
മഴ കനത്തു, പുഴകൾ കവിഞ്ഞു: തൂതപ്പുഴയിലും ഭാരതപ്പുഴയിലും കനത്ത ഒഴുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വളാഞ്ചേരി ∙ തോരാമഴയിൽ പുഴകൾ നിറഞ്ഞ് ഒഴുകിത്തുടങ്ങി. തൂതപ്പുഴയിലും ഭാരതപ്പുഴയിലും കനത്ത ഒഴുക്കാണ്. തിരുവേഗപ്പുറ, കൊടുമുടി, കൈതക്കടവ്, ഇടിയറക്കടവ്, ചെമ്പ്ര, പരുതൂർ ഭാഗങ്ങളിലെല്ലാം കരയോടു ചേർന്ന് വെള്ളം നിറഞ്ഞിട്ടുണ്ട്. ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലുമുണ്ട്. തൂതപ്പുഴ ഭാരതപ്പുഴയിൽ ചേരുന്ന കരിയന്നൂരിൽ കര പല ഭാഗങ്ങളിലുമായി ഇടിഞ്ഞു. മരങ്ങളും പുഴയിലേക്കു ചാഞ്ഞിട്ടുണ്ട്. ഇനിയും മഴ തുടർന്നാൽ കൃഷിയിടങ്ങളിലേക്കും വെള്ളം കയറുന്ന സ്ഥിതിയാവും. ഭാരതപ്പുഴയിലും ജലവിതാനം ഉയർന്നു.
മങ്കേരി പറമ്പത്ത് കടവിനോടു ചേർന്ന് ഒഴുക്കു കൂടി. പേരശ്ശനൂർ ഭാഗത്തും സ്ഥിതി മറിച്ചല്ല. തൃത്താല വെള്ളിയാങ്കല്ല് തടയണയുടെ ഷട്ടറുകൾ ഉയർത്തിയത് ഭാരതപ്പുഴയിൽ ഒഴുക്കു കൂടാൻ കാരണമായി. 18 ഷട്ടറുകളാണ് കഴിഞ്ഞ ദിവസം ഉയർത്തിയത്. സംഭരണിയിൽ ജലവിതാനം ഉയർന്നതിനെ തുടർന്നാണിത്. വെള്ളം ഉയർന്നതോടെ പുഴയോരവാസികളും ജാഗ്രതയിലാണ്. ജലസംഭരണിയിൽ ജലവിതാനം ഉയർന്നാൽ തടയണയുടെ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ടി വരുമെന്ന മുന്നറിയിപ്പും അധികൃതർ നൽകി.
ഗ്രാമപ്രദേശങ്ങളിൽ അടക്കം വയലുകളും ചെറുറോഡുകളും വെള്ളക്കെട്ടിലായി. കനത്ത കാറ്റിൽ മരം വീണ് വീടുകൾക്ക് കേടുപറ്റി. ജലസ്രോതസ്സുകൾ നിറഞ്ഞു. കുളങ്ങളിലും ജലവിതാനം ഉയർന്നു. തൂതപ്പുഴയും ഭാരതപ്പുഴയും ഇരുകര മുട്ടി ഒഴുകിത്തുടങ്ങി. ഇരിമ്പിളിയം, എടയൂർ, കുറ്റിപ്പുറം, തിരുവേഗപ്പുറ പഞ്ചായത്തുകളിൽ കാറ്റ് നാശം വിതച്ചു. വൈദ്യുതി വിതരണവും താറുമാറായി.
ഏറെനേരം പ്രയാസപ്പെട്ടാണ് മിക്കയിടങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചത്. റോഡുകളിൽ വെള്ളക്കെട്ട് നിറഞ്ഞു. മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്. ആറുവരിപ്പാത നിർമാണ മേഖലയിൽ മഴവെള്ളം വീടുകളിലേക്ക് ഒഴുകിയുള്ള ഭീഷണി തുടരുകയാണ്. വട്ടപ്പാറ, മുരിങ്ങാത്താഴം, പടിഞ്ഞാക്കര ഭാഗങ്ങളിൽ ചെളിവെള്ളം നിറഞ്ഞ അനുഭവവുമുണ്ട്.
