
പാലക്കാട് ∙ കോട്ടമൈതാനത്തിനു സമീപം ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ യുവതി മരിച്ച സംഭവം കൊലപാതകമെന്നു പൊലീസ് കണ്ടെത്തി. യുവതിയെ ആശുപത്രിയിലെത്തിച്ച മീനാക്ഷിപുരം പട്ടഞ്ചേരി മല്ലൻകുളമ്പ് സ്വദേശി എസ്.സുബ്ബയ്യനെ (40) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
പീഡനശ്രമം ചെറുത്ത യുവതിയെ സുബ്ബയ്യൻ മർദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയായ 46 വയസ്സുകാരിയാണു കൊല്ലപ്പെട്ടത്.
ആക്രി പെറുക്കി ജീവിക്കുകയായിരുന്നു.30നു രാത്രി ഒൻപതോടെ സ്റ്റേഡിയം ബൈപാസ് റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നു യുവതിയെ സുബ്ബയ്യനാണ് ഓട്ടോയിൽ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഭാര്യയാണെന്നും അസുഖം കൂടി അവശനിലയിലായതാണെന്നും സുബ്ബയൻ ഓട്ടോ ഡ്രൈവറെ ധരിപ്പിച്ചു. ഈ സമയം യുവതി അബോധാവസ്ഥയിലായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തും മുൻപു കടന്നുകളയാൻ ശ്രമിച്ച സുബ്ബയ്യനെ എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥൻ തടഞ്ഞുവച്ചു.
ഭാര്യയാണെന്നാണു പൊലീസിനോടും ആദ്യം ഇയാൾ പറഞ്ഞത്. പിന്നീടു തിരുത്തി. പരസ്പരവിരുദ്ധമായിരുന്നു മറുപടി.
ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു.
സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഭാര്യയെ ക്രൂരമായി മർദിച്ച കേസിൽ മീനാക്ഷിപുരം പൊലീസിൽ ഇയാൾക്കെതിരെ കേസുണ്ട്.
ക്രൂരമായ കൊലപാതകം
യുവതിയുടെ ചുണ്ടിലും കഴുത്തിലും ശരീരത്തിലും ക്രൂരമായി മർദനമേറ്റ പാടുകളുണ്ട്.
ആന്തരിക അവയവങ്ങൾക്കും ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു.
യുവതിയുടെ നിലവിളി പുറത്തു കേൾക്കാതിരിക്കാൻ വായിൽ തോർത്തു തിരുകി. കഴുത്തു ഞെരിച്ചിട്ടുണ്ട്.
ശ്വാസം മുട്ടിയാണു മരിച്ചത്.
സ്റ്റേഡിയം ബൈപാസ് റോഡിൽ രാത്രി എട്ടരയോടെ യുവതി പേടിച്ചു വേഗത്തിൽ ഓടിപ്പോകുന്നതു വാഹന യാത്രക്കാർ കണ്ടിരുന്നു. യുവതിയെ പിന്തുടർന്നു വിവരം അന്വേഷിക്കാൻ ചിലർ ശ്രമിച്ചെങ്കിലും ആക്രി പെറുക്കി ജീവിക്കുന്ന യുവതിയാണെന്നും ഇത്തരം സംഭവം സ്ഥിരമാണെന്നും വ്യാപാരികളും മറ്റും അറിയിച്ചതോടെ പോയില്ല.
സുബ്ബയ്യൻ എട്ടോടെ ഈ പരിസരത്തു മദ്യപിക്കുന്നതു കച്ചവടക്കാരും കണ്ടിരുന്നു.യുവതിയുടെ മരണത്തിനു ശേഷം ഇവിടെ അന്വേഷണത്തിനെത്തിയ പൊലീസുകാരോട് ഇവർ ഇക്കാര്യം പറയുകയും ചെയ്തു.ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ യുവതി രക്ഷപ്പെടുമായിരുന്നുവെന്നും ഇനി ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്നും പൊലീസ് നിർദേശം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]