
മൈസൂരു വൃന്ദാവൻ പോലെ…; അടിമുടി മാറുന്നു മലമ്പുഴ ഉദ്യാനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലമ്പുഴ∙ കേരളത്തിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന മലമ്പുഴ ഉദ്യാനം അടിമുടി മാറ്റത്തിനൊരുങ്ങുകയാണ്. ഉദ്യാനത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കുന്നതിനൊപ്പം പുതിയ സംവിധാനങ്ങളും ഒരുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിക്കു കേന്ദ്രാനുമതി ലഭിച്ചതോടെ ഏറെ പ്രതീക്ഷയിലാണു മലമ്പുഴ. കേന്ദ്ര സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയാണു ഉദ്യാനവും പാർക്കും നവീകരിക്കുക. 75.87 കോടി രൂപയുടെ വികസനങ്ങളാണു നടപ്പാക്കുക.
നവീകരണം എങ്ങനെ ?
മൈസൂരു വൃന്ദാവൻ പോലെ…മൈസൂരു വൃന്ദാവൻ മാതൃകയിൽ മലമ്പുഴ ഉദ്യാനത്തെ അണിയിച്ചൊരുക്കി ‘മിനി മൈസൂരു വൃന്ദാവൻ’ ആക്കാനാണു ലക്ഷ്യമിടുന്നത്. ഇതിനായി നിലവിലെ രൂപകൽപനയിൽ മാറ്റം വരുത്തും. സ്വദേശിയും വിദേശിയുമായി കൂടുതൽ പൂച്ചെടികൾ എത്തിക്കും. പൂമരങ്ങളും നട്ടുപിടിപ്പിക്കും. ഉദ്യാനത്തിനു നടുവിലൂടെ നടപ്പാതകളും ഇരിപ്പിടങ്ങളും ഒരുക്കും. വിവിധ ഇനം ഓർക്കിഡ് പുഷ്പങ്ങളുടെ പാർക്കും ഒരുക്കും.
വരുന്നു തീം പാർക്ക്
വിവിധ റൈഡുകൾ, ഗെയിമുകൾ എന്നിവ ഒരുക്കുന്നതിന്റെ ഭാഗമായി ഉപകരണങ്ങൾ എത്തിക്കും. കുട്ടികളെ ലക്ഷ്യമിട്ടാണു കൂടുതലും റൈ ഡുകൾ. കുട്ടികളുടെ പാർക്കിൽ കൂടുതൽ കളിക്കോപ്പുകൾ സ്ഥാപിക്കും. വിനോദ പരിപാടികളും ഉല്ലാസ പരിപാടികളും സംഘടിപ്പി ക്കാനായി വേദികളും ഒരുക്കും.
പുതിയ ജലധാരകൾ
നിലവിലെ ജലധാരകൾ കൂടാതെ പുതിയ മൂന്നെണ്ണം കൂടി സ്ഥാപിക്കും. പുതിയ തൂക്കുപാലത്തിനു താഴെ ചെറിയ വെള്ളച്ചാട്ടവും നിർമിക്കും. ‘സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്ന ജലധാരകൾ’ എന്ന ആശയവുമായി വാട്ടർ കം മ്യൂസിക് ഫൗണ്ടൻ ഒരുക്കാനും പദ്ധതിയുണ്ട്.
വിനോദത്തിനായി ഇടങ്ങൾ (റിക്രിയേഷൻ സോൺ)
നീന്തൽക്കുളം, പുൽമൈതാനങ്ങൾ, കുട്ടികൾക്കായി കളി സ്ഥലം, വിനോദ പരിപാടികൾക്കായി സ്റ്റേജ് എന്നിവ ഉൾപ്പെടുന്ന ഇടങ്ങൾ ഒരുക്കും.
വൈദ്യുതാലങ്കാരം
ഉദ്യാനത്തിലെ രാത്രി കാഴ്ചകൾ മനോഹരമാക്കാൻ വൈദ്യുതാലങ്കാരം ഒരുക്കും. അണക്കെട്ടിൽ വിവിധ നിറത്തിലുള്ള ലൈറ്റുകൾ സ്ഥാപിച്ച് ഭംഗി കൂട്ടും. പൂന്തോട്ടത്തിലും വൈദ്യുതാലങ്കാരം ഒരുക്കും.
ഭിന്നശേഷി സൗഹൃദം
ഉദ്യാനം ഭിന്നശേഷി സൗഹൃദമാക്കാൻ കൂടുതൽ സംവിധാനങ്ങൾ ഒരുക്കും. ഭിന്നശേഷിക്കാർക്ക് ഉദ്യാനം ആസ്വദിക്കാൻ കഴിയുന്ന വിധം റാംപുകൾ, വീൽചെയർ, വിശ്രമകേന്ദ്രങ്ങൾ, ഭിന്നശേഷി സൗഹൃദ ശുചിമുറി എന്നിവ ഒരുക്കും.
പരമ്പാരഗത കലാരൂപങ്ങളുടെ പ്രദർശനം
സംസ്ഥാനത്തെ പരമ്പരാഗത കലാരൂപങ്ങൾ പ്രദർശിപ്പിക്കാൻ പ്രത്യേക വേദികൾ ഒരുക്കും. കലാകാരൻമാരെ ഇവിടെയെത്തിച്ചു വിവിധ പരിപാടികളും സംഘടിപ്പിക്കും. ആദിവാസി ഉൽപന്നങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനും സൗകര്യമൊരുക്കും.
മാംഗോ ഗാർഡനും ഗവർണേഴ്സ് സീറ്റും നവീകരിക്കും
മാംഗോ ഗാർഡനിൽ ഇരിപ്പിടങ്ങളും പുൽമൈതാനങ്ങളും ഒരുക്കും. മാംഗോ ഗാർഡനിൽ വിളയുന്ന മാമ്പഴങ്ങൾ സന്ദർശകർക്കു വാങ്ങാൻ കഴിയുന്ന വിധം വിപണന സൗകര്യമൊരുക്കും. തകർന്നു കിടക്കുന്ന ഗവർണേഴ്സ് സീറ്റ് നവീകരിക്കും. ഡാമിന്റെയും വൃഷ്ടിപ്രദേശത്തിന്റെയും മലനിരകളുടെയും സൗന്ദര്യം ഉയരത്തിൽ നിന്ന് ആസ്വദിക്കാൻ ഗവർണേഴ്സ് സീറ്റിൽ കെട്ടിടങ്ങൾ സ്ഥാപിക്കും.
മറ്റു പദ്ധതികൾ
∙ മലമ്പുഴ ഉദ്യാനത്തിനു സമീപം പൊലീസ് എയ്ഡ് പോസ്റ്റ്. കൂടുതൽ ടൂറിസം പൊലീസിന്റെ സേവനം∙ ഉദ്യാനത്തിനകത്തും പുറത്തും സിസിടിവി ക്യാമറകൾ. സുരക്ഷാ ഉദ്യോഗസ്ഥർ ഇതു മോണിറ്റർ ചെയ്യും.∙ സൗജന്യ വൈഫൈ സ്പോട്ടുകൾ∙ മലമ്പുഴയിലും പരിസരത്തുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ബോർഡ്. റൂട്ട് മാപ്പ്, താമസ സൗകര്യം, ഭക്ഷണശാല എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും∙ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യ സംസ്കരണത്തിനു സംവിധാനങ്ങൾ ഒരുക്കും∙ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ∙ കാരവൻ പാർക്ക് ചെയ്യാനായി ഉദ്യാനത്തിനു സമീപം സൗകര്യം. കൂടുതൽ കാരവൻ പാർക്കുകളും ഒരുക്കും