
ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണക്കവർച്ച: മുഖ്യപ്രതി പിടിയിൽ ‘
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
താനൂർ∙ ജ്വല്ലറികളിലേക്കു മൊത്തമായി സ്വർണം വിതരണം ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം കവർന്ന കേസിലെ മുഖ്യപ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. എളാരംകടപ്പുറം കോളിക്കാനകത്ത് ഇസ്ഹാഖിനെയാണ് (34) താനൂർ പൊലീസ് പിടികൂടിയത്. 2024 മേയ് 2ന് വൈകിട്ട് 4.30നായിരുന്നു സംഭവം. കോഴിക്കോട് ശുഭ് ഗോൾഡ് ഉടമ പ്രവീൺ സിങ് രാജ്പുത്, സ്ഥാപനത്തിലെ ജീവനക്കാരനായ മഹേന്ദ്രസിങ് റാവുവിന്റെ കൈവശം, കച്ചവടത്തിനായി ജ്വല്ലറികളിലേക്ക് കൊടുത്തയച്ച രണ്ടു കിലോ തൂക്കം വരുന്ന സ്വർണാഭരണങ്ങളും 43.5ഗ്രാം ഉരുക്കിയ സ്വർണക്കട്ടിയുമാണു പ്രതികൾ കവർന്നത്.
തിരൂരിൽ ആരംഭിക്കുന്ന ഒരു ജ്വല്ലറിയിലേക്കു സ്വർണം കാണാനെന്ന വ്യാജേനയാണു പ്രതികൾ യുവാവിനെ വിളിച്ചുവരുത്തിയത്. സ്വർണവുമായി മഹേന്ദ്രസിങ് റാവു മഞ്ചേരിയിലെ ജ്വല്ലറിയിൽ പോയി തിരിച്ചുവരുന്നതിനിടെ തെയ്യാലയിൽ എത്തി. ഇവിടെനിന്ന് ഒരാൾ വന്നു ബൈക്കിൽ ചുരങ്ങരയിലെത്തിച്ചു. കാറിലേക്കു കയറ്റി തട്ടിക്കൊണ്ടുപോകുകയും യുവാവിന്റെ കൈവശമുണ്ടായിരുന്ന സ്വർണം കവർച്ച ചെയ്യുകയുമായിരുന്നു. റാവുവിനെ ഒഴൂർ ഭാഗത്ത് ഉപേക്ഷിച്ച്, സ്വർണവുമായി കവർച്ചക്കാർ കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ നിറമരുതൂർ വട്ടക്കിണർ കുന്നത്ത് മുഹമ്മദ് റിഷാദ് (ബാപ്പുട്ടി 32), തിരൂർ പച്ചാട്ടിരി സ്വദേശികളായ തറയിൽ മുഹമ്മദ് ഷാഫി (34), മരയ്ക്കാരകത്തു കളത്തിൽപറമ്പിൽ ഹാസിഫ് (35), താനൂർ ആൽബസാർ കുപ്പന്റെപുരയ്ക്കൽ റമീസ് (32), പട്ടാമ്പി ലിബർട്ടി സ്ട്രീറ്റ് പുതുമനതൊടി വിവേക് (25), മീനടത്തൂർ മന്നത്ത് നൗഫൽ (27), തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ ഓടിച്ചിരുന്ന തിരുവേഗപ്പുറ മേലേപ്പാട്ട് രാജേഷ് (രാജു– 38) എന്നിവർനേരത്തേ അറസ്റ്റിലായിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ റിപ്പോർട്ട് പ്രകാരം ഡിവൈഎസ്പി പി.പ്രമോദ്, സിഐ ടോണി ജെ.മറ്റം, എസ്ഐ എൻ.ആർ.സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ വിയ്യൂർ അതിസുരക്ഷാ ജയിലിലേക്കു മാറ്റി.