
ആഗ്രഹം പോലെ ഫത്ഹുല്ല തങ്ങൾക്ക് ജലാലിയ ക്യാംപസിൽ അന്ത്യവിശ്രമം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊണ്ടോട്ടി ∙ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും അമിനി ദ്വീപിന്റെ ഖാസിയുമായിരുന്ന ഫത്ഹുല്ല മുത്തുക്കോയ തങ്ങൾക്ക് (83) ആഗ്രഹം പോലെ മുണ്ടക്കുളം ജാമിഅ ജലാലിയ ക്യാംപസിൽ അന്ത്യവിശ്രമം. വൻ ജനാവലിയുടെ അകമ്പടിയോടെയായിരുന്നു കബറടക്കം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ മരിച്ചു. വൈകിട്ട് മൂന്നരയോടെയാണു ജനാസ ജലാലിയ ക്യാംപസിൽ എത്തിച്ചത്. സംഘടനാ പ്രവർത്തകരും സ്ഥാപന അധികൃതരും ലക്ഷദ്വീപിലും മറ്റുമുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ആയിരങ്ങൾ ക്യാംപസിലെത്തിയിരുന്നു.
മുണ്ടക്കുളത്തെ ജാമിഅ ജലാലിയ്യ ക്യാംപസുമായി വർഷങ്ങൾ നീണ്ട ബന്ധമാണു ഫത്ഹുല്ല തങ്ങൾക്ക് ഉണ്ടായിരുന്നത്. ജലാലിയ്യയുടെ രക്ഷാധികാരികളിൽ ഒരാളും ഖുർആൻ പഠന കേന്ദ്രമായ ‘ഇരിതാഖ്’ ഉലമ കൗൺസിൽ അംഗവുമായിരുന്നു തങ്ങൾ. ഒൻപതു വർഷമായി മുണ്ടക്കുളം പ്രദേശത്ത് നടക്കുന്ന സുലൂഖ് റാത്തീബിന്റെ ആത്മീയ നേതൃത്വവും ഫത്ഹുല്ല തങ്ങളായിരുന്നു. മുശാവറ യോഗങ്ങൾക്കായും മറ്റും കേരളത്തിൽ എത്തുമ്പോഴെല്ലാം അദ്ദേഹം മുണ്ടക്കുളത്തെത്തും. അദ്ദേഹത്തിന്റെ പേരമകനെ സ്ഥാപനത്തിൽ ഉപരി പഠനത്തിനു ചേർക്കുകയും ചെയ്തു. തങ്ങളുടെ ആഗ്രഹപ്രകാരമാണ് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾക്ക് സ്ഥാപനമുറ്റത്ത് അവസരമൊരുക്കിയത്.
സമസ്ത സെക്രട്ടറി എം.ടി.അബ്ദുല്ല മുസല്യാർ, സയ്യിദ് ഫള്ൽ മേൽമുറി, തങ്ങളുടെ മകൻ സയ്യിദ് അബൂസ്വാലിഹ് ഫൈസി ലക്ഷദ്വീപ് തുടങ്ങിയവർ നമസ്കാരത്തിനും പാണക്കാട് ഹാഷിറലി ശിഹാബ് തങ്ങൾ പ്രാർഥനയ്ക്കും നേതൃത്വം നൽകി. ഹംദുല്ല സഈദ് എംപി ലക്ഷദ്വീപ്, ടി.വി ഇബ്രാഹിം എംഎൽഎ, സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, പാണക്കാട് നിയാസലി ശിഹാബ് തങ്ങൾ, സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ.എൻ.എ.എം.അബ്ദുൽ ഖാദർ, മാനേജർ കെ.മോയിൻകുട്ടി, അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളം, സിദ്ദീഖ് ഹാജി എറണാകുളം, ബക്കർ ഹാജി പെരിങ്ങാല, നാസിഹ് അമിനി ദ്വീപ്, ഷാഫി കടമത്ത് തുടങ്ങിയവർ ക്യാംപസിലെത്തി.