
കൂരിയാട്ട് ദേശീയപാതയിലെ തകർച്ച : ഒരക്ഷരം പറയാതെ വിദഗ്ധസംഘം; വാഹനം തടഞ്ഞ് നാട്ടുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂരിയാട് ∙ ദേശീയപാത തകർന്നത് അന്വേഷിക്കാനെത്തിയ വിദഗ്ധ സംഘം നാട്ടുകാർ പറയുന്നതു കേൾക്കാത്തതിൽ പ്രതിഷേധം. തകർന്ന റോഡ് പരിശോധിക്കാനെത്തിയ സംഘത്തോട് പരാതികൾ പറയാൻ നാട്ടുകാരും ജനപ്രതിനിധികളും എത്തിയിരുന്നു. വയൽ നികത്തി റോഡിൽ മണ്ണിട്ട് ഉയർത്തിയുള്ള കൂറ്റൻ നിർമിതി, വയലിൽനിന്ന് വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമില്ലാത്തത്, ആവശ്യമായ പരിശോധന നടത്താതെ നിർമാണം നടത്തിയത്, മണ്ണുപരിശോധന നടത്താത്തത്, മേൽപാത നിർമാണം നടത്തേണ്ടതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങൾ ഉന്നയിക്കാനാണ് നാട്ടുകാർ എത്തിയിരുന്നത്.വേങ്ങര പഞ്ചായത്തിലെയും എ ആർ നഗർ പഞ്ചായത്തിലെയും ജനപ്രതിനിധികൾ, സമരസമിതി നേതാക്കൾ, നാട്ടുകാർ തുടങ്ങിയവർ എത്തിയിരുന്നു. ആദ്യം ആറുവരിപ്പാതയും പിന്നീട് സർവീസ് റോഡും പരിശോധിച്ച സംഘം തിരിച്ചെത്തുമ്പോൾ ഇതുസംബന്ധിച്ച് പ്രതികരിക്കുമെന്നായിരുന്നു നാട്ടുകാർ പ്രതീക്ഷിച്ചിരുന്നത്. നാട്ടുകാരോട് വിവരങ്ങൾ ആരായുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതൊന്നും ഉണ്ടായില്ല. പരിശോധന കഴിഞ്ഞ സംഘം നേരെ വാഹനത്തിൽ കയറിപ്പോകാനാണു ശ്രമിച്ചത്. ഇതിൽ ക്ഷുഭിതരായ നാട്ടുകാർ വാഹനം പോകാൻ അനുവദിക്കാതെ തടഞ്ഞു. മാധ്യമപ്രവർത്തകരും പ്രതികരണം തേടിയെങ്കിലും ഇവർ പ്രതികരിച്ചില്ല. നാട്ടുകാർ വാഹനം തടഞ്ഞ സമയത്താണ് അൽപമെങ്കിലും പ്രതികരിക്കാൻ തയാറായത്. ഒരാളൊഴികെ ബാക്കി എല്ലാവരും ഇതര ഭാഷ സംസാരിക്കുന്നവരായതും നാട്ടുകാർക്ക് പരാതി ബോധിപ്പിക്കുന്നതിനു തടസ്സമായിരുന്നു.
സമരസമിതി കൺവീനർ നാസർ മലയിൽ, ചെയർമാൻ മുസ്തഫ, ഹംസ തെങ്ങിലാൻ, വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ എന്നിവർ സംഘം പരിശോധന നടത്തുമ്പോൾ കൂടെ നടന്ന് കാര്യങ്ങൾ ബോധിപ്പിക്കാൻ ശ്രമിച്ചിരുന്നു. പലതും കേട്ടു എന്നല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. കഴിഞ്ഞ പ്രളയത്തിൽ റോഡിൽ വെള്ളം കയറിയതിന്റെ വിഡിയോ സംഘത്തെ കാണിച്ചപ്പോൾ വെള്ളം കയറിയതിന്റെ അളവ് ചോദിച്ചു. കൊളപ്പുറത്ത് മേൽപാലത്തിന്റെ ആവശ്യകതയും ഓടയില്ലാത്തതിനാൽ പ്രദേശത്തെ വീട്ടിലേക്ക് കൊളപ്പുറത്തെ അങ്ങാടിയിലെ മലിനജലം മുഴുവൻ എത്തുന്ന കാര്യവും സ്ഥലവാസിയായ വീട്ടമ്മ മലയിൽ ശരീഫയും സംഘത്തെ അറിയിച്ചു.
തകർന്ന റോഡിൽ പണി നടത്താനുള്ള ശ്രമം തടഞ്ഞു
കൂരിയാട് ∙ തകർന്ന റോഡിൽ പണി നടത്തുന്നത് നാട്ടുകാർ തടഞ്ഞു. തകർന്ന ആറുവരിപ്പാതയിൽ കരാർ കമ്പനിയായ കെഎൻആർസിയുടെ തൊഴിലാളികൾ ചൊവ്വാഴ്ച രാത്രി പണി നടത്താൻ ശ്രമിച്ചിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ തടയുകയായിരുന്നു. മടങ്ങിപ്പോയ സംഘം ഇന്നലെ രാവിലെയും പണിക്കെത്തി. പൊലീസ് സംരക്ഷണയിലാണ് ഇന്നലെ രാവിലെ പണി നടത്താൻ എത്തിയത്. തകർന്ന റോഡിന്റെ ഭാഗത്തെ സുരക്ഷയ്ക്കായി സ്ഥാപിച്ച കോൺക്രീറ്റ് മതിൽ പൊളിക്കുന്ന ജോലിയാണു നടത്തിയത്. എന്നാൽ വിദഗ്ധ സംഘത്തിന്റെ പരിശോധന കഴിയാതെ പണി നടത്താൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.തുടർന്ന് കലക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. തകർന്ന ഭാഗത്ത് പണി നടത്തില്ലെന്ന് തഹസിൽദാർ പറഞ്ഞെങ്കിലും തകർന്ന റോഡിലെ ടാറിങ് പൊളിച്ചുനീക്കിയത് നാട്ടുകാർ തഹസിൽദാറുടെ ശ്രദ്ധയിൽപെടുത്തി. പ്രതിഷേധം തുടർന്നതോടെ പണി നടത്താതെ മടങ്ങുകയായിരുന്നു.