
പാലക്കാട് ∙ സ്കൂളുകളിൽ പരിഷ്കരിച്ച മെനു അനുസരിച്ചുള്ള ഉച്ചഭക്ഷണം ഇന്നലെ മുതൽ കിട്ടിത്തുടങ്ങിയെങ്കിലും അങ്കണവാടിയിലെ കുട്ടികൾ ഇനിയും ക്ഷമയോടെ കാത്തിരിക്കണം. മന്ത്രി വീണ ജോർജ് പറഞ്ഞു മോഹിപ്പിച്ച മുട്ടബിരിയാണിയും പുലാവും പരിപ്പുപായസവും നൂട്രിലഡുവും ഉൾപ്പെടെ മെനു അനുസരിച്ചു ഭക്ഷണം തയാറാക്കാനുള്ള പരിശീലനം ഈ മാസം തുടങ്ങുന്നതേയുള്ളൂ. സംസ്ഥാന, ജില്ലാതല പരിശീലനത്തിനു ശേഷം അങ്കണവാടി പ്രവർത്തകർക്കും പരിശീലനം നൽകിയ ശേഷമാകും മെനു ആരംഭിക്കുക.
പരിശീലനം നടത്തുന്നതിനായി സംസ്ഥാനതലത്തിൽ 39 ലക്ഷം രൂപ സർക്കാർ അനുവദിച്ചു.
പഞ്ചസാരയുടെയും ഉപ്പിന്റെയും അളവു കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുന്ന ഏകീകൃത മെനുവാണ് അങ്കണവാടികൾക്കായി പ്രഖ്യാപിച്ചത്. മെനുവിന്റെ പോഷകപ്രസക്തി, പാചകം ചെയ്യുന്ന വിധി ഉൾപ്പെടെയുള്ളവ പരിചയപ്പെടുത്തുന്നതിനായി എല്ലാ ജില്ലകളിൽ നിന്നുമായി ശിശുവികസനവകുപ്പിൽ നിന്ന് തിരഞ്ഞെടുത്ത 56 പേർക്കു കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയിൽ ഈ മാസം 5 മുതൽ 8 വരെ പരിശീലനം നൽകും.
ഇവിടെ പരിശീലനം നേടുന്നവർ ജില്ലാതലത്തിൽ ശിശുവികസന പദ്ധതി ഓഫിസർമാർക്കും ഐസിഡിഎസ് സൂപ്പർവൈസർമാർക്കും പരിശീലനം നൽകും.
അവർ അങ്കണവാടി പ്രവർത്തകർക്കു പഠിപ്പിച്ചു കൊടുത്ത ശേഷമായിരിക്കും മെനു നടപ്പിലാക്കാൻ കഴിയുക.
ഇത്രയും ഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കാൻ എത്ര സമയം കഴിയുമെന്നു വ്യക്തമല്ല. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പകുതി വീതം ഫണ്ട് ചെലവിട്ടാണ് അനുപൂരക പോഷകാഹാര പദ്ധതി നടപ്പാക്കുന്നത്. മതിയായ ഫണ്ട് കൂടി ലഭിച്ചാലേ പദ്ധതി നടപ്പാക്കാൻ കഴിയുകയുള്ളു.
ഒരു കുട്ടിക്ക് ഭക്ഷണത്തിന് 8 രൂപയും പച്ചക്കറി ഉറപ്പാക്കുന്നതിന് 6 രൂപയും ലഭിക്കുന്നതിൽ നിന്ന് സർക്കാർ ഭക്ഷണപദ്ധതി എങ്ങനെ നടപ്പാക്കുമെന്നു വ്യക്തമല്ല.
പ്ലേറ്റിൽ കൊതിയൂറും വിഭവങ്ങൾ; സ്കൂൾ ഉച്ചഭക്ഷണം കുശാൽ
പാലക്കാട്∙ ബിരിയാണിയിൽ ചിക്കൻകാല് വല്ലതുമുണ്ടോയെന്നു നോക്കുകയാണ് മോയൻ എൽപി സ്കൂളിലെ കുസൃതിക്കുടുക്കകൾ. ചിക്കനില്ലെങ്കിലും ഉഗ്രൻ വെജിറ്റബിൾ ബിരിയാണി കിട്ടിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും.
