പാലക്കാട് ∙ പഴയ തലമുറയുടെ വിശ്വാസതീക്ഷ്ണതയുടെ മായാത്ത മുദ്രയായി നല്ലേപ്പിള്ളി പുതുമന ചോണ്ടത്ത് തറവാട്ടിലെ രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചെപ്പേട്. ചെമ്പുതകിടിൽ എഴുതിയ പുരാതന രേഖകളാണു ചെപ്പേടുകൾ എന്ന് അറിയപ്പെടുന്നത്.
രാമേശ്വരം ക്ഷേത്രത്തിലേക്കു പുതുമനപ്പണിക്കർ രാമകൃഷ്ണൻ എന്നു പേരുള്ള കാരണവർ കൈമാറിയ ‘ചൂളിപ്പൊന്നിന്റെ ’ പലിശ ഉപയോഗിച്ചു വരും തലമുറകൾക്കു വഴിപാടുകൾ നടത്താമെന്നു ക്ഷേത്ര പുരോഹിതൻ ഇത്തൻ പട്ടർ എഴുതിയതാണു രേഖ. ഇത്തരം ചെമ്പോലകളെ ധർമസാധന പട്ടയം എന്നാണു വിളിക്കുന്നത്.
1791 നവംബർ ഒൻപതിന് എഴുതിയതാണ് ഈ പട്ടയം.
ചിറ്റൂർ, നല്ലേപ്പിള്ളി, തത്തമംഗലം, പട്ടഞ്ചേരി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖല അക്കാലത്തു നാലൂർ ദേശം എന്നാണ് അറിയപ്പെട്ടിരുന്നതെന്നു കൊങ്ങൻപട രേഖകൾ പറയുന്നു.
അക്കാലത്തു രാമേശ്വരം ക്ഷേത്രം നിലനിന്നിരുന്ന ഭാഗത്തെ നാണയം ‘ചൂളിപ്പൊൻ ’ എന്നും അറിയപ്പെടുന്നു. നാലൂർ ദേശത്തിലെ ചോണ്ടത്ത് തറവാട്ടിലെ കാരണവർ 87 ചൂളിപ്പൊന്നാണു കൈമാറിയത്.
ഇതിന്റെ പലിശ ഉപയോഗിച്ച് ചോതി, രേവതി നക്ഷത്രങ്ങളിൽ സ്വാമിക്കു നെയ് വിളക്ക്, ഹനുമാനു പഞ്ചസാരപ്പായസം, വില്വാർച്ചന എന്നിവ ചെയ്യാമെന്നും സൂര്യചന്ദ്രന്മാർ ഉള്ളിടത്തോളം കാലം സന്തതി പരമ്പരകൾക്കു വഴിപാട് തുടരാമെന്നുമാണു ചെപ്പേടിൽ പറയുന്നതത്രേ.
തമിഴിൽ എഴുതിയ ചെപ്പേട് വായിച്ചതു പൊള്ളാച്ചി സ്വദേശിയും ചരിത്രകാരനുമായ ഡോ.ജഗദീഷും മലയാളത്തിൽ വ്യാഖ്യാനിച്ചതു കാലടി സർവകലാശാല ചരിത്ര വിഭാഗം ഗവേഷകൻ ഇ.സന്തോഷുമാണ്.
ജില്ലയിലെ പല തറവാട്ടുകാരും തമിഴ്നാട്ടിലേതുൾപ്പെടെ വിവിധ ക്ഷേത്രങ്ങൾക്ക് ഇത്തരത്തിൽ പണം സംഭാവന ചെയ്തു ചെപ്പേടുകൾ സൂക്ഷിച്ചിരുന്നതായി ചരിത്രഗവേഷകൻ സായ്നാഥ് മേനോൻ പറയുന്നു. ഇത്തരം രേഖകളുടെ ഓരോ പകർപ്പ് ക്ഷേത്രത്തിലും തറവാടുകളിലും സൂക്ഷിക്കും.
പല തറവാടുകളിലും ഇത്തരം രേഖകൾ നഷ്ടമായി. ചില ക്ഷേത്രങ്ങളിലെ ഇത്തരം രേഖകൾ പുരാവസ്തുവകുപ്പ് സൂക്ഷിക്കുന്നുണ്ട്.
പുതുമന ചോണ്ടത്ത് തറവാട്ടിലെ രാജഗോപാൽ മന്നാടിയാരും കുടുംബവുമാണ് ഈ ചെമ്പോല കാത്തുസൂക്ഷിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]