
നടുക്കുന്ന ഓർമകൾക്ക് ഇന്ന് 50 വയസ്സ്; പാണമ്പ്ര ആദ്യമായി സാക്ഷ്യം വഹിച്ച വലിയ അപകടത്തിൽ മരിച്ചത് 10 പേർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേഞ്ഞിപ്പലം∙ പാണമ്പ്ര വളവിലെ ആദ്യത്തെ വലിയ അപകടത്തിന്റെ നടുക്കുന്ന ഓർമയ്ക്ക് ഇന്ന് 50 വയസ്സ്. 10 യാത്രക്കാരുടെ മരണത്തിന് ഇടയാക്കിയ 1975 ഏപ്രിൽ 25ലെ ബസ് അപകടം ഇന്നും പഴമക്കാരുടെ മനസ്സിൽ നൊമ്പരം പടർത്തുന്ന ഓർമ. സ്വകാര്യ ബസ് നിയന്ത്രണം വിട്ടു കൊക്കയിലേക്കു കുതിച്ചു, രണ്ടായി പിളരുകയായിരുന്നു. അതാണു പാണമ്പ്ര ആദ്യമായി സാക്ഷ്യം വഹിച്ച വലിയ അപകടം. 1990 ഏപ്രിൽ നാലിനു പാണമ്പ്ര വളവിൽ സമാന രീതിയിൽ വീണ്ടും ബസപകടം ഉണ്ടായപ്പോൾ മരിച്ചത് 24 പേരാണ്. രാമനാട്ടുകര പാറമ്മലിൽനിന്നു തേഞ്ഞിപ്പലം ചെനയ്ക്കലങ്ങാടിയിലേക്കുള്ള വിവാഹസംഘം സഞ്ചരിച്ച ബസ് അന്നു കൊക്കയിലേക്കു വീണു രണ്ടായി പിളരുകയായിരുന്നു.
പാണമ്പ്രയെ സംബന്ധിച്ച് ഇരട്ട ദുരന്ത വാർഷികമാണ് ഏപ്രിലിൽ. 2012 മാർച്ച് 12ന് പുലർച്ചെ നടൻ ജഗതി ശ്രീകുമാറിനു കാറപകടത്തിൽ ഗുരുതരമായി പരുക്കേൽക്കാൻ ഇടയായതും പാണമ്പ്ര വളവിൽ വച്ചാണ്. രണ്ടു ബസ് അപകടങ്ങളെ തുടർന്ന്, ദേശീയപാത വികസിപ്പിച്ചു നടുവിൽ സ്ഥാപിച്ച ഡിവൈഡറിന്റെ മുനമ്പിൽ കാർ ഇടിച്ചാണു ജഗതിക്കു പരുക്കേറ്റത്. ആ ഡിവൈഡർ ഇന്നില്ല. ആ സ്ഥാനത്ത് ദേശീയപാതയുടെ അടിപ്പാതയാണ്. അടിപ്പാതയ്ക്കു മീതെ ഉയരത്തിൽ ആറുവരിപ്പാത. 50 വർഷത്തിനിടെ പാണമ്പ്രയിൽ വിവിധ വാഹനാപകടങ്ങളിൽ മരിച്ചത് 52 പേരാണ്. പരുക്കേറ്റവർ ഇരുനൂറിലേറെ.
അന്നത്തെ വളവും തിരിവും കയറ്റിറക്കവും ഇപ്പോഴത്തെ ദേശീയപാതയ്ക്ക് ഇല്ല. പാണമ്പ്ര വളവിൽനിന്നു തെക്കു വശത്തേക്ക്, ഇപ്പോൾ ആറുവരിപ്പാതയിലെ എല്ലാ ട്രാക്കുകളും വലിയ ഉയരത്തിലാണ്. സർവീസ് റോഡുകൾ ഭൂനിരപ്പിൽനിന്ന് അധികം ഉയരത്തിലല്ല. പഴയ വളവിന്റെ വടക്കു വശം വെട്ടിത്താഴ്ത്തി ഉയരം കുറച്ചിട്ടുമുണ്ട്. പഴയ കൊക്കയും ആറുവരിപ്പാതയും തമ്മിൽ ബന്ധമേയില്ല. സർവീസ് റോഡരികെ താഴ്ചയുള്ള ഭാഗങ്ങൾ ഉണ്ടെങ്കിലും വാഹന ഗതാഗതം വൺവേ അടിസ്ഥാനത്തിൽ ആയതിനാൽ പഴയതു പോലെ താഴ്ചയിൽ പതിക്കാനും ഇടയില്ല. പാതയോരത്തു സുരക്ഷാ സ്ലാബുകൾ കൂടുതൽ ഉറപ്പിച്ചാൽ പിന്നെ ഒട്ടും ആശങ്ക വേണ്ട.