ആറുവരിപ്പാതയിൽ നിന്ന് താഴ്ചയിലുള്ള സർവീസ് റോഡിലേക്ക് മഴവെള്ളം; പലയിടത്തും ചെളിക്കുളം
തേഞ്ഞിപ്പലം ∙ ഉയരപ്പാതയായുള്ള എൻഎച്ചിൽനിന്ന് മഴയത്ത് ചെളിവെള്ളം ഒഴുകി സർവീസ് റോഡ് പലയിടത്തും ചെളിക്കുളമായി. രാത്രി മഴയത്ത് സർവീസ് റോഡ് വഴി എത്തിയ ബൈക്ക് യാത്രക്കാർ ഇതുമൂലം ഏറെ പ്രയാസപ്പെട്ടു.
പകൽ വെയിൽ ചൂടിൽ വെള്ളം വറ്റി റോഡിൽ മണ്ണ് പരന്നതും വിനയായി. ഒടുവിൽ കരാർ കമ്പനിയുടെ തൊഴിലാളികൾ എത്തി മണ്ണ് കോരി നീക്കുകയായിരുന്നു.
കാക്കഞ്ചേരിക്കും ചെട്യാർമാടിനും ഇടയിൽ കെട്ടിപ്പൊക്കി ആറുവരിപ്പാത നിർമിച്ച ഭാഗത്ത് താഴ്ചയിലുള്ള സർവീസ് റോഡിലാണ് മഴവെള്ളം മൂലം ചെളി പ്രശ്നം സൃഷ്ടിച്ചത്. ആറുവരിപ്പാതയിൽ പലയിടത്തും പാതയോരത്ത് മണ്ണും മറ്റും അടിഞ്ഞു കൂടി കിടക്കുകയിരുന്നു.
മഴ പെയ്ത് വെള്ളം ഒഴുകിയതോടെ മാലിന്യം ഇളകി റോഡിന് പുറത്തേക്ക് ചാടുകയായിരുന്നു. സർവീസ് റോഡ് വഴി ചിലയിടത്ത് ഒഴുകി എത്തിയ മഴവെള്ളവും പ്രശ്നമായി.
ആറുവരിപ്പാതയിലെ മഴവെള്ളം ഒഴുക്കാൻ ബദൽ സംവിധാനം ഒരുക്കാതെ പ്രശ്നം തീരില്ല. ചെറിയ സർവീസ് റോഡിലേക്ക് ചെളിവെള്ളം ഒഴുകിയാൽ ആ വഴിയുള്ള വാഹനങ്ങളും യാത്രക്കാരും എന്താണ് ചെയ്യുകയെന്ന ചോദ്യത്തിനും ഉത്തരമില്ല.
സർവീസ് റോഡിലെ ടാറിങ് കാരണം കാക്കഞ്ചേരി മേൽപാലം മുതൽ യൂണിവേഴ്സിറ്റി മേൽപാലം വരെ ഇരുദിശകളിലേക്കും സർവീസ് റോഡ് വഴിയുള്ള വാഹനങ്ങൾ ഉപയോഗിച്ചത് പടിഞ്ഞാറ് വശത്തെ സർവീസ് റോഡ്. കോഴിക്കോട് ദിശയിലേക്കുള്ള സർവീസ് റോഡാണിത്.
തൃശൂർ ദിശയിലേക്കുള്ള വാഹനങ്ങളും അതേദിശയിൽ സഞ്ചരിച്ചതോടെ റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയായി.
എല്ലാ വാഹനങ്ങൾക്കും ആറുവരിപ്പാത വഴി പോകാൻ പാകത്തിൽ സജ്ജീകരിച്ചിരുന്നെങ്കിൽ സർവീസ് റോഡിലെ തിരക്ക് ഒഴിവാക്കാമായിരുന്നു. ചേലേമ്പ്ര കാക്കഞ്ചേരിയിൽ ടാറിങ്ങിനായി തൃശൂർ ദിശയിലെ സർവീസ് റോഡ് അടച്ചതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വാഹനങ്ങൾ നിറഞ്ഞപ്പോൾ.
പലയിടത്തും ആറുവരിപ്പാതയിലേക്കുള്ള വഴി ആദ്യമേ അടച്ചതിനാൽ ബസ് യാത്രക്കാരും മറ്റും പെരുവഴിയിലാകുമെന്ന് കണ്ട് ബന്ധപ്പെട്ടവർ അതിന് തുനിഞ്ഞില്ല.
റോഡിൽ അപ്പപ്പോൾ വരുത്തുന്ന ഗതാഗത നിയന്ത്രണം മുൻകൂറായി അറിയിക്കുന്നുമില്ല. ചേളാരി അടക്കം പ്രധാന കേന്ദ്രങ്ങളിൽ സൂചനാ ബോർഡുകൾ വച്ചാൽ വാഹന ഡ്രൈവർമാർ ഉൾനാടൻ റോഡുകൾ വഴി തിരിച്ചുവിട്ട് എൻഎച്ച് സർവീസ് റോഡിലെ കുരുക്കിൽനിന്ന് രക്ഷപ്പെടാനാകും.
കാക്കഞ്ചേരിയിലെ പഴയ വളവ് ഒഴിവാക്കി അവിടത്തെ കുന്ന് രണ്ടായി മുറിച്ച് എൻഎച്ച് പൂർത്തിയാക്കിയപ്പോൾ ബാക്കി ഭാഗത്തെ കുഴിയിൽ വെള്ളക്കെട്ടായി. ഭീമൻ അരികുഭിത്തി നിർമിച്ച് റോഡ് പൂർത്തിയാക്കിയതോടെ റോഡിന് വെളിയിൽ വലിയൊരു ഭാഗം കുഴിയായി കിടക്കുകയാണ്.
മഴവെള്ളം ഒഴുകാൻ പാകത്തിൽ കലുങ്കും അവിടെയുണ്ട്. കലുങ്ക് വഴിയുള്ള വെള്ളം ഒഴുകാൻ പാകത്തിൽ ജോലികൾ പൂർത്തിയാക്കി കുഴി അപകടരഹിതമാക്കണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]