
ആറുവരിപ്പാതയിൽ ബസിറങ്ങിയ യുവതി കാർ ഇടിച്ചു ഗുരുതരാവസ്ഥയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറ്റിപ്പുറം∙ വാഹനങ്ങൾ അതിവേഗത്തിൽ കടന്നുപോകുന്ന ആറുവരിപ്പാതയിൽ നിയമം ലംഘിച്ചു നിർത്തിയ ബസിൽനിന്ന് ഇറങ്ങിയ യുവതി കാർ ഇടിച്ചു ഗുരുതരാവസ്ഥയിൽ. യുവതിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി. അപകടത്തിൽ പരുക്കേറ്റ കുറ്റിപ്പുറം എടച്ചലം സ്വദേശിനി ചേമ്പലാടൻ വീട്ടിൽ സ്മിതയെ(44) സാരമായ പരുക്കുകളോടെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് അപകടം. എടപ്പാളിലെ ആശുപത്രിയിൽ ഫാർമസിസ്റ്റായ യുവതി ജോലി കഴിഞ്ഞു വീട്ടിലേക്കു വരുന്നതിനിടെയാണ് അപകടമുണ്ടായത്.
മൂടാലിൽ നിർത്തേണ്ട ബസ് സർവീസ് റോഡിലേക്കു കയറാതെ ഏറെദൂരം മുന്നോട്ടുപോയി ആറുവരിപ്പാതയിൽ നിർത്തി യുവതിയെ ഇറക്കുകയായിരുന്നു. വാഹനങ്ങൾ അതിവേഗത്തിൽ കടന്നുവരുന്ന പാതയിലൂടെ മറുവശം കടക്കാൻ ശ്രമിച്ച സ്മിതയെ ഇതേ ട്രാക്കിലൂടെ വന്ന കാർ ഇടിക്കുകയായിരുന്നു.കാലുകളുടെ എല്ലുകൾ പൊട്ടിയ യുവതിയെ വളാഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചശേഷം പെരിന്തൽമണ്ണയിലേക്കു മാറ്റുകയായിരുന്നു. കാറിന്റെ ചില്ലും വശത്തെ മിററും തകർന്നതായി പറയുന്നു.യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
നിയമം പാലിക്കാതെ ബസുകൾ
ആറുവരിപ്പാതയിലെ നിയമം പാലിക്കാതെ സ്വകാര്യ ബസുകൾ അതിവേഗ പാതയിൽ ആളുകളെ ഇറക്കിവിടുന്നു. കാൽനട യാത്രക്കാർക്കു പ്രവേശനം ഇല്ലാത്ത പാതയിലാണു സ്വകാര്യ ബസുകൾ യാത്രക്കാരെ ഇറക്കിവിടുന്നത്.ഇരുവശത്തും മൂന്നു വീതം ട്രാക്കുകൾ ഉള്ള ആറുവരിപ്പാതയിൽ വാഹനങ്ങൾ നിർത്താൻ പാടില്ല എന്നാണു നിയമം. ഈ ട്രാക്കുകളിൽ കാൽനട യാത്രക്കാർക്കു പ്രവേശനമില്ലെന്നിരിക്കെ സമയം ലാഭിക്കാനായി ചില ബസുകൾ യാത്രക്കാരെ അതിവേഗ പാതയിൽ ഇറക്കിവിടുകയാണ്. ആറുവരിപ്പാതയിലൂടെ കടന്നുപോകുന്ന ബസുകൾ യാത്രക്കാരെ ഇറക്കാൻ സർവീസ് റോഡിലേക്കു പ്രവേശിച്ചു ബസ് സ്റ്റോപ്പുകളിൽ എത്തണം. ഇത് ഒഴിവാക്കിയാണു ചില ബസുകൾ നടുറോഡിൽ യാത്രക്കാരെ ഇറക്കുന്നത്. ഇത്തരം ബസുകൾക്കെതിരെ കർശന നടപടി വേണമെന്നാണു യാത്രക്കാർ ആവശ്യപ്പെടുന്നത്.