
അധ്യാപകൻ ഉത്തരക്കടലാസ് പിടിച്ചുവച്ച സംഭവം: വിദ്യാർഥിക്ക് വീണ്ടും പരീക്ഷയ്ക്ക് അവസരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ പ്ലസ്ടു പരീക്ഷയ്ക്കിടെ അധ്യാപകൻ ഉത്തരക്കടലാസ് പിടിച്ചുവച്ച സംഭവത്തിൽ വിദ്യാർഥിക്കു വീണ്ടും പരീക്ഷ എഴുതാം. ഇക്കണോമിക്സ് പേപ്പർ, സേ അല്ലെങ്കിൽ ഇംപ്രൂവ്മെന്റ് പരീക്ഷാസമയത്തു വീണ്ടും എഴുതാനാണ് അവസരം. മാർക്ക് ചേർക്കുമ്പോൾ സേ അല്ലെങ്കിൽ ഇംപ്രൂവ്മെന്റ് എന്നു സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തില്ല. ആദ്യ പരീക്ഷ എന്ന രീതിയിൽതന്നെ പരിഗണിക്കും. ഇതിനു പുറമേ, വിദ്യാർഥിക്ക് ആവശ്യമെങ്കിൽ, സേ അല്ലെങ്കിൽ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാൻ അധിക അവസരവുമുണ്ടാകും. ഹയർസെക്കൻഡറി ചുമതല വഹിക്കുന്ന റീജനൽ ഡപ്യൂട്ടി ഡയറക്ടർ (ആർഡിഡി) ഡോ.പി.എം.അനിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വിദ്യാർഥിയെ വീട്ടിലെത്തി ആശ്വസിപ്പിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
സന്തോഷമായെന്നു വിദ്യാർഥിയും മാതാവും അറിയിച്ചു. കുറ്റൂർ നോർത്ത് കെഎംഎച്ച്എസ്എസിലെ വിദ്യാർഥിക്കാണ് ഇൻവിജിലേറ്ററിൽനിന്നു ദുരനുഭവമുണ്ടായത്. അരമണിക്കൂറോളം പേപ്പർ പിടിച്ചുവച്ചെന്നും ഇതു മാനസികമായി വിഷമിപ്പിച്ചെന്നും വിദ്യാർഥി പരാതി നൽകിയിരുന്നു. സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണു മന്ത്രി വി.ശിവൻകുട്ടിയുടെയും പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെയും നിർദേശപ്രകാരം, ആർഡിഡിയുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാർഥിയെ സന്ദർശിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു സംഘം വിദ്യാർഥിയുടെ വീട്ടിലെത്തിയത്. ഒരു മണിക്കൂറോളം വിദ്യാർഥിയുമായും മാതാവുമായും സംസാരിച്ചു. മുൻ പരീക്ഷകളിൽ മികച്ച മാർക്കുള്ള വിദ്യാർഥിക്കു സംഭവം വലിയ മാനസിക പ്രയാസമുണ്ടാക്കിയതായി മനസ്സിലാക്കി. വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം നൽകുമെന്നറിയിച്ചതോടെ വിദ്യാർഥിയും മാതാവും സമ്മതം അറിയിച്ചെന്നും ആർഡിഡി പറഞ്ഞു. ഹയർസെക്കൻഡറി ജില്ലാ കോഓർഡിനേറ്റർ ഷാജു, അക്കൗണ്ട്സ് ഓഫിസർ അപർണ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അധ്യാപകന്റെ കാറിനു നേരെ പടക്കമേറ്: തെളിവെടുത്തു
മലപ്പുറം∙ ചെണ്ടപ്പുറായ എആർ നഗർ എച്ച്എസ്എസിൽ വിദ്യാർഥികൾ അധ്യാപകന്റെ കാറിനു നേരെ പടക്കമെറിഞ്ഞ കേസിൽ തെളിവെടുപ്പു നടത്തി ആർഡിഡിയും സംഘവും. ഇന്നലെ സ്കൂളിലെത്തിയ സംഘം സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ചു. ഒരു കുട്ടി പടക്കം എടുത്തുകൊടുക്കുന്നതും മറ്റൊരു കുട്ടി എറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ഇക്കാര്യങ്ങൾ വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആർഡിഡി അറിയിച്ചു.
പ്ലസ്ടു പരീക്ഷയ്ക്കിടെ കോപ്പിയടി തടഞ്ഞതുമായി ബന്ധപ്പെട്ടാണു വിദ്യാർഥികൾ ഇൻവിജിലേറ്ററായ അധ്യാപകന്റെ വാഹനത്തിനു നേരെ പടക്കമെറിഞ്ഞതെന്നാണ് ആരോപണം. അധ്യാപകൻ നേരത്തേ പ്രിൻസിപ്പലിനു നൽകിയ പരാതി പൊലീസിനു കൈമാറിയിരുന്നു. ഇതിനു പുറമേയാണു വകുപ്പിന്റെ അന്വേഷണം.