
അംഗീകാരമില്ലാത്ത യൂസ്ഡ് കാർ ഷോറൂമുകൾക്ക് നിയന്ത്രണം; നടപടിയുമായി എംവിഡി, വാഹനങ്ങൾ കരിമ്പട്ടികയിൽപെടുത്തും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ അംഗീകാരമില്ലാത്ത യൂസ്ഡ് കാർ ഷോറൂമുകൾക്കു കടിഞ്ഞാണിടാൻ നടപടിയുമായി മോട്ടർവാഹന വകുപ്പ്. ഈ മാസം 31നകം റജിസ്റ്റർ ചെയ്യാൻ യൂസ്ഡ് കാർ ഷോറൂമുകളിൽ വിൽപനയ്ക്കുവച്ചിട്ടുള്ള വാഹനങ്ങൾ കരിമ്പട്ടികയിൽപെടുത്തും. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ വാഹനങ്ങളുടെ റജിസ്ട്രേഷൻ മാറ്റവും വിൽപനയും അടക്കമുള്ള എല്ലാ സേവനങ്ങളും തടസ്സപ്പെടും. അംഗീകാരമില്ലാത്ത യൂസ്ഡ് കാർ ഷോറൂമുകൾ വഴി വിൽക്കുന്ന വാഹനങ്ങളുടെ റജിസ്ട്രേഷനുമായി ബന്ധപ്പെട്ടും മറ്റും ഒട്ടേറെ പരാതികൾ ഉയർന്ന സാഹചര്യത്തിലാണു നടപടി കർശനമാക്കുന്നതെന്ന് ആർടിഒ ബി.ഷഫീഖ് പറഞ്ഞു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ യൂസ്ഡ് കാർ ഷോറൂമുകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചു. യൂസ്ഡ് കാർ ഷോറൂം നടത്താൻ നിശ്ചിത ഫീസ് അടച്ചു മോട്ടോർ വാഹന വകുപ്പിൽനിന്നു ലൈസൻസ് വാങ്ങണമെന്നാണു ചട്ടം. ഇതു പാലിക്കാതെയാണു ഭൂരിഭാഗം ഷോറൂമുകളും പ്രവർത്തിക്കുന്നത്. അംഗീകാരമില്ലാത്ത ഷോറൂമുകളിൽ വാഹനങ്ങൾ വിൽപനയ്ക്ക് ഏൽപിക്കുന്നതു സുരക്ഷിതമല്ലെന്ന് ആർടിഒ പറഞ്ഞു. ലൈസൻസ് യൂസ്ഡ് ഷോറൂമുകളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വാഹനം ഏൽപിച്ചാൽ വാഹന ഉടമയുടെ ഉത്തരവാദിത്തം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ യൂസ്ഡ് കാർ ഷോറൂമുകളുള്ളതു ജില്ലയിലാണ്. 236 എണ്ണം. ഇതിൽ അൻപതിൽ താഴെ ഷോറൂമുകൾക്കു മാത്രമാണു ലൈസൻസുള്ളത്. ബാക്കി ഷോറൂമുകളെല്ലാം അനധികൃതമായാണു പ്രവർത്തിക്കുന്നതെന്ന് ആർടിഒ ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃത ഷോറൂമുകൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണു ലൈസൻസെടുക്കാൻ അന്ത്യശാസനം നൽകിയിരിക്കുന്നത്. ഒന്നാം തീയതിക്കു ശേഷം പരിശോധന കർശനമാക്കാനാണു തീരുമാനം.
റജിസ്റ്റർ ചെയ്യാൻ 25,000 രൂപ
യൂസ്ഡ് കാർ ഷോറൂമുകൾ റജിസ്റ്റർ ചെയ്യാൻ ജിഎസ്ടി നമ്പർ വേണം. 25000 രൂപയാണു റജിസ്ട്രേഷൻ ഫീസ്. അപേക്ഷ നൽകുന്ന ഷോറൂമുകളിൽ ആർടിഒ ഉദ്യോഗസ്ഥർ പരിശോധന നടത്തും. അവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ലൈസൻസ് അനുവദിക്കുക.