
കഞ്ചിക്കോട് ദേശീയപാതയോരത്ത് സ്കൂൾ ഗ്രൗണ്ടിൽ വീണ്ടും കാട്ടാന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുതുശ്ശേരി ∙ കഞ്ചിക്കോട് ജനവാസ മേഖലയിലും സ്കൂൾ വളപ്പിനകത്തും കാട്ടാന. ഇക്കുറിയെത്തിയത് ദേശീയപാതയിൽ നിന്നു മീറ്ററുകൾക്ക് അകലെയുള്ള സ്കൂളിലെ ഗ്രൗണ്ടിൽ. ഇന്നലെ പുലർച്ചെ ഒന്നരയോടെ കഞ്ചിക്കോട് അസീസി സ്കൂൾ ഗ്രൗണ്ടിലാണ് ഒറ്റയാനെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. മൂന്നാം തവണയാണ് സ്കൂൾ വളപ്പിൽ കാട്ടാനയെത്തുന്നത്.ജനവാസ മേഖലകൾ കടന്ന് ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ വളപ്പിൽ കാട്ടാനയെത്തുന്നത് സ്കൂളിലുള്ളവരെ മാത്രമല്ല നാട്ടുകാരെ മുഴുവൻ ഭീതിയിലാക്കുകയാണ്. മുൻപ് കാട്ടാനയെത്തിയപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതായും എന്നാൽ നടപടികൾ പ്രായോഗികമായില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു. അധ്യാപകർ താമസിക്കുന്ന ക്വാർട്ടേഴ്സിനു സമീപത്തുകൂടിയാണ് ആന നടന്നു നീങ്ങിയത്.ഇവിടെയുള്ള വാഴകളും പച്ചക്കറി കൃഷിയും നശിപ്പിച്ചിട്ടുണ്ട്.
ഗ്രൗണ്ടിനു സമീപമുള്ള സിസിടിവിയിൽ നിന്നാണ് ആന നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ഒരാഴ്ച മുൻപും സമാനമായി ഇതേ ഭാഗത്ത് ആനയെത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. രാത്രിയിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് പ്രദേശത്തുണ്ടാകാറുള്ളൂ. ആനയെത്തുന്നത് പതിവായതോടെ ഇദ്ദേഹത്തോട് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.തുടർച്ചയായി പ്രദേശത്ത് എത്തുന്ന കാട്ടാനകളെ വനത്തിനുള്ളിലേക്ക് തുരത്താനുള്ള നടപടികൾ ഊർജിതമാക്കണമെന്നും ഇല്ലെങ്കിൽ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും വാർഡ് മെംബർ പി.ബി.ഗിരീഷ് പറഞ്ഞു. നേരത്തെ പഞ്ചായത്തിൽ ജില്ലാ കലക്ടറുടെ ഉത്തരവു പ്രകാരം 3 വാച്ചർമാരെ താൽക്കാലികമായി നിയോഗിച്ചിട്ടും ഇതിന്റെ ഗുണം ലഭിക്കുന്നില്ലെന്നും പഞ്ചായത്തും വനംവകുപ്പും അലംഭാവം തുടരുകയാണെന്നും ഡിസിസി ജനറൽ സെക്രട്ടറി എസ്.കെ.അനന്തകൃഷ്ണനും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാലാഴി ഉദയകുമാറും ആരോപിച്ചു.