വളാഞ്ചേരി ∙ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കാവുംപുറം വാരിയത്ത്കുളത്തിന്റെ ഒരു ഭാഗം കരിങ്കൽപടവുകളോടെ അമർന്നു. കുളത്തിന്റെ സമീപമുള്ള വീടിന്റെ അരികു ചേർന്നാണ് തകർന്നത്. 200 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കുളത്തിന്റെ 15 മീറ്ററോളം കരഭാഗമാണ് ഇടിഞ്ഞത്. രാത്രി ഒരു മണിയോടെ ശബ്ദംകേട്ടു വീട്ടുകാർ ഉണർന്നപ്പോഴാണു സംഭവമറിയുന്നത്. ഒറ്റപ്പാലത്ത് അധ്യാപികയായ ഇ.പി.ഗീതയുടെ വീടിനു സമീപമുള്ള ഈ കുളത്തിന് 80 വർഷത്തെ പഴക്കമുണ്ട്. റവന്യു വകുപ്പ് അധികൃതർക്കു പരാതി നൽകി.
മരങ്ങൾ റോഡിൽ വീണ് ഗതാഗത തടസ്സം
എടപ്പാൾ ∙ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പലയിടത്തും മരങ്ങൾ കടപുഴകി വീണു. റോഡിന് കുറുകെ മരങ്ങൾ വീണതിനെ തുടർന്ന് ഗതഗാതവും തടസ്സപ്പെട്ടു. ഇന്നലെ പുലർച്ചെയോടെ ആണ് ശക്തമായ കാറ്റ് വീശിയത്. കൂറ്റൻ മരങ്ങൾക്ക് പുറമേ തോട്ടങ്ങളിലെ വാഴ ഉൾപ്പെടെയുള്ള കൃഷിയും നശിച്ചിട്ടുണ്ട്.
തൃക്കാണപുരം കിഴക്കെപാട്ട് കോഴിക്കോട്ടു വീട്ടിൽ ദേവിയുടെ വീട്ടുമുറ്റത്തെ മാവ് പൊട്ടിവീണ് വൈദ്യുത തൂണുകൾ തകർന്നു. വീടിനു തകരാർ സംഭവിച്ചു. നടുവട്ടം അയിലക്കാട് റോഡിൽ പൂക്കരത്തറ പാടം ഭാഗത്ത് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വട്ടംകുളം, മൂതൂർ, വെങ്ങിനിക്കര, കുറ്റിപ്പാല, മാണൂർ, പൂക്കരത്തറ, കോലൊളമ്പ് തുടങ്ങി വിവിധ ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണു. നാട്ടുകാരും അഗ്നിരക്ഷാ സേനയും വൈദ്യുതി വകുപ്പ് ജീവനക്കാരും ചേർന്നാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.
എടപ്പാളിൽ വൈദ്യുതി നിലച്ചു
∙ മഴയിൽ മരങ്ങൾ കടപുഴകി വൈദ്യുത കമ്പികളിൽ പതിച്ചതോടെ എടപ്പാൾ സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം പൂർണമായി നിലച്ചു. ഞായർ രാത്രിയോടെ നിലച്ച വൈദ്യുതി ഇന്നലെ വൈകിട്ടോടെയാണ് ഭാഗികമായി പുനഃസ്ഥാപിക്കാനായത്. വിവിധ ഭാഗങ്ങളിലായി 38 വൈദ്യുതക്കാലുകൾ തകർന്നുവീണു. കമ്പികളും പൊട്ടിവീണിട്ടുണ്ട്. ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇവ മുറിച്ചുമാറ്റി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായത്. ചിലയിടങ്ങളിൽ ഇന്നലെ രാത്രിയിലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല.