
‘ഹോട്ടൽ’ ബോർഡുമായി നിൽക്കുന്നവർക്ക് അടിസ്ഥാന സൗകര്യം ഒരുക്കണം; പരിശോധന നടത്തും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ പാതയോരത്തെ ഭക്ഷണശാലകൾക്കു മുന്നിൽ ‘ഹോട്ടൽ’ എന്ന ചെറിയ ബോർഡുമായി യാത്രക്കാരെ കൈകാട്ടി വിളിച്ചുകൊണ്ടു മഴയത്തും വെയിലത്തും മാറാതെ നിൽക്കുന്നവരെ കണ്ടിട്ടില്ലേ? അവർക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ തൊഴിൽ വകുപ്പു പരിശോധന നടത്തും. ദേശീയ പാതകളിലെ ഭക്ഷണശാലകൾക്കു മുൻപിൽ തുടക്കം കുറിച്ച ഈ ജോലി പിന്നീട് എല്ലായിടത്തേക്കും വ്യാപിച്ചെങ്കിലും പ്രാഥമിക സൗകര്യങ്ങളില്ലാത്ത സ്ഥിതിയായിരുന്നു.
തുടർച്ചയായി 12 മണിക്കൂർ വരെ നിൽക്കേണ്ടി വരുന്ന തൊഴിലാളികൾക്ക് ഇരിപ്പിടം, ശുദ്ധജലം, തണൽ, വെയിലത്തു കുട എന്നിവ ഉറപ്പു വരുത്താനാണു തൊഴിൽ വകുപ്പിന്റെ ഉത്തരവുള്ളത്. ഇക്കാര്യം നടപ്പാക്കുന്നു എന്ന് ഉറപ്പാക്കാനാണു സ്ക്വാഡ് പരിശോധനയ്ക്കു നിർദേശിച്ചിരുന്നത്. സെക്യൂരിറ്റി വിഭാഗത്തിലാണു തൊഴിലെങ്കിലും ഹോട്ടലുകളിലേക്ക് ആളുകളെ മാടിവിളിക്കുകയും പാർക്കിങ് ക്രമീകരിക്കുകയുമാണു പലർക്കും ചുമതല.
പലയിടത്തും ഇവരെ തൊഴിൽ റജിസ്റ്ററിൽ ഉൾപ്പെടുത്തുന്നില്ലെന്നും പരാതിയുണ്ട്. സംസ്ഥാനത്തെ സെക്യൂരിറ്റി ജീവനക്കാർക്ക് മാസം 24,000 രൂപ ലഭിക്കുന്ന വിധത്തിൽ വേതനപരിഷ്കരണത്തിന്റെ പ്രാഥമിക ഉത്തരവായി. അതിലെ അപാകതകൾ പരിഹരിച്ചു സർവീസ് വെയ്റ്റേജ്, യൂണിഫോം അലവൻസ്, വാഷിങ് അലവൻസ് എന്നിവ കൂടി ഉൾപ്പെടുത്തി താമസിയാതെ അന്തിമ ഉത്തരവ് ഇറക്കാനുള്ള ശ്രമത്തിലാണു തൊഴിൽവകുപ്പ്.