
ഇൻഷുറൻസിനായി മിണ്ടാപ്രാണികളോട് കൊടും ക്രൂരത; ഭാരതപ്പുഴയിൽ കൂടുതൽ പശുക്കളുടെ അവശിഷ്ടങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറ്റിപ്പുറം ∙ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാരതപ്പുഴയിൽ കന്നുകാലികളെ പട്ടിണിക്കിട്ടു കൊല്ലുന്നതിനു കൂടുതൽ തെളിവുകൾ. സാധാരണക്കാർ ചെന്നെത്താത്ത ഭാരതപ്പുഴയിലെ പുൽക്കാടുകളിൽ കന്നുകാലികളുടെ കൂടുതൽ അസ്ഥികൂടങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തി. കന്നുകാലികളെ ഭാരതപ്പുഴയിൽ മാസങ്ങളോളം മേയാൻ വിട്ടു പണം കൊയ്യുന്ന സംഘങ്ങൾക്കു പുറമേയാണ് ഇൻഷുറൻസ് തുക തട്ടാനായി കന്നുകാലികളെ പട്ടിണിക്കിട്ടു കൊല്ലുന്നത്.
ചന്തകളിൽ നിന്നു കുറഞ്ഞ വിലയ്ക്കു കാലിയെ വാങ്ങി ഏതാനും മാസം വളർത്തിയിട്ട് 80,000 മുതൽ 1.2 ലക്ഷം രൂപയ്ക്കു വരെ അവയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്നു കന്നുകാലിയെ പുഴയുടെ മധ്യഭാഗത്തു പുൽക്കാടുകൾക്കിടയിൽ കുറ്റിയടിച്ചു കെട്ടിയിടും. പിന്നെ ആ ഭാഗത്തേക്കു തിരിഞ്ഞുനോക്കില്ല. കൊടും വെയിലിൽ വെള്ളവും തീറ്റയും ലഭിക്കാതെ ഇവ ചത്തു വീഴുന്നതോടെ, ആവശ്യമായ രേഖകൾ സംഘടിപ്പിച്ച് ഇൻഷുറൻസ് തുക കൈക്കലാക്കുന്നതാണു രീതി.
ഇത്തരത്തിൽ കുറ്റിപ്പുറം എടച്ചലം സ്വദേശി ഇൻഷുറൻസ് തുക തട്ടുന്നതായി ചൂണ്ടിക്കാട്ടി പ്രദേശത്തെ ക്ഷീരകർഷകർ രംഗത്തെത്തിയിരുന്നു. 15,000 മുതൽ 20,000 രൂപവരെ നൽകി ആരോഗ്യം കുറഞ്ഞ കന്നുകാലികളെയാണു തട്ടിപ്പിനായി വാങ്ങുന്നത്. പുഴയിൽ ചത്തുവീഴുന്ന കന്നുകാലിയെ പോസ്റ്റ്മോർട്ടം നടത്തി രേഖകൾ കൈക്കലാക്കിയശേഷം വെട്ടിനുറുക്കി പുൽക്കാടുകളിൽ തള്ളും. ഇത്തരത്തിൽ തള്ളിയ കന്നുകാലികളുടെ അവശിഷ്ടങ്ങളാണ് ക്ഷീരകർഷകർ തിരച്ചിലിൽ കണ്ടെത്തിയത്.