
സംസ്ഥാനത്ത് ജാതി സെൻസസ് നടത്തണം: എ.പി.അനിൽകുമാർ
വണ്ടൂർ ∙ കർണാടകയെയും തെലങ്കാനയെയും മാതൃകയാക്കി സംസ്ഥാനത്ത് ഉടൻ ജാതി സെൻസസ് നടത്തണമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി.അനിൽകുമാർ എംഎൽഎ. കേരള പത്മശാലിയ സംഘം (കെപിഎസ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘ജാതി സെൻസസ് നടത്തണമെന്നു പാർലമെന്റിൽ ശക്തമായി ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധി എംപിയാണ്. അന്ന് അദ്ദേഹത്തിന് എതിരെ വിമർശനങ്ങൾ ഉയർന്നു.
കോൺഗ്രസിൽ നിന്നു പോലും ചോദ്യങ്ങൾ ഉണ്ടായി. വോട്ടിനു വേണ്ടിയല്ല, അവഗണിക്കപ്പെടുന്ന വിഭാഗങ്ങളെ കണ്ടെത്തി തുല്യ നീതിയും തുല്യ അവകാശവും ഉറപ്പുവരുത്താൻ വേണ്ടിയാണു ജാതി സെൻസസ് വേണമെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിന്നത്.
ഒടുവിൽ കേന്ദ്രത്തിന് ആവശ്യം അംഗീകരിക്കേണ്ടിവന്നു. കേന്ദ്രം നിശ്ചയിച്ച 2027 വരെ കാത്തിരിക്കാതെ കർണാടകയെയും തെലങ്കാനയെയും മാതൃകയാക്കി സംസ്ഥാനത്തും ജാതി സെൻസസ് നടത്താൻ സർക്കാർ തയാറാകണം’– അദ്ദേഹം പറഞ്ഞു.
കേരള പത്മശാലിയ സംഘം (കെപിഎസ്) സംസ്ഥാന സമ്മേളനം കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി.അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
‘കേരള പത്മശാലിയ സംഘം സമുദായ പുരോഗതിക്ക് വേണ്ടി നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനീയമാണ്.
സമുദായ സംഘടനകൾ അതത് വിഭാഗത്തിന്റെ സമഗ്ര പുരോഗതിക്ക് വഴിതെളിക്കും. ശ്രീ നാരായണ ഗുരുവും മന്നത്ത് പത്മനാഭനും അയ്യൻകാളിയും എല്ലാം ശ്രമിച്ചത് അതിനുവേണ്ടിയാണ്.
സംവരണം അവകാശമാണ്. ചില സമുദായ സംഘടനകളുടെ വിദ്യാലയങ്ങളും സ്ഥാപനങ്ങളും നൂറാം വാർഷികം കടക്കുമ്പോൾ പത്മശാലിയാ സംഘം പോലെയുള്ള വിഭാഗങ്ങൾക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും ഇല്ലാത്ത അവസ്ഥയുണ്ട്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പട്ടികജാതി വിഭാഗത്തിന് മെഡിക്കൽ കോളജ് ഉൾപ്പെടെ 5 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പത്മശാലിയ സംഘത്തിന് വിദ്യാലയങ്ങൾ ഉൾപ്പെടെ സ്ഥാപനങ്ങൾ യാഥാർഥ്യമാകാൻ വഴി തെളിയും’ – അദ്ദേഹം കൂട്ടിച്ചേർത്തു.
കെപിഎസ് സംസ്ഥാന പ്രസിഡന്റ് പി. വിശ്വംഭരൻ പിള്ള അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി വി.വി.കരുണാകരൻ, തിരുവാലി പഞ്ചായത്ത് പ്രസിഡന്റ് കെ.രാമൻകുട്ടി, ബിജെപി മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.ആർ.രശ്മിൽ നാഥ്, കെ.പി.ഭാസ്കരൻ, നിഷാ സജേഷ്, കെ.ദാമോദരൻ, പി.പി.ബാബു, പറക്കോട്ടിൽ നാരായണൻ, പാലാടൻ വേലായുധൻ, ഇ.ഭാസ്കരൻ, ഗീത കൊമ്മേരി, കെ.ഉത്തമൻ, ആർ.ശിവരാജ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം, വിവിധ വിഷയങ്ങളിൽ സെമിനാർ, ആദരിക്കൽ എന്നിവ നടന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]