പാലക്കാട് ∙ ഓണസദ്യയിലെ ആദ്യ ഇനമാണു ശർക്കര വരട്ടിയും നേന്ത്രക്കായ ഉപ്പേരിയും (കായ വറുത്തത്). നേന്ത്രക്കായ വിൽപന ഉഷാറാണെങ്കിലും ഓണക്കാലത്തും കാര്യമായ വില ലഭിക്കാത്തതു കർഷകർക്കു ദുരിതമാകുന്നു.
35 രൂപയാണു കിലോഗ്രാമിനു മൊത്തവില. കർഷകനു ലഭിക്കുക 32 രൂപ മാത്രം.
ചില്ലറ വിപണിയിൽ 45 രൂപയാണു വില. കഴിഞ്ഞ ഓണത്തിനു കിലോഗ്രാമിന് 55–60 രൂപ വരെ വിലയുണ്ടായിരുന്നു.
കർഷകനു 45 രൂപ വരെ കിട്ടിയിരുന്നു. ഒരു വാഴ കുലയ്ക്കുന്നതു വരെ വളമിടലും മറ്റുമായി 200 രൂപ വരെ ചെലവുണ്ടെന്നു കർഷകർ പറയുന്നു.
ജില്ലയിൽ വാഴക്കൃഷി വ്യാപകമായി മഴയിൽ നശിച്ചതും തിരിച്ചടിയായി.
മണ്ണാർക്കാട്, കല്ലടിക്കോട്, ചിറ്റൂർ, ആലത്തൂർ, ചിറ്റിലഞ്ചേരി, മലമ്പുഴ, മംഗലംഡാം എന്നിവിടങ്ങളിൽ നശിച്ചത് 20 ഹെക്ടറിലേറെ വാഴക്കൃഷിയാണ്. കാട്ടാന ഉൾപ്പെടെ മൃഗങ്ങളും വാഴ നശിപ്പിച്ചു.
സാധാരണ ഓണക്കാലത്തു നേന്ത്രക്കായയ്ക്കു വില കൂടാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ലെന്നു വ്യാപാരികൾ പറയുന്നു.
100 ടൺ നേന്ത്രക്കായ ആണ് ഓണവിപണി ലക്ഷ്യമിട്ട് അയൽ സംസ്ഥാനങ്ങളിൽ നിന്നു ജില്ലയിലെത്തിച്ചിട്ടുള്ളത്. തമിഴ്നാട്ടിലെ സിരുമുഖം, അവിനാശി, സേവൂർ, മേട്ടുപ്പാളയം, സത്യമംഗലം, പുളിയംപെട്ടി, കർണാടകയിലെ നഗരം തുടങ്ങിയ മേഖലയിൽ നിന്നാണു കൂടുതലും കായ എത്തുന്നത്.
വർഷത്തിൽ 10 മാസവും വാഴക്കൃഷി ചെയ്യുന്ന തമിഴ്നാട് ഗ്രാമങ്ങൾ ഒട്ടേറെയുണ്ട്.
നാടൻ കായയ്ക്കു ക്ഷാമം
നാടൻ നേന്ത്രപ്പഴത്തിന്റെ മാധുര്യം മറവിയിലേക്ക് എന്നുതന്നെ പറയാം. വിപണിയിൽ ആവശ്യമായതിന്റെ അഞ്ചു ശതമാനം പോലും നാടൻ കായ എത്തുന്നില്ല.
നാടൻ കായ കൂടുതലും എത്തുന്നതു കരിമ്പ, കല്ലടിക്കോട്, മംഗലംഡാം മേഖലകളിൽ നിന്നാണ്. പാലക്കാടൻ നേന്ത്രക്കായയ്ക്ക് ആവശ്യക്കാരേറെയാണ്.
പഴത്തിനായാലും കായവറവിനായാലും പാലക്കാടൻ നേന്ത്രൻ താരം തന്നെ. വിദേശത്തേക്കു കയറ്റി അയയ്ക്കുന്ന കായവറവ് തയാറാക്കാൻ പാലക്കാട്ടെ നേന്ത്രക്കായ തേടി എത്തുന്നവരും ഏറെയാണ്.
കായവറുത്തത് വിവിധ രുചികളിൽ
കായ വറുത്തതിന്റെ രുചി അൽപം മാറ്റിപ്പിടിച്ചാലോ ? ടൊമാറ്റോ, പുതിനയില, പെപ്പർ, ജിഞ്ചർ, ലെമൺ, സ്പൈസി ചില്ലി എന്നിവയുടെ രുചികളിൽക്കൂടി കായവറുത്തു കിട്ടിയാൽ എങ്ങനെയുണ്ടാകും.
നേന്ത്രക്കായ മുറിച്ച് അതിൽ സോസോ, പൊടിയോ ചേർത്താണു വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. വെളിച്ചെണ്ണയ്ക്കു വില കൂടിയതോടെ കായ വറുത്തതിന് വില 10 മുതൽ 15% വരെ വർധിച്ചു.
വെളിച്ചെണ്ണയിൽ വറുത്ത കായയ്ക്ക് കിലോഗ്രാമിന് 560 രൂപയാണു വില. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]