
മലപ്പുറം ജില്ലയിൽ ഇന്ന് (25-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊഴിൽവീഥി പിഎസ്സി മാതൃകാ പരീക്ഷ മേയ് 3ന്
മലപ്പുറം ∙ മേയ് 24നു തുടങ്ങുന്ന പിഎസ്സിയുടെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ തുടങ്ങിയ പരീക്ഷകളുടെ തയാറെടുപ്പിനു സഹായകമായി, തൊഴിൽവീഥിയുടെ മാതൃകാപരീക്ഷ മേയ് 3നു രാവിലെ 10.30ന് ജില്ലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നടക്കും. ചോദ്യങ്ങളെ എങ്ങനെ സമീപിക്കണം, പരീക്ഷയിലെ സമയം എങ്ങനെ ക്രമീകരിക്കണം, കൂടുതൽ ഊന്നൽ നൽകേണ്ട മേഖലകൾ തുടങ്ങിയവയെല്ലാം മനസ്സിലാക്കി അവസാനവട്ട തയാറെടുപ്പ് നടത്താൻ മാതൃകാപരീക്ഷ സഹായിക്കും. 200 രൂപ ഫീസടച്ച് റജിസ്റ്റർ ചെയ്യുന്നവർക്കാണു പങ്കെടുക്കാൻ അവസരം. മാതൃക പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് 3 മാസത്തേക്കു തൊഴിൽവീഥി ലഭിക്കും. മാതൃകാ പരീക്ഷയ്ക്കു പങ്കെടുക്കാൻ താഴെ കാണുന്ന നമ്പറിൽ വിളിച്ച് റജിസ്റ്റർ ചെയ്യാം. ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാം. എയ്സ് പിഎസ്സി കോച്ചിങ് സെന്ററിന്റെ മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, എടപ്പാൾ, നിലമ്പൂർ കേന്ദ്രങ്ങളിൽ വച്ചാണു പരീക്ഷ.
മെഗാ മെഡിക്കൽ ക്യാംപ് നാളെ
തിരൂർ ∙ നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ (നെറ്റ്വ) വാർഷികാഘോഷത്തിന്റെ ഭാഗമായി തിരൂർ ശിഹാബ് തങ്ങൾ ആശുപത്രി, ട്രിനിറ്റി ഐ ഹോസ്പിറ്റൽ എന്നിവയുമായി ചേർന്നു നാളെ തൃക്കണ്ടിയൂർ ജിഎൽപി സ്കൂളിൽ മെഗാ മെഡിക്കൽ ക്യാംപ് നടത്തുന്നു. രാവിലെ 9 മുതൽ ഒന്നു വരെയുള്ള ക്യാംപിൽ അസ്ഥിരോഗ വിഭാഗം, ഇഎൻടി, ജനറൽ മെഡിസിൻ, കണ്ണുരോഗ വിഭാഗം പരിശോധനകൾ ഉണ്ടാകും. തിരൂർ സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര ഉദ്ഘാടനം ചെയ്യും.
വാർഷികാഘോഷത്തിന്റെ ഭാഗമായി മേയ് ഒന്നിനു രാവിലെ 10ന് തൃക്കണ്ടിയൂർ ജിഎൽപി സ്കൂളിൽ കുട്ടികളുടെ സ്റ്റേജിതര പരിപാടി വർണോത്സവം എന്ന പേരിൽ നടത്തും. കവി സാഹിർ മാളിയേക്കൽ ഉദ്ഘാടനം ചെയ്യും. മേയ് 10ന് വാർഷികാഘോഷം മലയാള സർവകലാശാലാ വൈസ് ചാൻസലർ ഡോ.എൽ.സുഷമ ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികളായ എം.പി.സുരേഷ്, കെ.പി.നസീബ്, കെ.കെ.റസാഖ് ഹാജി, സതീദേവി കുളങ്ങര, വി.ഷമീർ ബാബു, ഹാജറ വെണ്ടാട്, സിന്ധു മംഗലശ്ശേരി എന്നിവർ പറഞ്ഞു.
വിസ്ഡം ഹജ് പഠനക്യാംപ് 27ന് ആലത്തിയൂരിൽ
തിരൂർ ∙ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ ഹജ് പഠനക്യാംപ് 27ന് ആലത്തിയൂർ ദാറുൽ ഖുർആനിൽ വൈകിട്ട് 4 മുതൽ 8 വരെ നടക്കും. ഹജ് കർമത്തിന്റെ പൂർണമായ പരിശീലനം ഉൾപ്പെടെയുള്ള ക്ലാസുകൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അവതരിപ്പിക്കുന്നത്. സംശയ നിവാരണത്തിനുള്ള അവസരം ലഭിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് സുല്ലമി മാറഞ്ചേരി, ഹാരിസ് മദനി കായക്കൊടി, അബ്ദുറഹ്മാൻ അൻസാരി പറപ്പൂർ, ഹനീഫ ഓടയ്ക്കൽ, ഡോ. അബ്ദുൽ ജലീൽ, മുജീബ് മദനി ഒട്ടുമ്മൽ എന്നിവർ ക്ലാസെടുക്കും. ഫോൺ: 9061906815.
ജോലി ഒഴിവ്
∙എടക്കര പഞ്ചായത്ത് ഓഫിസിൽ കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ, ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലേക്ക് സ്പെഷൽ ടീച്ചർ, ആയ എന്നിവരെ നിയമിക്കുന്നതിനുള്ള അഭിമുഖം 26ന് 10.30ന്. 04931-275229.
ഡോക്ടർ ഒഴിവ്
∙കുറുമ്പലങ്ങോട് എഫ്എച്ച്സിയിൽ സായാഹ്ന ഒപിയിലേക്ക് ഡോക്ടറുടെ താൽക്കാലിക നിയമനത്തിന് അഭിമുഖം 26ന് 10ന്. 04931 255408.
ഗതാഗതം
താനൂർ∙ തീരദേശ ടിപ്പുസുൽത്താൻ റോഡിൽ ടാറിങ് നടക്കുന്നതു കാരണം ചീരാൻകടപ്പുറം മുതൽ പുതിയകടപ്പുറം വരെ ഇന്നു രാവിലെ ഏഴു മുതൽ പണികൾ തീരുന്നതുവരെ വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ഉണ്യാൽ ചക്കരമൂലവഴിയും വാഴക്കതെരു ബ്ലോക്ക് ജംക്ഷൻ വഴിയും പോകണമെന്നു പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ അറിയിച്ചു.
കാലാവസ്ഥ
∙സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത.
∙പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില.
∙കേരള, കന്യാകുമാരി തീരങ്ങളിൽ കടലാക്രമണ സാധ്യത. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
ഇന്ന്
∙അടുത്ത 2 ദിവസങ്ങൾ ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്തുക.
വൈദ്യുതിമുടക്കം
∙പൂക്കോട്ടുംപാടം സെക്ഷൻ പരിധിയിൽ ഇന്ന് 8 മുതൽ 12 വരെ ഉപ്പുവള്ളി, ചേലോട് എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.