
‘തീ തുപ്പിയ’ കാർ പിടിച്ചെടുത്തു: കാർ ഉടമയ്ക്ക് 22,500 രൂപ പിഴ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ ∙ രൂപമാറ്റം വരുത്തിയ സൈലൻസറിൽ നിന്നു തീ പുറപ്പെടുവിച്ച്, ഭീതി പരത്തി സഞ്ചരിച്ച കാർ പൊലീസ് പിടിച്ചെടുത്തു. കാർ ഉടമയ്ക്കു മോട്ടർ വാഹന വകുപ്പ് 22,500 രൂപ പിഴ ചുമത്തി. വണ്ടൂർ പുളിക്കൽ സ്വദേശി യുവാവിന്റേതാണു തീ തുപ്പുന്ന കാർ. 23ന് രാത്രി നിലമ്പൂർ ചന്തക്കുന്ന് മൾട്ടിപ്ലക്സ് തിയറ്ററിന്റെ പാർക്കിങ് സ്ഥലത്ത്, മറ്റു വാഹനങ്ങൾക്കിടയിൽ വച്ച് സൈലൻസറിൽനിന്നു യുവാവ് തീ പുറപ്പെടുവിച്ചു. ഇതിന്റെ വിഡിയോ പ്രചരിച്ചതു പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നിർദേശപ്രകാരം, എസ്ഐ ടി.പി.മുസ്തഫ, വിവേക്, ജംഷാദ് എന്നിവർ കാർ കസ്റ്റഡിയിലെടുത്തു. പൊലീസ് റിപ്പോർട്ട് പ്രകാരം ഇന്നലെ എഎംവിഐ എ.അജിത് കുമാർ വാഹനം പരിശോധിച്ചു.
യുട്യൂബ് സെർച്ചിൽ കണ്ട ഉപകരണം വിദേശത്തുനിന്നു വരുത്തി, പാലക്കാട്ടെ വർക്ഷോപ്പിൽ ഇതുപയോഗിച്ചാണു സൈലൻസറിൽ മാറ്റം വരുത്തിയത്. ടയർ, വെളിച്ച സംവിധാനങ്ങളിൽ മാറ്റം വരുത്തിയതിനും പിഴ ചുമത്തി. ആർസി ഹാജരാക്കാൻ നിർദേശിച്ചു.അഞ്ചു ദിവസത്തിനകം കാർ പൂർവസ്ഥിതിയിലാക്കി പരിശോധനയ്ക്കു സബ് ആർടി ഓഫിസിൽ ഹാജരാക്കണം. വീഴ്ച വരുത്തിയാൽ ആർസി റദ്ദ് ചെയ്യും. യുവാവ് പിഴ അടച്ചു. വണ്ടൂർ സ്റ്റേഷനിൽ മുൻപു സമാന കുറ്റത്തിനു കാർ പിടികൂടിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. പിഴ ഒടുക്കിയ ശേഷം കാർ വിട്ടുകൊടുത്തു.