
ആനക്കരയിൽ മോഷണ സംഘം: കിണറ്റിൽ വീണയാളും കൂട്ടാളിയും പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമരനല്ലൂർ ∙ ആനക്കരയിൽ മോഷണത്തിനെത്തിയ സംഘത്തിലെ ഒരാൾ കിണറ്റിൽ വീണു. തമിഴ്നാട് സ്വദേശി കരുണാനിധി (55) ആണ് ആനക്കര വടക്കത്ത് പടിക്കു സമീപം ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ വീണത്. കൂടെയുണ്ടായിരുന്ന ജയരാമൻ (29) എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. ആനക്കര സ്വദേശി ഗിന്നസ് സെയ്തലവിയും സുഹൃത്തുക്കളും തൃശൂരിൽ നിന്നു വരുന്ന വഴി പാതയോരത്തു സംശയകരമായ സാഹചര്യത്തിൽ ഒരാൾ നിൽക്കുന്നതു കണ്ട് ചോദ്യം ചെയ്തതോടെയാണ് ഒരാൾ കിണറ്റിൽ വീണ കാര്യം അറിയുന്നത്.
ഇവർ വിവരം അറിയിച്ചതോടെ പൊലീസും അഗ്നിരക്ഷാസേനയും എത്തി കിണറ്റിൽ വീണ ആളെ പുറത്തെടുത്തു. തൃത്താല പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിനെത്തിയതാണെന്നു വ്യക്തമായത്. തമിഴ്നാട്ടിൽ നിന്നു ട്രെയിൻ മാർഗം എത്തി ആളില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം നടത്തി മടങ്ങുകയാണ് സംഘത്തിന്റെ രീതി. കൂട്ടത്തിൽ സ്ത്രീകളും ഉള്ളതായി പ്രതികൾ പൊലീസിനോടു പറഞ്ഞു.
ഒട്ടേറെ കേസുകളിൽ പ്രതികളാണ് ഇവരെന്ന നിഗമനത്തിലാണ് പൊലീസ്. ആനക്കര മേഖലയിൽ കഴിഞ്ഞ ദിവസം ചില വീടുകളിൽ മോഷണശ്രമം നടന്നിട്ടുണ്ട്. പ്രദേശത്തെ ഒരു വീട്ടിൽ മോഷണത്തിന്റെ ഭാഗമായി പിറകുവശം പൊളിച്ച നിലയിൽ കണ്ടെത്തിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.