സ്കൂളുകളിൽ പരിഷ്കരിച്ച ഉച്ചഭക്ഷണ മെനു അനുസരിച്ചുള്ള വിഭവങ്ങൾ ഇന്നലെമുതൽ നടപ്പിലാക്കിത്തുടങ്ങി. ജില്ലയിലെ എല്ലാ സ്കൂളുകളിലും വൈവിധ്യമാർന്ന വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് ഇന്നലെ വിളമ്പിയത്.
ചേന, കായ, മോരുകറി, കൂട്ടുകറി, കടല മസാല തുടങ്ങിയ വിഭവങ്ങൾ കുട്ടികളുടെ പാത്രത്തിലെത്തി.
കിണാശ്ശേരി എഎംഎസ്ബി സ്കൂളിൽ ചിക്കൻകറി, കാരറ്റ്, വെള്ളരിക്ക സാലഡ് എന്നിവ ഉച്ചഭക്ഷണത്തിനു നൽകി. ഓരോ സ്കൂളിലും അതത് സ്കൂളുകളിലെ ഫുഡ് കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള വിഭവങ്ങളാണ് ഇന്നലെ തയാറാക്കിയത്. കഴിഞ്ഞ മാസം 18ന് ആയിരുന്നു ഉച്ചഭക്ഷണ മെനുവിൽ വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, പനീർ കറി, വാഴക്കൂമ്പ് തോരൻ തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിച്ചതായി മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചത്.
എത്രകാലം മുന്നോട്ടുപോകും?
ഭക്ഷണമെനു വൈവിധ്യമാർന്നതാക്കിയെങ്കിലും അനുവദിക്കുന്ന ഫണ്ടിന് പരിഷ്കരണമില്ല. ആഴ്ചയിൽ 5 ദിവസവും പയറും തോരനും ഉൾപ്പെടെ നൽകണമെങ്കിൽ നല്ല ഫണ്ട് വേണം.
നിലവിൽ സർക്കാർ അനുവദിക്കുന്ന ഫണ്ടുമായി എത്രകാലം പുതിയ ഭക്ഷണമെനുവുമായി മുന്നോട്ടുപോകാനാകുമെന്ന് അധ്യാപകർക്ക് നിശ്ചയമില്ല. ‘കയ്യിൽ പണമുള്ള പ്രധാനാധ്യാപകരാണെങ്കിൽ ചിലപ്പോൾ ഉച്ചഭക്ഷണ വിഭവങ്ങൾ മുടങ്ങാതെ നൽകാൻ കഴിയും’ ജില്ലയിലെ ഒരു സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയിലുള്ള അധ്യാപികയുടെ വാക്കുകളാണിത്. പ്രധാനാധ്യാപകർ സ്വന്തം നിലയ്ക്ക് പണം നൽകിയാണ് പല സ്കൂളുകളിലും വിഭവങ്ങൾ വാങ്ങുന്നത്.
പലപ്പോഴും ഒരു മാസം കഴിഞ്ഞൊക്കെയാണ് സർക്കാരിൽ നിന്ന് ഫണ്ട് പാസാകുന്നത്.
അതുവരെ സ്കൂളുകൾ മുട്ടയും പാലും പച്ചക്കറിയുമുൾപ്പെടെ പണം നൽകി വാങ്ങണം. വലിയ തുക കുടിശികയായാൽ കടക്കാരും സാധനങ്ങൾ നൽകാൻ മടിക്കുന്നുണ്ട്.
ഒട്ടേറെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ 2 ലക്ഷത്തിനടുത്താണ് ഒരു മാസം ചെലവു വരുന്നത്.
നിലവിലെ മെനു വച്ച് വിഭവങ്ങൾ തയാറാക്കിയാൽ ഇതിനപ്പുറം പോകാനാണ് സാധ്യത. ഇത് എങ്ങനെ നൽകും എന്നതിന് സർക്കാരും ഉത്തരം നൽകുന്നില്ല.
ഉച്ചഭക്ഷണ വിഹിതമായി എൽപിയിൽ ഒരു കുട്ടിക്ക് 6.78 രൂപയും, യുപിയിൽ 10.17 രൂപയുമാണ് നൽകുന്നത്. നിലവിൽ ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]