
ഇനിയുള്ള 7 ദിവസം കൊണ്ട് ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയാകുമോ? അനുവദിച്ച സമയം 31ന് കഴിയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറ്റിപ്പുറം ∙ ജില്ലയിലൂടെ കടന്നുപോകുന്ന ആറുവരിപ്പാതയുടെ നിർമാണം മാർച്ച് 31നകം പൂർത്തിയാകില്ല. 75.6 കിലോമീറ്റർ ദൂരത്തെ ജോലികൾ മുഴുവൻ പൂർത്തിയാക്കി ദേശീയപാത അതോറിറ്റിക്ക് കൈമാറാൻ കരാർ കമ്പനിക്ക് അനുവദിച്ച സമയം 31ന് അവസാനിക്കുകയാണ്. എന്നാൽ ശേഷിക്കുന്ന 7 ദിവസം കൊണ്ട് ജോലികൾ പൂർത്തിയാകില്ലെന്ന് ഉറപ്പായി. മാർച്ച് 31നകം ജില്ലയിലെ ജോലികൾ പൂർത്തിയാക്കി ആറുവരിപ്പാത കൈമാറണം എന്നാണ് ദേശീയപാത അതോറിറ്റി കരാർ കമ്പനിയായ കെഎൻആർസിഎല്ലിന് നൽകിയിരുന്ന നിർദേശം.
പ്രധാനപ്പെട്ട പല ഭാഗത്തും ജോലികൾ പൂർത്തിയായിട്ടില്ല. കുറ്റിപ്പുറം മിനിപമ്പ, കുറ്റിപ്പുറം റെയിൽവേ മേൽപാലം, വട്ടപ്പാറ വയഡ്ക്റ്റ് വന്നുചേരുന്ന പ്രദേശം, സ്വാഗതമാട് തുടങ്ങിയ പല ഭാഗങ്ങളിലും ജോലികൾ അവശേഷിക്കുന്നുണ്ട്. ഇവയെല്ലാം പൂർത്തിയാകാൻ ഒരുമാസമെടുക്കുമെന്നാണു സൂചന. കുറ്റിപ്പുറം റെയിൽവേ മേൽപാലത്തിന്റെയും അപ്രോച്ച് റോഡിന്റേയും നിർമാണം പൂർത്തിയാകാനുണ്ട്. റെയിൽവേ ട്രാക്കുകൾക്ക് മുകളിൽ ഇരുമ്പുപാലം സ്ഥാപിക്കാൻ ഇതുവരെ റെയിൽവേ സമയം അനുവദിച്ചിട്ടില്ല.
ട്രാക്കിന് സമീപത്ത് പാലം പൂർത്തിയായെങ്കിലും റെയിൽവേയുടെ ഉന്നതസംഘത്തിന്റെ സന്നിധ്യത്തിലാണ് ഇതു ട്രാക്കിനു മുകളിൽ ഉറപ്പിക്കുക. പാലം ഉറപ്പിക്കാനുള്ള ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞു. എന്നാൽ പാലത്തിന്റെ മറുവശത്തെ റോഡിന്റെ ജോലികൾ പൂർത്തിയാകാനുണ്ട്. ജോലികൾ പൂർത്തിയായ സ്ഥലങ്ങളിൽ പെയ്ന്റിങ്ങും വൈദ്യുതി ലൈറ്റുകൾ സ്ഥാപിക്കലും കഴിഞ്ഞിട്ടുണ്ട്. മുന്നറിയിപ്പ് ബോർഡുകളും ക്യാമറകളും ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകളും സ്ഥാപിച്ചുവരികയാണ്. അതേസമയം ജോലികൾ പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് സമയം നീട്ടിനൽകിയുള്ള ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ല. 31നകം ജോലികൾ പൂർത്തിയാക്കിയില്ലെങ്കിൽ പിഴയടയ്ക്കണം എന്നാണു ദേശീയപാത അതോറിറ്റി നേരത്തെ നൽകിയിട്ടുള്ള നിർദേശം.