
ഡ്രൈവിങ് ടെസ്റ്റിന് അധിക ബാച്ചുകൾ അനുവദിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരൂരങ്ങാടി ∙ ജില്ലയിൽ കൂടുതൽ ബാച്ചുകൾ അനുവദിച്ചതോടെ ഡ്രൈവിങ് ടെസ്റ്റിനുള്ള കാത്തിരിപ്പിന് വിരാമം. ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചക്കിലം ഇന്നലെ ആർടിഒ ഓഫിസുകൾ സന്ദർശിച്ചതിനെ തുടർന്നാണ് കൂടുതൽ ബാച്ചുകൾ അനുവദിച്ചത്. തിരൂരങ്ങാടി, തിരൂർ സബ് ആർടിഒ ഓഫിസുകളിൽ ഡ്രൈവിങ് ടെസ്റ്റിന് കൂടുതൽ ബാച്ചുകൾ അടിയന്തരമായി അനുവദിച്ചു. കെട്ടിക്കിടക്കുന്ന അപേക്ഷകൾക്ക് 3 മാസത്തിനുള്ളിൽ പരിഹാരം കാണുമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ പറഞ്ഞു. അപേക്ഷകൾ തീർപ്പാക്കുന്നതിനു വേണ്ടി മറ്റു ജില്ലകളിൽനിന്ന് കൂടുതൽ ഉദ്യോഗസ്ഥരെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ തിരൂരങ്ങാടി സബ് ആർടി ഓഫിസ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലേണേഴ്സ് ടെസ്റ്റ് വിജയിച്ച് ഡ്രൈവിങ് ടെസ്റ്റ് തീയതിക്കായി കാത്തിരിക്കുന്ന അപേക്ഷകരുടെ എണ്ണം തിരൂരങ്ങാടി, തിരൂർ ആർടിഒ ഓഫിസുകളിൽ വളരെയധികം വർധിച്ചതിനാലാണ് അധിക ബാച്ചുകൾ അനുവദിച്ചത്. തിരൂരങ്ങാടിയിൽ നിലവിൽ 2 ബാച്ചുകളിൽ 80 പേർക്കാണ് ഡ്രൈവിങ് ടെസ്റ്റിന് അവസരം ലഭിക്കുന്നത്. എന്നാൽ അപേക്ഷകരുടെ എണ്ണം ഇതിന്റെ ഇരട്ടിയിലേറെയാണ്. ഇതേത്തുടർന്ന് ഇവിടെ അധികമായി 3 ബാച്ചുകൾ അനുവദിച്ചു. തിരൂരിൽ 4 ബാച്ചുകളാണുള്ളത്.
ഇവിടെ 2 ബാച്ചുകൾ കൂടി അധികമായി അനുവദിച്ചു. ഇതോടെ 6 ബാച്ചുകളായി.മലപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ ഓഫിസുകളിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കുന്ന കാര്യം പരിഗണനയിലാണ്.ആർടിഒ ഓഫിസുകളിൽ ഡ്രൈവിങ് ടെസ്റ്റിനുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ പ്രത്യേക സന്ദർശനം. ഡ്രൈവിങ് ടെസ്റ്റിനും ലൈസൻസിനും അപേക്ഷകർ മാസങ്ങളായി കാത്തിരിക്കേണ്ട അവസ്ഥയിലായിരുന്നു. പുതിയ ബാച്ചുകൾ അനുവദിച്ചതോടെ കാത്തിരിപ്പിന് വിരാമമാകും. ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ എം.പി.ജയിംസ്, ജില്ലാ ആർടിഒ ബി.ഷഫീഖ് എന്നിവരും കൂടെയുണ്ടായിരുന്നു.