവിധം പൊളിച്ച് അപകടത്തിലാക്കിയിട്ടും മുനിസിപ്പാലിറ്റി വേണ്ട വിധത്തിൽ ഇടപെടുന്നില്ലെന്ന പരാതിയും ശക്തമാണ്. വടക്കന്തറയിൽ നിന്നു മേലാമുറിയിലേക്കുള്ള പ്രധാന റോഡാണിത്.