
ഭാരതപ്പുഴയിൽ 5–ാം പാലം: പ്രാരംഭ ജോലി തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തവനൂർ ∙ ഭാരതപ്പുഴയ്ക്കു കുറുകെ ജില്ലയിൽ നിർമിക്കുന്ന അഞ്ചാമത്തെ പാലത്തിന്റെ പ്രാരംഭഘട്ട ജോലികൾ ആരംഭിച്ചു. തവനൂരിനെയും തിരുനാവായയെയും ബന്ധിപ്പിച്ച് നിർമിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണമാണ് ആരംഭിച്ചത്. തവനൂർ ശിവക്ഷേത്രത്തിനു മുൻവശത്തുകൂടി നിർമിക്കുന്ന പാലത്തിന്റെ നിലമൊരുക്കൽ ജോലി ആരംഭിച്ചു.കേളപ്പജിയുടെ ശാന്തികുടീരത്തിനും സർവോദയ സംഘത്തിന്റെ ഖാദി നൂൽനൂൽപ്പു കേന്ദ്രത്തിനും ഇടയിലൂടെയാണ് അപ്രോച്ച് റോഡ് കടന്നുപോകുന്നത്.പൊന്നാനി, തിരൂർ താലൂക്കുകളെ ബന്ധിപ്പിച്ച് മരാമത്ത് വകുപ്പു നിർമിക്കുന്ന പാലത്തിന്റെ നിർമാണോദ്ഘാടനം ഏതാനും മാസം മുൻപ് നടന്നിരുന്നെങ്കിലും ജോലികൾ നീണ്ടുപോവുകയായിരുന്നു.
പാലത്തിന്റെ അലൈൻമെന്റിനെതിരെ മെട്രോമാൻ ഇ.ശ്രീധരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ജോലികൾ നിർത്തിവച്ചത്. പാലത്തിന്റെ അലൈൻമെന്റ് സർക്കാരിന് നഷ്ടമുണ്ടാക്കുമെന്നും പാലം ശരിയായ ദിശയിലല്ല നിർമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഇ.ശ്രീധരൻ കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇ.ശ്രീധരന്റെ അലൈൻമെന്റ് കൂടി പരിശോധിക്കണമെന്ന് കോടതി മരാമത്ത് വകുപ്പിനോട് നിർദേശിച്ചെങ്കിലും വകുപ്പ് അദ്ദേഹത്തിന്റെ അലൈൻമെന്റ് തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ പാലത്തിന്റെ ജോലികൾ ആരംഭിച്ചത്.