
ദേശീയപാത 66 ഇടിഞ്ഞുവീണ സംഭവം: ആ മണ്ണിന് അഭികാമ്യം വയഡക്ട് എന്ന് ഇ.ശ്രീധരൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ കൂരിയാടു പോലുള്ള വയൽപ്രദേശത്തെ ആറുവരിപ്പാത നിർമാണത്തിനു വയഡക്ട് രീതിയാണ് അഭികാമ്യമെന്ന് ഇ.ശ്രീധരൻ. ഈ സ്ഥലം നേരിട്ടുകണ്ടിട്ടില്ലെങ്കിലും, മുകളിൽ അമിതഭാരം വരുമ്പോൾ താഴ്ന്നുപോകുന്ന സ്വഭാവമാണു മണ്ണിനെന്നു തോന്നുന്നു. നിലവിലെ നിർമാണരീതി കണ്ടാൽ, ഈ ഭാഗത്തു മണ്ണുപരിശോധന കൃത്യമായി നടത്തിയിട്ടില്ല എന്നുവേണം കരുതാൻ. മണ്ണിന്റെ ഘടന മനസ്സിലാക്കി വേണം നിർമാണം. ഈ ഭാഗത്ത് ഇനി അറ്റകുറ്റപ്പണി നടത്തിയാലും വീണ്ടും മണ്ണു താഴ്ന്ന് അപകടം ഉണ്ടാകാനുള്ള സാധ്യത മുന്നിൽകാണണം. ഉറച്ച മണ്ണില്ലാത്ത ഇത്തരം കൃഷിഭൂമികളിൽ ഒരിക്കലും വലിയ തോതിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമാണം പാടില്ല. ഇത്തരം പ്രദേശങ്ങളിൽ തൂണുകളിൽ റോഡ് നിർമിക്കുകയാണ് (വയഡക്ട്) പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
ചതുപ്പുനിലത്തിന് സമാനമായ പ്രദേശം: ആറുവരിപ്പാത ഇടിഞ്ഞുതാഴാനുണ്ടായ സാഹചര്യം ദേശീയപാതാ നോർത്ത് സർക്കിൾ റിട്ട.സൂപ്രണ്ടിങ് എൻജിനീയർ ഐ.വി.രാജഗോപാൽ വിലയിരുത്തുന്നു…
ആറുവരിപ്പാത ഇടിഞ്ഞുതാണ കൂരിയാട് പ്രദേശം ചതുപ്പുനിലത്തിനു സമാനമാണ്. മഴക്കാലത്ത് ഇഴുകിച്ചേർന്നു ദുർബലമാകുന്ന തരത്തിലുള്ള മണ്ണാണ് ഇവിടെ. സമീപത്തെ കടലുണ്ടിപ്പുഴയിൽനിന്നു മഴക്കാലത്തു വെള്ളം കയറി കെട്ടിനിൽക്കുന്ന പ്രദേശം കൂടിയാണിത്. വേനൽക്കാലത്തു വളരെ ദൃഢമായി കാണപ്പെടുന്ന ഈ പ്രദേശത്തെ മണ്ണ് വെള്ളം തട്ടിയാൽ ദുർബലമാകും. പിവിഡി (പ്രീ ഫാബ്രിക്കേറ്റഡ് വെർട്ടിക്കൽ ഡ്രെയിൻ) സംവിധാനം വഴിയാണു സാധാരണ ഇത്തരം ദുർബലമായ സ്ഥലങ്ങളിൽ റോഡ് നിർമാണം നടത്തുക. മണ്ണിൽനിന്ന് അധികജലം നീക്കം ചെയ്യാൻ സഹായിക്കുന്ന ഡ്രെയ്നേജ് സംവിധാനമാണു പിവിഡികൾ. മണ്ണിന്റെ ദൃഢത ഉറപ്പാക്കുകയാണ് ഇവയുടെ ലക്ഷ്യം. റോഡ് നിർമിക്കുന്നതിനു മുൻപായി തറയിൽ മണ്ണിലേക്കു ലംബമായാണു പിവിഡികൾ സ്ഥാപിക്കുന്നത്.
