
മലപ്പുറത്ത് ആറുവരിപ്പാതയിൽ വഴിവിളക്കുകൾ തെളിഞ്ഞു; മാസം വൈദ്യുതി ചാർജ് 6 ലക്ഷം രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊന്നാനി ∙ ആറുവരിപ്പാതയിൽ വഴിവിളക്ക് തെളിഞ്ഞു, മലപ്പുറം ജില്ലയിൽ പാതയുടെ നിർമാണം അവസാന ഘട്ടത്തിലേക്ക്. മിക്കയിടങ്ങളിലും തെരുവുവിളക്കുകൾ സ്ഥാപിച്ചു തുടങ്ങിയിരുന്നു. ചിലയിടങ്ങളിൽ തെളിച്ചു തുടങ്ങി. പാതയിലെ വഴിവിളക്കുകൾ തെളിക്കുന്നതും ഇതിന്റെ വൈദ്യുതി ചാർജ് വഹിക്കുന്നതുമെല്ലാം നിർമാണ കരാർ ഏറ്റെടുത്ത കമ്പനിയാണ്. പാതയുടെ ഇരുവശങ്ങളിലുമായി അയ്യായിരത്തോളം തെരുവുവിളക്കുകളാണ് ജില്ലയിൽ സ്ഥാപിക്കുന്നത്.
ഓരോ 500 മീറ്ററിനിടയിലും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്നുണ്ട്. അടുത്ത 15 വർഷത്തേക്ക് തെരുവുവിളക്കുകളുടെയും ക്യാമറയുടെയും പ്രവർത്തന ചുമതല കരാർ കമ്പനിക്കാണ്. ഏതാണ്ട് 6 ലക്ഷം രൂപ വരെ മാസം വൈദ്യുതി ചാർജ് വരുമെന്നാണ് കണക്ക്. തദ്ദേശ സ്ഥാപനങ്ങളൊന്നും പാതയിലെ തെരുവുവിളക്കുകളുടെ ബാധ്യതകൾ ഇനി ഏറ്റെടുക്കേണ്ടതില്ല.
പെയ്ന്റിങ്, ട്രാഫിക് സിഗ്നലുകളുടെ ക്രമീകരണം, തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പണികൾ എന്നിവയാണ് പ്രധാനമായും ബാക്കിയുള്ളത്. ചില മേൽപാതയുടെ നിർമാണം ബാക്കിയുള്ളതൊഴിച്ചാൽ രാമനാട്ടുകര മുതൽ ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് വരെ റോഡ് നിർമാണം ഏറെക്കുറേ പൂർത്തിയായ അവസ്ഥയിലാണ്.
കുറ്റിപ്പുറം റെയിൽവേ മേൽപാലം, മിനി പമ്പയിൽ തൃശൂർ റോഡിനോടു ബന്ധിപ്പിക്കുന്ന പാലം തുടങ്ങിയവ ബാക്കിയുണ്ട്. കുറ്റിപ്പുറം മുതൽ കാപ്പിരിക്കാട് വരെ സർവീസ് റോഡിനെ ആശ്രയിക്കാതെ തന്നെ നിലവിൽ ആറുവരിപ്പാതയിലൂടെ കടന്നു പോകാൻ കഴിയുന്നുണ്ട്.