
ഐക്യ വിളംബരവുമായി ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ∙ പാർട്ടിയുടെ കരുത്തും ആവേശവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ ഓർമയിൽനിന്ന് ഊർജം ഉൾക്കൊണ്ടും ഐക്യം വിളംബരം ചെയ്തും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം. ചന്തക്കുന്ന് വലിയ ജുമാ മസ്ജിദിലെ ആര്യാടൻ മുഹമ്മദിന്റെ കബറിടത്തിൽ പ്രാർഥനയോടെയായിരുന്നു തുടക്കം. ചടങ്ങിനു ശേഷം പരസ്പരം ആലിംഗനം ചെയ്ത് ആര്യാടൻ ഷൗക്കത്തും വി.എസ്.ജോയിയും പ്രഖ്യാപിച്ചു– ‘ഞങ്ങളൊന്ന്. ഒരു കയ്യും മെയ്യുമായിനിന്നു പോരാടും. നിലമ്പൂർ തിരിച്ചുപിടിക്കുകയെന്ന ആര്യാടൻ മുഹമ്മദിന്റെയും വി.വി.പ്രകാശിന്റെയും അന്ത്യാഭിലാഷം പൂർത്തീകരിക്കും’.
പിതാവിന്റെ കബറിടത്തിൽ മുഖം അമർത്തി വിതുമ്പിയ ആര്യാടൻ ഷൗക്കത്തിനെ വി.എസ്.ജോയിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ലീഗ് നേതാവുമായ ഇസ്മായിൽ മൂത്തേടവും ആശ്വസിപ്പിച്ചു. തന്റെ ശക്തിയും ദൗർബല്യവും പിതാവാണെന്നും അദ്ദേഹം ചെയ്തുവച്ച കാര്യങ്ങൾ പൂർത്തീകരിക്കാനാണു വോട്ട് തേടുന്നതെന്നും ഷൗക്കത്ത് പറഞ്ഞു. കഴിഞ്ഞ 9 വർഷം നിലമ്പൂരിൽ വികസന മുരടിപ്പായിരുന്നുവെന്നും അതിനു മാറ്റം വേണമെന്നും ഷൗക്കത്ത് പറഞ്ഞു. എടക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ, മുൻ ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ അദ്ദേഹം നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോന ചർച്ച്, ചന്തക്കുന്ന് മാർത്തോമ്മാ പള്ളി, ചുങ്കത്തറ എംപിഎം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങൾ സന്ദർശിച്ചു.
ഉച്ചയോടെ പാണക്കാട്ടെത്തിയ ഷൗക്കത്തിനെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ, ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, എംഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്റ് പി.വി.അഹമ്മദ് സാജു തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. പാണക്കാട് ജുമാമസ്ജിദിൽ പൂക്കോയ തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരുടെ മഖ്ബറയിൽ പ്രാർഥന നടത്തി. ലീഗ് നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണു ഷൗക്കത്ത് പാണക്കാട്ടുനിന്നു മടങ്ങിയത്. ഇന്നു രാവിലെ കോഴിക്കോട്ട് കാന്തപുരം എ.പി.അബൂബക്കർ മുസല്യാരെ കാണും.