
വികസനത്തിന്റെ റോഡ് മാപ്പുമായി വികെ ശ്രീകണ്ഠൻ എംപി; വേണം വിമാനത്താവളം, കഞ്ചിക്കോട് സ്റ്റേഷൻ വികസനം, ലോജിസ്റ്റിക്സ് പാർക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ വ്യവസായ സ്മാർട് സിറ്റി വരുമ്പോൾ കാർഗോ, കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിക്കും സംരംഭകരുടെ യാത്ര സുഗമമാകാനും പാലക്കാട്ട് രാജ്യാന്തര വിമാനത്താവളം ആവശ്യമാണെന്നു വി.കെ.ശ്രീകണ്ഠൻ എംപി. കഞ്ചിക്കോട് റെയിൽവേ സ്റ്റേഷന്റെ വികസനവും ഉറപ്പുവരുത്തണം. ‘ഉഡാൻ’ പദ്ധതിയിൽ കേന്ദ്രം 250 വിമാനത്താവളങ്ങൾ അനുവദിക്കുമ്പോൾ പാലക്കാടിന് സാധ്യത ഏറെയാണ്.
കൃത്യമായ ഇടപെടലുണ്ടായാൽ അത് യാഥാർഥ്യമാക്കാനാകും. കേന്ദ്രസർക്കാരിന്റെ പ്രത്യേക പദ്ധതിയിൽ നഗരങ്ങൾക്കുമാത്രം അനുവദിക്കുന്ന തീം ബേസ്ഡ് ഗ്രീൻഫീൽഡ് സിറ്റിയും പുതുശേരി വ്യവസായ മേഖലയിൽ നേടിയെടുക്കാൻ ശ്രമം വേണം. മീറ്റിങ്, ഇൻസന്റീവ്സ്, എക്സിബിഷൻ സെന്റർ, കോൺഫറൻസ് ഹാളുകൾ ഉൾപ്പെട്ട സംവിധാനത്തിന്റെ ഭാഗമായാണ് ഗ്രീൻസിറ്റി പദ്ധതി. പാലക്കാട് ഐഐടിയുടേത് ഉൾപ്പെടെയുള്ള സാന്നിധ്യം പദ്ധതികൾ ലഭിക്കാൻ സഹായമാകും.
അതിനാവശ്യമായ 50 ഹെക്ടർ സ്ഥലം കോച്ച് ഫാക്ടറിക്ക് എറ്റെടുത്തു നൽകിയ ഭൂമിയിൽ കണ്ടെത്താനാകും. സ്ഥലം ലഭിക്കാൻ സംസ്ഥാന സർക്കാർ റെയിൽവേയ്ക്ക് കത്തയച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. ശക്തമായ ശ്രമം തുടർന്നാൽ ഫലമുണ്ടാകും. ഗ്രീൻഫീൽഡ് സിറ്റി പദ്ധതിക്ക് ആദ്യഘട്ടത്തിൽ 200 കോടി രൂപ കേന്ദ്രം അനുവദിക്കും. സിറ്റിയിലെ ഓരോ യൂണിറ്റിനും 50 കോടിയും ലഭിക്കും. ഇതുസംബന്ധിച്ച നിവേദനം എംപി മന്ത്രി പി.രാജീവിനു നൽകി.
മേഖലയിൽ ലോജിസ്റ്റിക്സ് പാർക്കിന് കൂട്ടായ നീക്കം നടത്തണമെന്നും എംപി ആവശ്യപ്പെട്ടു. കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കേണ്ടത് സ്മാർട് സിറ്റിക്ക് അത്യാവശ്യമാണ്. കേന്ദ്രം അനുവദിച്ച സ്മാർട് സിറ്റി പദ്ധതിക്ക് അംഗീകാരം വേഗത്തിലാക്കാൻ വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും കേന്ദ്രമന്ത്രിയെ നേരിട്ടു കാണുകയും ചെയ്തിരുന്നു.
പദ്ധതി വരുന്നതോടെ പാലക്കാട്ട് വികസനം ഉറപ്പായി. കേരളത്തിന്റെ കവാടമായ ജില്ലയ്ക്കു വലിയ പ്രതീക്ഷകളാണ് ഇതു നൽകുന്നത്. തങ്ങളുടെ ഉൽപന്നങ്ങൾക്കു മികച്ച വിപണി ലഭിക്കുമെന്നു നെൽകർഷകർ ഉൾപ്പെടെ കണക്കുകൂട്ടുന്നു. സ്മാർട് സിറ്റിയുടെ ഗുണം പൂർണമായി കർഷകർക്കു ലഭിക്കാൻ ജില്ലയ്ക്ക് കാർഷിക പാക്കേജ് അനുവദിക്കണംഗ്രീൻഫീൽഡ് അതിവേഗപ്പാതയോടെ ചരക്കുകടത്തിലും വലിയ കുതിപ്പുണ്ടാകും.
നിലവിലുള്ള മണ്ണുത്തി – പാലക്കാട് ദേശീയപാത ആറു വരിയാക്കുന്നതു കേന്ദ്രം പരിശോധിക്കുന്നുണ്ട്. റെയിൽവേയിൽ പലയിടത്തും ‘കുപ്പിക്കഴുത്താണ്’. ചരക്കുകടത്തിനുള്ള റോ റോ സർവീസിനു തടസ്സമായ ഷൊർണൂർ ജംക്ഷനിലെ പ്രശ്നം പരിഹരിക്കാൻ പദ്ധതി താമസിയാതെ തുടങ്ങും. പാലക്കാട് പിറ്റ് ലൈൻ പൂർത്തിയാകുമ്പോൾ ടൗൺ കേന്ദ്രീകരിച്ച് അര ഡസൻ ട്രെയിൻ സർവീസുകൾ ആരംഭിക്കാനാകും. വർഷങ്ങൾക്കു മുൻപു തുടങ്ങിയ കിൻഫ്ര പാർക്ക് ജല പദ്ധതി ഇനിയും പ്രാവർത്തികമായിട്ടില്ല. വ്യവസായ സിറ്റിയിൽ ദിവസം 15 ലക്ഷം ലീറ്റർ ജലം വേണ്ടിവരുമെന്നാണു കണക്കുകൂട്ടൽ. അതിനുള്ള അടിസ്ഥാന നടപടികൾ പൂർത്തിയാക്കണമെന്നും വി.കെ.ശ്രീകണ്ഠൻ എംപി ആവശ്യപ്പെട്ടു.