
മരാമത്ത് വകുപ്പും കെഎസ്ഇബി അധികൃതരും ‘ചതിച്ചു’; ‘ജലക്കെണിയിൽ’ 50 കുടുംബങ്ങൾ
തേഞ്ഞിപ്പലം ∙ പള്ളിക്കൽ കാവുംപടിയിൽ മരാമത്ത് വകുപ്പും കെഎസ്ഇബി അധികൃതരും ചതിച്ചപ്പോൾ ‘ജലക്കെണിയിൽ’ അകപ്പെട്ട് 50 കുടുംബങ്ങൾ. റോഡ് നിർമാണത്തിലെയും വൈദ്യുതത്തൂണുകൾ സ്ഥാപിച്ചതിലെയും അപാകതകൾ കാരണമാണ് ജനം ദുരിതം അനുഭവിക്കുന്നത്.
മഴയിൽ മുറ്റത്തും പറമ്പിലും വെള്ളം നിറയുകയാണ്. ചില വീടുകളുടെ അടുക്കളയിൽ വരെ വെള്ളമെത്തുന്നു.
കിണറുകളിൽ കലക്കവെള്ളം ഒഴുകി നിറയുന്നു. മഴ ശമിച്ചാലും ദിവസങ്ങളോളം പലയിടത്തും വെള്ളക്കെട്ട് തുടരുന്നു. വർഷങ്ങളായി എല്ലാ മഴക്കാലത്തും ഈ ദുരിതം ആവർത്തിക്കുകയാണ്.
പരിഹാരം തേടി അധികൃതരെ സമീപിക്കുമ്പോൾ ആരും പരിഹാരം കാണാൻ ഒരു നടപടിയും എടുക്കുന്നില്ലെന്ന് കാവുംപടി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ഇ.കെ.രവീന്ദ്രൻ പറയുന്നു. മഴവെള്ളം വലിഞ്ഞാൽ പിന്നെ വീട്ടു പരിസരമാകെ ചെളിക്കുളമാണ്.
അതു നീക്കലും ബുദ്ധിമുട്ടാണ്. കാവുംപടിയിലെ സ്കൂൾ, ക്ഷേത്രം വളപ്പുകളിലും ചെളിവെള്ളമെത്തുന്നു.
കലുങ്ക് കെണിയായി
കാവുംപടിയിൽ മരാമത്ത് റോഡിലെ കലുങ്കിന് ഒഴുകിയെത്തുന്ന മഴവെള്ളം ഒന്നിച്ച് ഒഴുകാൻ പാകത്തിൽ വിസ്തൃതിയില്ല. റോഡ് 5 കോടി രൂപ മുടക്കി നവീകരിച്ചപ്പോൾ കലുങ്ക് പുനർനിർമിക്കാത്തതാണ് പ്രശ്നമായത്.
പള്ളിക്കൽ ബസാർ അങ്ങാടിക്കടുത്ത് ഓട ആഴം കൂട്ടി വികസിപ്പിക്കേണ്ടതുണ്ട്.
ഒരിടത്ത് ബന്ധിപ്പിക്കാനുമുണ്ട്. ഇക്കാര്യങ്ങളൊന്നും പക്ഷേ, ഇതൊന്നും മരാമത്ത് അധികൃതർ കാര്യമാക്കിയില്ല.
ഓടകൾ നിറയെ മാലിന്യമാണ്. തന്മൂലം നീരൊഴുക്ക് തടസ്സപ്പെടുന്നു.
മഴവെളളപ്പാച്ചിലിനിടെ പലപ്പോഴും ഓട നിറഞ്ഞു കവിയുന്നത് പതിവു കാഴ്ചയാണ്. 1.
പള്ളിക്കൽ കാവുംപടിയിൽ തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന വൈദ്യുതക്കാലുകൾ. 2.
കാവുംപടിയിൽ തോട്ടിലെ വൈദ്യുതക്കാൽ കാരണം മഴവെള്ളം പരന്നൊഴുകുന്നു.
വൈദ്യുതക്കാലും തടസ്സം
ക്ഷേത്രപരിസരത്ത് തോട്ടിൽ 4 വൈദ്യുതക്കാലുകളാണ് ഒരേ സ്ഥലത്ത് കെഎസ്ഇബി നാട്ടിയിട്ടുള്ളത്. ഫീഡർ ലൈനുകൾക്ക് വേണ്ടിയുള്ളതാണിത്.
പക്ഷേ, കാലുകൾ നീരൊഴുക്കിനെ ബാധിക്കുന്നു. 3 വർഷം മുൻപാണ് ഈ പോസ്റ്റുകൾ സ്ഥാപിച്ചത്.
മറ്റൊരിടത്ത് വൈദ്യുതക്കാൽ തോടിന് നടുവിലാണ്. ഇതെല്ലാം വെള്ളം കവിഞ്ഞൊഴുകാൻ കാരണമാകുന്നു.
തോടിന് ആഴമില്ല
കാവുംപടി കലുങ്ക് മുതൽ ക്ഷേത്രക്കുളം പരിസരം വരെ തോടിന് ആഴവും വീതിയും കുറവാണ്. തന്മൂലം മഴവെള്ളം ദിശമാറി ഒഴുകാൻ ഇടയാകുന്നു.
അടുത്ത വർഷം ഈ പ്രശ്നം പള്ളിക്കൽ പഞ്ചായത്ത് ഇടപെട്ട് പരിഹരിക്കുമെന്ന് പ്രസിഡന്റ് സി.കെ.അബ്ബാസ് പറഞ്ഞു. മരാമത്ത് റോഡിലെ കലുങ്ക് പൊളിച്ച് പണിയണമെന്നും ഓട
പ്രശ്നം പരിഹരിക്കണമെന്നും പിഡബ്ല്യുഡി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. പള്ളിക്കൽ ബസാർ, അഴി ഞ്ഞിലശേരി, സ്കൂൾ പടി, കാരപ്പറമ്പ് മേഖലകളിൽ നിന്നുള്ള മഴവെള്ളമാണ് കാവുംപടിയിൽ വെള്ളക്കെട്ടുണ്ടാക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]