പാലക്കാട് ∙ ഭക്ഷണമോ മറ്റു വസ്തുക്കളോ തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതായാൽ നാലു മുതൽ എട്ടു മിനിറ്റിനുള്ളിൽ മരണം സംഭവിക്കാമെന്നു ആരോഗ്യ വിദഗ്ധർ പറയുന്നു. ഉടൻ പ്രഥമ ശുശ്രൂഷ നൽകിയാൽ ജീവൻ രക്ഷിക്കാനാകും.
നാലു വയസ്സുവരെയുള്ള കുട്ടികളിലും പ്രായമായവരിലും ഭക്ഷണം തൊണ്ടയിൽ കുടുങ്ങി അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
നമ്മുടെ കഴുത്തിലൂടെ പോകുന്ന രണ്ടു കുഴലുകളാണു ഭക്ഷണം ആമാശയം വരെ എത്തിക്കുന്ന അന്നനാളവും ശ്വസനവായു ശ്വാസകോശത്തിൽ എത്തിക്കുന്ന ശ്വാസനാളവും. അന്നനാളത്തിൽ ഭക്ഷണം കുടുങ്ങിയാൽ ശ്വാസനാളം തുറന്നിരിക്കുന്നതിനാൽ ശ്വസിക്കാൻ തടസ്സമുണ്ടാകില്ല.
ആശുപത്രിയിൽ എത്തിക്കാനുള്ള സാവകാശവും ലഭിക്കും. ശ്വാസനാളത്തിൽ ഭക്ഷണം കുടുങ്ങിയാൽ ശ്വസിക്കാനാകില്ല.
അശ്രദ്ധകൊണ്ടും വേഗത്തിൽ ഭക്ഷണം കഴിക്കുന്നതും കാരണമാണു പ്രധാനമായും ഭക്ഷ്യവസ്തുക്കൾ തൊണ്ടയിൽ കുടുങ്ങാറ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ഇരുത്തി ഭക്ഷണം കൊടുക്കുക, കിടത്തി വേണ്ട. ∙ കിടത്തി മുലപ്പാൽ കൊടുക്കുന്നത് ഒഴിവാക്കണം.
കുഞ്ഞിന്റെ തല അൽപം ഉയർത്തിവച്ചുവേണം പാൽ നൽകാൻ. ∙ കുഞ്ഞിന്റെ മുഖത്തു നോക്കി വേണം പാലൂട്ടാൻ.
കുഞ്ഞിന്റെ വായിലേക്കു പോകുന്ന പാലിന്റെ അളവ് ശ്രദ്ധിക്കണം. ധാരാളം പാൽ ഒരുമിച്ചു ലഭിക്കുന്നതു ശ്വാസനാളത്തിലേക്കു പാൽ കടക്കാനിടയാക്കും.
∙ കൃത്യമായ ഇടവേളകളിൽ പാലൂട്ടണം. പാലൂട്ടിയ ശേഷം ശരിയായ രീതിയിൽ പതിയെ പുറത്തു തട്ടി ഗ്യാസ് കളയുന്നതു നല്ലതാണ്.
∙ കുട്ടികളിൽ കട്ടിയുള്ളതും കൂർത്തതുമായ മുള്ള് തൊണ്ടയിലോ അന്നനാളത്തിലോ കുടുങ്ങിയാൽ പഴമോ ചോറോ വിഴുങ്ങിയതു കൊണ്ടു പ്രയോജനമില്ല.
ഉടൻ ആശുപത്രിയിലെത്തിക്കണം ∙ മുതിർന്നവരും കുട്ടികളും ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്ന ശീലം കുറയ്ക്കുക. ∙ ഭക്ഷണം നേരിട്ട് വിഴുങ്ങാതെ, നന്നായി ചവച്ചരച്ച് കഴിക്കുക.
∙ പ്രായമായവർ ഉപയോഗിക്കുന്ന കൃത്രിമപ്പല്ല് രാത്രി കിടക്കുമ്പോൾ ഊരിവയ്ക്കുന്നതാണു നല്ലത്.
പ്രതിരോധ മാർഗങ്ങൾ
ഭക്ഷണം തൊണ്ടയിൽ കുടുങ്ങുന്ന സാഹചര്യത്തിൽ അനുവർത്തിക്കാവുന്ന രക്ഷാമാർഗമാണു ഹെംലിക് മെനൂവർ (Heimlich manoeuvre). 1.
ശ്വാസതടസ്സമനുഭവപ്പെടുന്നയാളെ കഴിയുമെങ്കിൽ എഴുന്നേൽപിച്ചു നിർത്തി കാര്യം പറഞ്ഞു മനസ്സിലാക്കിയ ശേഷം, ആളുടെ പിന്നിൽ നിന്നുകൊണ്ടു നമ്മുടെ രണ്ടു കയ്യും മുന്നോട്ടെടുത്ത് വട്ടം ചുറ്റിപ്പിടിക്കുക. 2.
ഒരു കൈ മുഷ്ടി ചുരുട്ടി തള്ളവിരലിന്റെ ഭാഗം, ഭക്ഷണം കുടുങ്ങിയയാളുടെ അടിവയറിനു രണ്ടിഞ്ച് മുകളിൽ ചേർത്തുപിടിക്കണം. വാരിയെല്ലിനു താഴെയും നാഭിക്കു മുകളിലായുമാണു കൈ വരേണ്ടത്.
ഇനി മറ്റേ കൈകൊണ്ട് ഈ മുഷ്ടിക്കു മുകളിലായി മുറുകെപ്പിടിക്കുക.
3. വാരിയെല്ല് ഞെരുങ്ങാതെ രോഗിയുടെ വയറിലേക്ക്, അതായത് പിന്നിൽ നിൽക്കുന്ന നമ്മുടെ നെഞ്ചിന്റെ ദിശയിൽ, ബലം കൊടുത്തു പെട്ടെന്നു വലിക്കുക.
വേണ്ടിവന്നാൽ ആവർത്തിക്കുക. 4.
കുടുങ്ങിയിരിക്കുന്ന വസ്തു പുറത്തു വരുന്നതുവരെ ഇതു തുടർന്നതിനു ശേഷം വൈദ്യസഹായം തേടുക. ശ്വാസംകിട്ടാതെ ബോധരഹിതനായി നിലത്തുകിടക്കുന്ന ആളാണെങ്കിൽ അരികിൽ മുട്ടുകുത്തി നിന്നു മേൽപറഞ്ഞ സ്ഥാനത്തു നമ്മുടെ കൈകൊണ്ട് അമർത്താവുന്നതാണ്.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു
നെന്മാറ ∙ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. ചാത്തമംഗലം വടക്കേകാട് ചെല്ലന്റെ ഭാര്യ സുഭദ്ര (67) ആണു മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അബോധാവസ്ഥയിലായ സുഭദ്രയെ നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്കാരം നടത്തി. മക്കൾ: സുമതി, സുരേഷ്, സുധീഷ്.
മരുമകൻ: സുനിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]