പാലക്കാട് ∙ നാലു ഭാഗവും ചുറ്റുമതിൽ കെട്ടി സുരക്ഷിതമായ വീട്. മുന്നിലൊരു തുളസിത്തറ.
അടുക്കള ആവശ്യത്തിനുള്ള നാളികേരത്തിന് ഒന്നോ രണ്ടോ തെങ്ങ്, അൽപം പച്ചക്കറി. ഇതൊക്കെയായിരുന്നു പാലക്കാടിന്റെ ഗൃഹസങ്കൽപം.
പാടവും തൊടിയും നോക്കാൻ അകലത്തിലുള്ള താമസസ്ഥലം മാത്രമാണ് വീടെന്നു കരുതിയവരും ഉണ്ടായിരുന്നു. കേരളത്തിൽ ഫ്ലാറ്റുകളുടെ വിൽപന ഏറ്റവും സജീവമായ ജില്ലയായി പാലക്കാട് മാറുകയാണ്.
ജില്ലകളിലെ കണക്കുനോക്കിയാൽ ആറാം സ്ഥാനമാണ് പാലക്കാടിന്.
കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (റെറ) നിലവിൽ വന്നതിനു ശേഷം 648 ഫ്ലാറ്റുകളാണ് നിർമാണം പൂർത്തിയാക്കി കൈമാറിയത്. 656 ഫ്ലാറ്റുകൾ ഇപ്പോൾ നിർമാണ പുരോഗതിയിലാണ്.
ഇവയിൽ പലതും ആഡംബര ഫ്ലാറ്റുകളുമാണ്. എറണാകുളം, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കോട്ടയം ജില്ലകളാണ് ഈ മേഖലയിൽ പാലക്കാടിനു മുന്നിലുള്ളത്.
ഫ്ലാറ്റുകൾ മാത്രമല്ല വില്ല പദ്ധതികളും കമേഴ്സ്യൽ ബിൽഡിങ് പ്രോജക്ടുകളും വർധിക്കുകയാണ്.
പ്രതീക്ഷയാകുന്നത് സ്മാർട് സിറ്റി
കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി പദ്ധതിയാണ് കെട്ടിട നിർമാണമേഖലയിൽ പ്രതീക്ഷയ്ക്കു വഴി തുറന്നത്.
ഐഐടി, പാലക്കാട് മെഡിക്കൽ കോളജ് എന്നിവ വന്നതിലൂടെയുണ്ടായ പ്രതീക്ഷ സ്മാർട് സിറ്റി പദ്ധതിയിലൂടെ വർധിച്ചു. നഗരം കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിച്ചു.
ആയിരക്കണക്കിന് പാർപ്പിടാവശ്യങ്ങൾ വരുമെന്ന സാധ്യത മുന്നിൽക്കണ്ട് നിക്ഷേപമെന്ന നിലയിലും പലരും ഈ മേഖലയിൽ നിക്ഷേപത്തിനൊരുങ്ങുന്നു.
വീടു നിർമിക്കാൻ കഴിയുന്ന ഭൂമിയുടെ ലഭ്യതക്കുറവും ഫ്ലാറ്റ് എന്ന രീതിയിലേയ്ക്കു ചിന്തിക്കാൻ കാരണമായി. എന്നാലും ജില്ലയിൽ ഫ്ലാറ്റ് നിർമാണ മേഖലയിലെ പുരോഗതിയെ കുതിപ്പെന്നു പറയാൻ കഴിയില്ലെന്നു പ്രമുഖ ബിൽഡർമാർ പറയുന്നു. ഈ മേഖല സജീവമായി വന്ന സമയത്താണു പ്രളയവും കോവിഡും വന്നത്.
ഒട്ടേറെ പദ്ധതികൾ നിലച്ചു. അവ വീണ്ടും സജീവായതാണ് ഇപ്പോഴത്തെ വർധയ്ക്കു കാരണമെന്നു ബിൽഡർമാർ പറയുന്നു.
ഫ്ലാറ്റുകൾ വാങ്ങിക്കുന്നത് ആര്?
കേന്ദ്ര–സംസ്ഥാന സർവീസുകളിലെ ഉന്നത സ്ഥാനങ്ങളിൽ വിരമിച്ച ജീവനക്കാർ, ജോലിയുടെ ഭാഗമായി പാലക്കാടെത്തിയ പ്രഫഷനലുകൾ എന്നിവർ മാത്രമല്ല ഐടി മേഖലയിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന ചെറുപ്പക്കാരും ഇവിടെ ഫ്ലാറ്റുകൾ വാങ്ങുന്നു.
വിമാനത്താവളം ഉൾപ്പെടെ സൗകര്യങ്ങളുണ്ടെങ്കിലും കോയമ്പത്തൂർ മേഖലയിൽ പാർപ്പിട വില താരതമ്യേന കൂടുതലാണ്. വിദേശ രാജ്യങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ജോലി ചെയ്തിരുന്നവർ വിശ്രമജീവിതത്തിനായി പാലക്കാടിനെ തിരഞ്ഞെടുക്കുന്നതിന് കാരണം പലതുണ്ട്.
മഹാനഗരങ്ങളിലെ ഫ്ലാറ്റുകളെ അപേക്ഷിച്ചു നോക്കുമ്പോൾ താരതമ്യേന ഭേദപ്പെട്ട
വിലയിൽ മികച്ച ഫ്ലാറ്റുകൾ ലഭിക്കും. ശാന്തമായ ജീവിത സാഹചര്യവും. സുരക്ഷിത ജീവിതമെന്ന നിലയിൽ പ്രായമേറിയ രക്ഷിതാക്കൾക്കായി ഫ്ലാറ്റുകൾ വാങ്ങിച്ചു നൽകുന്നവരാണ് ഒരുകൂട്ടർ.
നാട്ടിൻപുറങ്ങളിൽ ഒറ്റയ്ക്കു കഴിയുന്നതിനു പകരം കുറച്ചുകൂടി സുരക്ഷിതം ഫ്ലാറ്റുകളാണ്. വൈദ്യസഹായം, വീട്ടുപയോഗത്തിനുള്ള വസ്തുക്കൾ എന്നിവ ലഭിക്കാൻ സൗകര്യങ്ങളേറെയാണ്. തങ്ങൾ താമസിക്കുന്ന ഫ്ലാറ്റിനു സമീപം രക്ഷിതാക്കൾക്കു മറ്റൊരു ഫ്ലാറ്റ് നൽകി സുരക്ഷിതമായ കുടുംബ ജീവിതം നൽകുന്നവരുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]