മീനാക്ഷിപുരം ∙ പാൽ തൊണ്ടയിൽ കുരുങ്ങി നാലു മാസം പ്രായമായ കുഞ്ഞ് മരിച്ച സർക്കാർപതി ഉന്നതിയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി സന്ദർശനം നടത്തി. കുഞ്ഞിന്റെ മാതാപിതാക്കളായ പാർഥിപൻ (32) സംഗീത (29) എന്നിവരോട് മന്ത്രി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
കടുത്ത പോഷകാഹാരക്കുറവ് നേരിട്ടിരുന്ന കുഞ്ഞ് കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ജില്ലാ ആശുപത്രിയിൽ മരിച്ചത്. നാലുമാസം പ്രായമായ കുഞ്ഞിന്റെ തൂക്കം 2.200 കിലോഗ്രാം മാത്രമായിരുന്നു.
കുഞ്ഞിന്റെ അമ്മയായ സംഗീതയെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് രക്തപരിശോധനയുൾപ്പെടെ നടത്തി ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം തുടർനടപടി സ്വീകരിക്കാൻ പെരുമാട്ടി പഞ്ചായത്ത് അംഗങ്ങളെ മന്ത്രി ചുമതലപ്പെടുത്തി.
ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.മുരുകദാസ്, പെരുമാട്ടി പഞ്ചായത്ത് അധ്യക്ഷ ഷീബ രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ ആർ.ശശികുമാർ, എസ്.വിനോദ് ബാബു, എസ്ടി പ്രമോട്ടർമാർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വികസന സമിതി ചേരും, അടിസ്ഥാന സൗകര്യം ഉറപ്പാക്കും
മന്ത്രി കെ.കൃഷ്ണൻകുട്ടി, പഞ്ചായത്ത് അധികൃതർ, ആരോഗ്യ വകുപ്പ്, പട്ടികവർഗവികസന വകുപ്പ് അധികൃതർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 16ന് സർക്കാർപതി ഉന്നതിയിലെ കമ്യൂണിറ്റിഹാളിൽ വികസന സമിതി യോഗം ചേരും. ഉന്നതിയിലെ എല്ലാ കുടുംബങ്ങളെയും പങ്കെടുപ്പിച്ചുള്ള ഈ യോഗത്തിൽ ഓരോ കുടുംബത്തിലേയും അംഗങ്ങൾ, പഠിക്കുന്ന കുട്ടികൾ, ജോലിക്കുപോകുന്ന അംഗങ്ങൾ, വരുമാനം, ചികിത്സാ ചെലവ്, തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും.
പാതിവഴിയിൽ പഠനം നിർത്തിയ കുട്ടികൾക്ക് ട്യൂഷൻ നൽകാൻ സൗകര്യമൊരുക്കും.
മദ്യപിക്കുന്നവരെ കണ്ടെത്തി ബോധവൽക്കരണം നൽകും. ഇതുകൂടാതെ ഓരോ കുടുംബങ്ങൾക്കും ഉപജീവനത്തിന് ആവശ്യമായവ, നിലവിൽ തൊഴിലുള്ളവർക്ക് അധിക വരുമാനമാനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കാനും പദ്ധതികൾ ആവിഷ്കരിക്കും.
വരുമാന വർധനയ്ക്കായി പശു, ആട് എന്നീ വളർത്തു മൃഗങ്ങളെ നൽകുന്നതോടൊപ്പം പുരുഷൻമാർക്കായി പുല്ല്വെട്ടുന്ന യന്ത്രങ്ങൾ വിതരണം ചെയ്യാനും പദ്ധതിയൊരുക്കും. പെരുമാട്ടി പഞ്ചായത്തിന്റെ ക്ഷീരഗ്രാമം പദ്ധതിയിലൂടെ ഉന്നതിയിലെ 22 കുടുംബങ്ങൾക്ക് പശുവിനെ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉന്നതിയുടെ സമഗ്രവികസനത്തിനായി ഒരു കോടി രൂപ പാസായിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.സർക്കാർപതിയിലെ കുടുംബങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി മൊബൈൽ മെഡിക്കൽ യൂണിറ്റ് സംവിധാനം കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് മെഡിക്കൽ കോളജിൽ ഡപ്യൂട്ടേഷനിലുള്ള പെരുമാട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ തിരികെ നിയമിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി നിർദേശിച്ചു.
കുഞ്ഞിന്റെ അമ്മയായ യുവതിക്കും കടുത്ത പോഷകാഹാരക്കുറവ്
സംഗീത(29) ഗർഭിണിയായപ്പോഴുണ്ടായിരുന്ന തൂക്കം 45 കിലോഗ്രാം മാത്രമായിരുന്നു! ഗർഭിണിയായ യുവതിയുടെ തൂക്കവും അവരുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ട
ആശാവർക്കറും പ്രമോട്ടറും നേരിട്ട് സന്ദർശിക്കുന്നതിനു പകരം പലപ്പോഴും ഫോണിൽ വിളിച്ച് നിർദേശം നൽകുകയായിരുന്നെന്ന് കുടുംബം പറയുന്നു. അപകടകരമായ രീതിയിൽ തൂക്കം കുറവുള്ള യുവതിക്ക് പ്രത്യേക പരിചരണം നൽകേണ്ട
സാഹചര്യമുണ്ടായിട്ടും നേരിൽ സന്ദർശിക്കാത്ത ഗുരുതരമായ വീഴ്ചയാണുണ്ടായിട്ടുള്ളത്. എന്നാൽ അങ്കണവാടിയിൽ നിന്ന് പോഷകാഹാരക്കിറ്റുകൾ കിട്ടിയിരുന്നെന്ന് കുടുംബം പറഞ്ഞു.
മരിച്ച നാലുമാസം പ്രായമായ കുഞ്ഞും കടുത്ത പോഷകാഹാരക്കുറവ് നേരിട്ടിരുന്നു.
പ്രമോട്ടർമാരെ താക്കീത് ചെയ്ത് മന്ത്രി
എന്താണ് നിങ്ങളുടെ ജോലി? മാസത്തിൽ എത്ര തവണ ഫീൽഡ് വിസിറ്റ് ചെയ്യാറുണ്ട്, ഇവിടെ എത്ര കുട്ടികൾ പഠിക്കാനെത്തുന്നുണ്ട്, ജനനി ജന്മരക്ഷാ പദ്ധതി പ്രകാരം ഗർഭിണിയായ യുവതിക്ക് ലഭിക്കേണ്ട പണം മുടങ്ങാൻ കാരണം ആരാണ്, ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ട
പ്രമോട്ടർമാരോടാണ് മന്ത്രി കൃഷ്ണൻകുട്ടിയുടെ തുടരെയുള്ള ചോദ്യങ്ങൾ. ഒന്നിനും കൃത്യമായ ഉത്തരമില്ലാതെ നിന്ന പ്രമോട്ടർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാനും മന്ത്രി നിർദേശിച്ചു.
ഇനി ഇത്തരം വീഴ്ചകൾ ആവർത്തിച്ചാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും പ്രമോട്ടർമാർക്ക് മുന്നറിയിപ്പ് നൽകി. ഇതെല്ലാം ശ്രദ്ധിക്കേണ്ട
പഞ്ചായത്ത് അംഗങ്ങൾക്കും ജാഗ്രതക്കുറവുണ്ടായതായി പറഞ്ഞ മന്ത്രി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരോടും കൃത്യമായി കാര്യങ്ങൾ ശ്രദ്ധിക്കാൻ നിർദേശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]