∙ അത്തം മുതൽ തന്നെ സജീവമാകുന്നതാണു പൂക്കച്ചവടം. പൂക്കളമൊരുക്കാൻ നാടും നഗരവും പൂക്കൾ തേടി പായുന്നു.
പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ പൂമാർക്കറ്റിൽ പൂരത്തിന്റെ തിരക്കാണ്. ചെണ്ടുമല്ലിയും വാടാമല്ലിയും ജമന്തിപ്പൂക്കളും തേടി ജനം ഒഴുകിയെത്തിയതോടെ പൂമാർക്കറ്റ് തന്നെ ഓണപ്പൂക്കളമായി.
ഓണവിപണി മുന്നിൽ കണ്ടു തമിഴ്നാട്ടിൽ നിന്നു വേണ്ടുവോളം പൂവ് എത്തുന്നതിനാൽ ക്ഷാമമില്ല. വില കുറച്ചേറെ ഉയർന്നിട്ടുണ്ട്. എന്നാലും വേണ്ടുവോളം പൂക്കൾ വാങ്ങിത്തന്നെയാണ് എല്ലാവരുടെയും മടക്കം.
ഓണപ്പൂക്കളിൽ താരം ചെണ്ടുമല്ലി തന്നെ.
ആവശ്യക്കാരേറെയുള്ളതും ചെണ്ടുമല്ലിക്കാണ്. മഞ്ഞ, ചുവപ്പ് ചെണ്ടുമല്ലി വില കിലോഗ്രാമിനു 100 മുതൽ 150 രൂപ വരെ.
തൂവെള്ള ജമന്തിക്കു നല്ല വിലയാണ്. കിലോഗ്രാമിനു 500 രൂപ.
ചില്ലി റോസ് പൂക്കളുമുണ്ട്. ഇതു തന്നെ മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ നിറങ്ങളിൽ ലഭ്യമാണ്.
300 രൂപയാണു വില. പിങ്ക് നിറത്തിലുള്ള അരളിപ്പൂവിന്റെ വില 250 രൂപ.
റാണി പിങ്കാണെങ്കിൽ വില 400 രൂപ. വാടാമല്ലിയും ജനപ്രിയമാണ്.
200 രൂപയാണു വില. ജമന്തിക്ക് 500 രൂപ.
നാട്ടുപൂക്കളും
ചെമ്പരത്തി, മത്തൻപൂവ്, കുമ്പളം പൂവ്, ചെണ്ടുമല്ലി, തുളസിയില, മുക്കുറ്റി, തുമ്പ, കോളാമ്പിപ്പൂ, കൊങ്ങിണിപ്പൂ, കമ്മൽപൂവ്, കൃഷ്ണകിരീടം, മന്ദാരം, നന്ത്യാർവട്ടം കണ്ണാന്തളി, വെരുകിൻ പൂവ്, ഗന്ധരാജം തുടങ്ങി നാട്ടുപൂക്കൾ ശേഖരിച്ചൊരു ഓണക്കാലമുണ്ടായിരുന്നു.
നാട്ടിൻപുറങ്ങളിൽ ഇപ്പോഴും ഇത്തരം പൂക്കളാണ് ഓണപ്പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നത്. കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്ത പല പൂക്കളും ഇന്നു നാട്ടിൻപുറങ്ങളിൽ നിന്നു പോലും അപ്രത്യക്ഷമായിത്തുടങ്ങിയിരിക്കുന്നു.
അത്തം മുതൽ തുടങ്ങും രാവിലെ പൂക്കൾ തേടിയുള്ള ഓട്ടം. പരിസരത്തുള്ള പൂക്കൾ ശേഖരിക്കൽ കുട്ടികളുടെ ജോലിയാണ്.
അടിച്ചുവൃത്തിയാക്കിയ മുറ്റത്തു ചാണകം മെഴുകി പൂവിടുന്നത് അമ്മമാരുടെ നേതൃത്വത്തിലാണ്. ഇന്നും പാലക്കാട്ടെ നാട്ടിൻപുറങ്ങളിൽ ഇത്തരം കാഴ്ചകൾ കാണാം
പാലക്കാടൻ ചെണ്ടുമല്ലി
അത്തം മുതൽ പത്തു ദിവസം പൂക്കളത്തിനുള്ള ചെണ്ടുമല്ലി ജില്ലയുടെ കിഴക്കൻ മേഖലയായ ചിറ്റൂർ, മീനാക്ഷിപുരം എന്നിവിടങ്ങളിലെ കർഷകരുടെ പാടങ്ങളിൽ പൂത്തുലഞ്ഞു. എലപ്പുള്ളി , വടകരപ്പതി, എരുത്തേമ്പതി, പെരുമാട്ടി മേഖലകളിൽ 10 സെന്റ് മുതൽ ഒരേക്കർ വരെയുള്ള ഭൂമിയിലാണു ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്.
പലയിടത്തും വിളവെടുപ്പ് നേരത്തേതന്നെ ആരംഭിച്ചു. ഓണം അടുക്കുമ്പോൾ കിലോഗ്രാമിന് 500 രൂപ വരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണു കർഷകർ.
തൃശൂർ, എറണാകുളം ജില്ലകളിലേക്കും കർഷകർ ചെണ്ടുമല്ലി കയറ്റി അയയ്ക്കുന്നുണ്ട്. കുടുംബശ്രീയും പൂക്കൃഷി ചെയ്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]