കഞ്ചിക്കോട് ∙ ഓണത്തിരക്കിൽ നാടോടുമ്പോൾ ദേശീയപാതയിൽ മുന്നറിയിപ്പില്ലാതെ അശാസ്ത്രീയമായ അറ്റക്കുറ്റപ്പണി. തുടർച്ചയായ രണ്ടാം ദിവസവും കഞ്ചിക്കോട് ചടയൻകാലായിൽ അപകടപരമ്പരയും ഗതാഗതക്കുരുക്കും.
ഇന്നലെ 6 ഇരു ചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തിൽപെട്ടത്. ഇതിൽ ഒരു യുവതിയും ഉൾപ്പെടുന്നുണ്ട്.
പരുക്കേറ്റവരെ കഞ്ചിക്കോട് അഗ്നിരക്ഷാസേന ആശുപത്രിയിലെത്തിച്ചു. അറ്റകുറ്റപ്പണിക്കൊപ്പം കനത്ത മഴ കൂടിയെത്തിയതോടെയാണ് ഇന്നലെയും കഞ്ചിക്കോട് ചടയൻകാലായിലെ ദേശീയപാത മേൽപാലത്തിൽ അപകടത്തിനിടയാക്കിയത്.
മേൽപാലത്തിൽ അര കിലോമീറ്ററോളം ഭാഗത്തു നേരത്തെയുണ്ടായ തകർച്ച പരിഹരിക്കാനാണ് അറ്റകുറ്റപ്പണി നടക്കുന്നത്.
ഇതിനായി ചടയൻകാലായിൽ അര കിലോമീറ്റർ ഭാഗത്തു മാത്രം കോയമ്പത്തൂർ–പാലക്കാട് റൂട്ടിലെ ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തി ഒരു വരിയിലാക്കി ഗതാഗതം മാറ്റി. റോഡിന്റെ നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്തു പൂർണമായി ചെത്തി മാറ്റിയാണ് അറ്റകുറ്റപ്പണി നടത്തിയത്.
റോഡിന്റെ നിരപ്പിലുണ്ടായ വ്യത്യാസമറിയാതെ ഇവിടേക്കു വാഹനങ്ങൾ കയറുമ്പോഴാണു തെന്നി വീണത്.
ഇന്നലെ ഉച്ചയ്ക്കു ശേഷം അൽപസമയം സുരക്ഷാ മുന്നറിയിപ്പുകൾ മാറ്റിയതും അപകടം കൂടാനിടയാക്കി. പിന്നീട് അഗ്നിരക്ഷാസേന ഇടപെട്ടു ദേശീയപാത കരാർ കമ്പനി അധികൃതരെ വിളിച്ചുവരുത്തി സുരക്ഷാ മുന്നറിയിപ്പുകളും ബോർഡുകളും പുനഃസ്ഥാപിച്ചു. കൂടുതൽ ഭാഗത്തേക്കു സുരക്ഷ മുന്നറിയിപ്പു ബോർഡുകളും മറ്റും സ്ഥാപിച്ചു വാഹനഗതാഗതം നിയന്ത്രിച്ചതോടെയാണ് അപകടം ഒഴിവാക്കാനായത്.
ഇന്നലെ അഗ്നിരക്ഷാസേനയുടെ നിർദേശപ്രകാരം സിവിൽ ഡിഫൻസ് അംഗങ്ങളും ഗതാഗത നിയന്ത്രണത്തിനുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]