കൊല്ലങ്കോട് ∙ രാജ്യത്തെ സുന്ദര ഗ്രാമത്തിലെ സീതാർകുണ്ട് വെള്ളച്ചാട്ടം കാണാനെത്തുന്നവർക്ക് അടിസ്ഥാന, സുരക്ഷാ സൗകര്യങ്ങൾ ഒരുക്കി വനംവകുപ്പ്. നബാർഡിന്റെ 50 ലക്ഷം രൂപയും നെന്മാറ വനം ഡിവിഷനിലെ ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസിയുടെ 30 ലക്ഷത്തോളം രൂപയും അടക്കം 80 ലക്ഷം രൂപ വിനിയോഗിച്ചാണ് അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയിരിക്കുന്നത്.
സഞ്ചാരികൾക്കായുള്ള ശുചിമുറികൾ, ഇരിപ്പിടങ്ങൾ, ഇക്കോ ഷോപ്പ്, വെള്ളച്ചാട്ടത്തിലേക്കു പോകുന്നതിനു കോൺക്രീറ്റ് ചെയ്തതും കൈവരികളുള്ളതുമായ നടവഴി, സഞ്ചാരികൾ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങി അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാനായി കമ്പി വേലി തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്. നിയന്ത്രണമില്ലാതെ സഞ്ചാരികൾ പ്രവേശിക്കുന്നതു തടയാൻ ടിക്കറ്റ് കൗണ്ടർ ആരംഭിച്ചിട്ടുണ്ട്.
മുതിർന്നവർക്കു 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണു പ്രവേശന ഫീസ്. വിദേശ പൗരന്മാരാണെങ്കിൽ 100 രൂപ നൽകണം.
ക്യാമറ ഉപയോഗിക്കുന്നതിനും ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഓണക്കാലത്തു കൊല്ലങ്കോട് കാണാനെത്തുന്ന സഞ്ചാരികൾക്കു പച്ചപുതച്ചു നിൽക്കുന്ന നെൽവയലുകൾക്കിടയിലൂടെ യാത്ര ചെയ്തു മലനിരകൾക്കിടയിലൂടെ വെള്ളി വെളിച്ചത്തിന്റെ നിറച്ചാർത്തുമായി നിൽക്കുന്ന സീതാർകുണ്ടു വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം കണ്ടു സുരക്ഷിതരായി മടങ്ങാം.
വനംവകുപ്പിന്റെ നിയന്ത്രണങ്ങൾ മറികടന്നു വെള്ളച്ചാട്ടത്തിലേക്കു പോകുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. ത്രേതായുഗത്തിൽ വനവാസകാലത്തു രാമ ലക്ഷ്മണ സമേതം ഇവിടെയെത്തിയ സീത കുളിച്ചു എന്ന് വിശ്വസിക്കുന്ന സ്ഥലമാണു പിന്നീട് സീതാർകുണ്ട് എന്ന് അറിയപ്പെടുന്നത്.
ഇതിനാൽ ഇവിടെ വന്നു കുളിക്കുന്നതു പുണ്യമായി കരുതുന്നവരുമുണ്ട്.
ഇക്കോ ടൂറിസം സെന്റർ തുറന്നു
സീതാർകുണ്ട് വെള്ളച്ചാട്ടം കാണാനെത്തുന്നവർക്കായുള്ള വനംവകുപ്പിന്റെ ഇക്കോ ടൂറിസം സെന്റർ കെ.ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊല്ലങ്കോട് പഞ്ചായത്ത് അധ്യക്ഷൻ കെ.സത്യപാൽ അധ്യക്ഷനായി.
സ്ഥിരം സമിതി അധ്യക്ഷൻ ആർ.ശിവൻ, പഞ്ചായത്ത് അംഗം കെ.ഷൺമുഖൻ, നെന്മാറ ഡിഎഫ്ഒ പി.പ്രവീൺ, കൊല്ലങ്കോട് റേഞ്ച് ഓഫിസർ കെ.സി.സനൂപ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]