തെരുവുനായയുടെ ആക്രമണത്തിൽ പെരുവള്ളൂരിൽ 6 പേർക്കു പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേഞ്ഞിപ്പലം ∙ തെരുവുനായയുടെ ആക്രമണത്തിൽ പെരുവള്ളൂർ പഞ്ചായത്തിലെ കാക്കത്തടം, പാത്തിക്കുഴി ഭാഗങ്ങളിലായി 6 പേർക്കു പരുക്ക്. കാക്കത്തടം പുൽക്കാട്ട് ചോലക്കൽ സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസിനെ (6) സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ 4 മുറിവുണ്ട്. കാലിലും ദേഹത്തും പലയിടത്തും മുറിവേറ്റു.
പാതയോരത്ത് നിൽക്കുകയായിരുന്ന സിയയെ നായ കടിച്ചു വീഴ്ത്തുകയായിരുന്നു. കഴുങ്ങുംതോട്ടത്തിൽ വഹാബിന്റെ മകൻ മുഹമ്മദ് ശാദിൽ (11), പുറ്റേക്കാടൻ ഹനീഫയുടെ മകൻ ഹാഷിം (10), ചോക്ലി അലിയുടെ മകൻ റഹീസ് (17), പറമ്പിൽപീടിക ഒറുപ്പാട്ടിൽ ജാഫർ (38), മകൾ ആയിഷ നിദർ (6) എന്നിവർക്കും പരുക്കേറ്റു. ഇവർക്കു കുത്തിവയ്പ് നൽകി.
സിയയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് റഹീസിന് കടിയേറ്റത്. പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൽ കലാം, വാർഡ് അംഗങ്ങളായ കൊണ്ടാടൻ കോയമോൻ, അരീക്കാട്ട് ബഷീർ എന്നിവർ രാത്രി മെഡിക്കൽ കോളജിലെത്തി സിയയെ സന്ദർശിച്ചു.ഉച്ചയ്ക്ക് ശേഷം 2.30ന് ആണ് നായ പരാക്രമം തുടങ്ങിയത്. നായയെ വൈകിട്ട് 6ന് പാത്തിക്കുഴി പാലത്തിനു സമീപം ചത്ത നിലയിൽ കണ്ടെത്തി. പെരുവള്ളൂർ പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമാണ്. രാപകൽ പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെടുകയാണ്.