ഇതുവഴി, റോഡിനടിയിൽ വെള്ളം കെട്ടിനിന്നു മണ്ണ് ദുർബലമാകില്ല. പിവിഡി സംവിധാനം കൂരിയാട് മേഖലയിൽ ഒരുക്കിയിരുന്നോ എന്ന് അറിയില്ല. വളരെ ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയാണ് ഈ ഭാഗത്ത് ആറുവരിപ്പാതയുടെ നിർമാണം. വീതിയേറിയ റോഡിന്റെ ഭാരം മുഴുവൻ അടിയിലെ ദുർബലമായ മണ്ണിനു താങ്ങാൻ കഴിയില്ല എന്നതാണു വസ്തുത. ജില്ലയിലെ ആറുവരിപ്പാത നിർമാണത്തിനു പിന്നിൽ വലിയ വിദഗ്ധ സംഘമാണു പ്രവർത്തിക്കുന്നത്. എന്നിട്ടും റോഡ് തകർന്നത് എന്തുകൊണ്ടെന്നു വിശദമായി പരിശോധിക്കണം. കോഴിക്കോട് തൊണ്ടയാട് മുതൽ വെങ്ങളം വരെയുള്ള ഭാഗത്തു വെള്ളം കെട്ടിനിൽക്കുന്ന ചതുപ്പുനിലമാണ്. ഈ ഭാഗത്തു ദേശീയപാതയുടെ നിർമാണം നടത്തിയതു പിവിഡി സംവിധാനം ഉപയോഗപ്പെടുത്തിയാണ്.
പാത ഇടിയാൻ കാരണം മഴ: വാദത്തിന്റെ ബലം ഉടനറിയാം
മലപ്പുറം∙ ദേശീയപാത ഇടിഞ്ഞുവീണ കൂരിയാട്ടുനിന്നു 11 കിലോമീറ്റർ അകലെ തെന്നലയിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ രേഖപ്പെടുത്തിയ മഴ 103 മില്ലിമീറ്റർ. 14 കിലോമീറ്റർ അകലെ കരിപ്പൂരിൽ, കോഴിക്കോട് വിമാനത്താവളത്തിൽ രേഖപ്പെടുത്തിയത് 63 മില്ലിമീറ്റർ. കഴിഞ്ഞദിവസം രാവിലെ എട്ടു മുതൽ ചൊവ്വാ രാവിലെ എട്ടു വരെയുള്ള കണക്കാണിത്. 64.5 മില്ലിമീറ്ററിനും 115.5 മില്ലിമീറ്ററിനും ഇടയിലാണെങ്കിൽ ശക്തമായ മഴ ലഭിക്കുന്ന യെലോ അലർട്ടാണ്. പാത ഇടിയാൻ കാരണം മഴയാണെന്ന ദേശീയപാതാ അതോറിറ്റിയുടെ വാദം പരിഗണിച്ചാൽ, യെലോ അലർട്ട് മഴ ജാഗ്രത പ്രഖ്യാപിക്കുമ്പോഴേക്കു റോഡിൽ ‘റെഡ് അലർട്ട്’ വേണ്ട രീതിയിലാണോ പണിതതെന്ന ചോദ്യമുയരുന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2.15നാണു പാത തകർന്നത്. ആ സമയത്തു കൂരിയാട് പാടത്തു ചെളി പോലുമുണ്ടായിരുന്നില്ല. ദേശീയപാതാ അതോറിറ്റിയുടെ വാദത്തിന് എത്രമാത്രം ബലമുണ്ടെന്ന് ഇന്നു പരിശോധനയ്ക്കെത്തുന്ന വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിലൂടെയേ വ്യക്തമാകൂ.