
സിപിഎം പ്രവർത്തകർക്കു മർദനം; 2 പൊലീസുകാർക്കു സസ്പെൻഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എരമംഗലം∙ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും ക്രൂരമായ മർദിച്ച സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്കു സസ്പെൻഷനും ഒരാൾക്കു സ്ഥലംമാറ്റവും. സീനിയർ സിവിൽ പൊലീസ് ഓഫിസർ സാൻ സോമൻ, സിവിൽ പൊലീസ് ഓഫിസർ യു.ഉമേഷ് എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സിവിൽ പൊലീസ് ഓഫിസർ ജെ.ജോയെ കോട്ടയ്ക്കൽ സ്റ്റേഷനിലേക്കു സ്ഥലംമാറ്റി.
ഈമാസം രണ്ടിനാണു സംഭവം. ഉത്സവപ്പറമ്പിലുണ്ടായ സംഘർഷത്തിൽ ഇടപെടാനെത്തിയ പൊലീസുകാർ സിപിഎം പൊന്നാനി ഏരിയ കമ്മിറ്റിയംഗം സുരേഷ് കാക്കനാത്തിന്റെ മകൻ അഭിരാമിന്റെ പല്ല് അടിച്ചു പൊട്ടിക്കുകയും ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയും ചെയ്തതായാണു പരാതി. മർദിച്ചശേഷം കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ പെരുമ്പടപ്പ് പഞ്ചായത്തിന്റെ പൊതുശ്മശാനത്തിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു. സ്റ്റേഷനിൽ അന്വേഷിച്ചെത്തിയ രക്ഷിതാക്കളെയും മർദിച്ചെന്നു പരാതിയിൽ പറയുന്നു. തിരൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടൻ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടിയെടുത്തത്.
മർദനം: പൊലീസിനെതിരെ സിപിഎം നിയമപരമായി മുന്നോട്ടുപോകും
എരമംഗലം ∙ ഉത്സവത്തിനിടെ സിപിഎം പ്രവർത്തകരെ മർദിച്ച സംഭവത്തിൽ 2 പൊലീസുകാരുടെ സസ്പെൻഡ് ചെയ്തെങ്കിലും നിയമപരമായി മുന്നോട്ട് പോകാൻ സിപിഎം ഏരിയ കമ്മിറ്റിയുടെ തീരുമാനം. പുഴക്കരയിലെ ഉത്സവത്തിന് ശേഷം ഉണ്ടായ സംഘർഷത്തിന് ശേഷം ചേരിക്കല്ലിലെ സിപിഎം നേതാവിന്റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും കസ്റ്റഡിയിലെടുത്ത് പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് അടക്കം 6 പേർ മർദിച്ചതായി സിപിഎം പൊന്നാനി ഏരിയ കമ്മിറ്റി മുഖ്യമന്ത്രി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിരുന്നു.
മർദിച്ചതായി പ്രവർത്തകർ മൊഴി നൽകിയ സീനിയർ സിവിൽ പൊലീസ് ഓഫിസർ സാൻ സോമൻ, സിവിൽ പൊലീസ് ഓഫിസർ യു.ഉമേഷ് എന്നിവരെ അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തിരുന്നു. പ്രവർത്തകരെ മർദിക്കുകയും പട്ടിക ജാതി കുടുംബങ്ങളിലെ വീടുകളിൽ കയറി ഭീഷണി മുഴക്കുകയും ചെയ്ത മറ്റു 4 പൊലീസുകാർക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് വരും ദിവസങ്ങളിൽ പ്രതിഷേധവുമായി മുന്നോട്ടു പോകാൻ കമ്മിറ്റി തീരുമാനിച്ചത്.