
‘കസേരക്കൊമ്പ’ന്റെ നീന്തൽ വിഡിയോ വൈറൽ; നീന്തിയത് പറമ്പിക്കുളം അണക്കെട്ടിലൂടെ വീട്ടിക്കുന്ന് ദ്വീപിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുതലമട ∙ ഇക്കരെ നിന്ന് അക്കരയ്ക്കു നീന്തിയ ‘കസേരക്കൊമ്പൻ’ എന്ന കാട്ടാനയുടെ പറമ്പിക്കുളം അണക്കെട്ടിലെ സാഹസം സമൂഹ മാധ്യമങ്ങളിൽ കൗതുകക്കാഴ്ചയായി. പറമ്പിക്കുളം കടുവാ സങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടിലെ വീട്ടിക്കുന്ന് പൂളമരച്ചോട്ടിൽ നിന്നു മാർച്ച് 21നു പറമ്പിക്കുളം കടവ് ഊരിൽ നിന്നുള്ള നാചുറലിസ്റ്റ് എസ്.രാജേഷ് മൊബൈലിൽ പകർത്തി സമൂഹ മാധ്യമത്തിൽ പങ്കുവച്ചതാണു കസേരക്കൊമ്പന്റെ നീന്തൽ വിഡിയോ.
പറമ്പിക്കുളം അണക്കെട്ടുമായി ബന്ധപ്പെട്ടു സ്ഥിരം സാന്നിധ്യമായ ഈ കാട്ടാനയുടെ കൊമ്പുകൾ ചാരു കസേരയുടെ മാതൃകയിൽ വളഞ്ഞിരിക്കുന്നതിലാണ് ‘കസേരക്കൊമ്പൻ’ എന്നു പ്രാദേശികമായി അറിയപ്പെടുന്നത്. പൊതുവേ ശാന്തസ്വഭാവക്കാരനാണ് കസേരക്കൊമ്പൻ എന്ന് അധികൃതരും നാചുറലിസ്റ്റുകളും പറയുന്നു. പറമ്പിക്കുളം കടുവാ സങ്കേതത്തിനകത്തു സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം അണക്കെട്ടുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒട്ടേറെ ദ്വീപുകളുണ്ട്.
അവിടെ പുല്ല് തളിർക്കുന്ന സമയത്തു പുല്ല് ഭക്ഷിക്കാനായി കാട്ടാനകൾ കരയിൽ നിന്നു ദ്വീപിലേക്കും അവിടെ നിന്ന് അടുത്ത ദ്വീപിലേക്കുമെല്ലാം നീന്തിപ്പോകുന്നതു പറമ്പിക്കുളം കാടകത്തിലെ പതിവ് കാഴ്ചയാണ്. ഇങ്ങനെ ദ്വീപുകളിലെത്തുന്ന കാട്ടാനകൾ അവിടെ തളിർത്തു നിൽക്കുന്ന പുല്ലും മറ്റും ഭക്ഷിച്ചു രണ്ടോ മൂന്നോ ദിവസത്തിനു ശേഷം തിരിച്ചു കരയിലേക്കും നീന്തും.
അങ്ങനെ പറമ്പിക്കുളം അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള വീട്ടിക്കുന്ന് ദ്വീപിലേക്കു പോയ കസേരക്കൊമ്പൻ തിരിച്ചു നീന്തി കരയിലേക്ക് കയറുന്ന വിഡിയോ പറമ്പിക്കുളം അണക്കെട്ടിലൂടെ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ ബോട്ട്മാൻ കൂടിയായ എസ്.രാജേഷ് മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്നു. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഈ വിഡിയോയാണ് വൈറലായത്.